Web Desk

മുംബൈ

June 10, 2020, 9:24 am

വുഹാനെ കടത്തിവെട്ടി മുംബൈയില്‍ കോവിഡ് രോഗികളുടെ എണ്ണം51,100 ആയി

Janayugom Online

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ കോവിഡ് രോഗികളുടെ എണ്ണം 51,100 കടന്നു. 1,760 പേര്‍ മരണത്തിന് കീഴടങ്ങി. അതിനിടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ രോഗികളുടെ എണ്ണം കുറയുന്നത് തെല്ലൊരു പ്രതീക്ഷ പകരുന്നു.

ചൈനയിലെ വുഹാനിലെ രോഗികളെക്കാള്‍ ഏകദേശം 700 രോഗികളുടെ വര്‍ദ്ധനയാണ് ഇപ്പോള്‍ മുംബൈയില്‍ ഉണ്ടായിരിക്കുന്നത്. ലോകത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനില്‍ 50,333 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,869 പേര്‍ മരണത്തിന് കീഴടങ്ങി.

രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ഹോട്ട്സ്പോട്ടായ മഹാരാഷ്ട്രയിലെ മൊത്തം രോഗികളുടെ എണ്ണം 90,000 കടന്നു.90,787 ആണ് ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം. ഇതില്‍ 42,638 പേര്‍ രോഗമുക്തി നേടി. രോഗികളുടെ എണ്ണവും ചൈനയെക്കാള്‍ കൂടുതലാണ്. ചൈനയിലെ മൊത്തം രോഗികളുടെ എണ്ണം 84,000 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മഹാരാഷ്ട്രയില്‍ 2,259 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണത്തിന്റെ മൂന്നിലൊന്നും ഇവിടെയാണ് എന്നര്‍ത്ഥം. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 9,987 ആണ്. ഒറ്റ ദിവസം കൊണ്ട് ഇവിടെ മരിച്ചവരുടെ എണ്ണം 120 ആണ്. ഇതും രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. 3,289 ആണ് രാജ്യത്തെ ആകെ മരണനിരക്ക്.

അടച്ചുപൂട്ടല്‍ ഇളവുകള്‍ നല്‍കിയതിന് തൊട്ടുപിന്നാലെയാണ് മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഇത്രയും വര്‍ദ്ധിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പതിനഞ്ച് ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ മുതല്‍ പത്ത് ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാനും അനുവദിച്ചിരുന്നു.

പ്ലമ്പര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, അണുനാശനം നടത്തുന്ന സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. എന്നാല്‍ സാമൂഹ്യ അകലം പാലിക്കുന്നതടക്കമുള്ള മുന്‍കരുതലുകള്‍ പാലിക്കണമെന്ന നിര്‍ദ്ദേശവുമുണ്ടായിരുന്നു.
എന്നാല്‍ ആരാധനാലയങ്ങളോ കച്ചവട സമുച്ചയങ്ങളോ ഹോട്ടലുകളോ റെസ്റ്റോറന്റുകളോ തുറന്നിട്ടില്ല. എന്നാല്‍ രാജ്യത്ത് മറ്റിടങ്ങളില്‍ ഇവ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ‌ാഴ്ച തന്നെ രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചൈനയെ പിന്തള്ളിയിരുന്നു. രാജ്യത്ത് രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നപ്പോഴാണ് ചൈനയെ മഹാരാഷ്ട്ര മറികടന്നത്.

eng­lish sum­ma­ry: Mum­bai, With 51,100 Coro­n­avirus Cas­es, Cross­es Wuhan

you may also like this video: