എംആർഐ സ്കാനിങ്ങ് മെഷീനിൽ കുടുങ്ങി യുവാവ് മരിച്ചു

Web Desk
Posted on January 28, 2018, 2:18 pm

മുംബൈ: മുംബൈയിൽ എം ആർ ഐ സ്കാനിങ്ങ് മെഷീനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. രാജേഷ് മാരു (32) ആണ് മുംബൈ ബിവൈഎൽനായർ ചാരിറ്റബിൾ ആശുപത്രിയിൽ വച്ചു മരിക്കുന്നത്.

ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജേഷിന്‍റെ ബന്ധുവിന് എം.ആര്‍.ഐ സ്കാനിംഗ് ചെയ്യണമെന്ന് നിര്‍ദേശിച്ചത് അനുസരിച്ച് സ്കാനിംഗ് നടത്തുന്ന മുറിയിലേക്ക് രോഗിക്കൊപ്പം രാജേഷും എത്തി. രോഗിയുടെ ഓക്സിജന്‍ സിലിണ്ടര്‍ രാജേഷായിരുന്നു പിടിച്ചിരുന്നത്. സ്കാനിംഗ് മെഷീനിന്‍റെ അടുത്ത് നിന്ന രാജേഷ് മെഷീനിന് ഉള്ളിലേക്ക് വലിച്ചെടുക്കപ്പെടുകയായിരുന്നു. മെഷീനിന്‍റെ കാന്തിക ബലം മൂലമാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്കാനിംഗ് മെഷീന് സമീപം ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകുന്നത് അപകടത്തിന് ഇടയാക്കുമെന്ന് ആശുപത്രി ജീവനക്കാര്‍ക്ക് അറിയാമായിരുന്നിട്ടും മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മെഷീനിനുള്ളില്‍ വലിച്ചെടുക്കപ്പെട്ട് രണ്ട് മിനിറ്റിനകം മരണം സംഭവിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു.

രാജേഷിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജെ.ജെ ആശുപത്രിയിലേക്ക് മാറ്റി.