Web Desk

പനാജി

March 13, 2021, 9:52 pm

ഐഎസ്എല്ലില്‍ മുംബൈക്ക് കന്നിക്കിരീടം

Janayugom Online

ഐഎസ്എല്‍ കിരീടം മുംബൈ സിറ്റിക്ക്. എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് മുംബൈ ആദ്യ കിരീടം സ്വന്തമാക്കിയത്. ആഡം ലെ ഫോന്‍ഡ്രേയെ ആക്രമണത്തിന് നിയോഗിച്ച് 4–2‑3–1 ഫോര്‍മേഷനിലായിരുന്നു മുംബൈയുടെ പടപ്പുറപ്പാട്. ഡേവിഡ് വില്യംസും റോയ് കൃഷ്‌ണയും സ്‌ട്രൈക്കര്‍മാരായി ഇറങ്ങിയപ്പോള്‍ 3–5‑2 ശൈലിയില്‍ അഞ്ച് താരങ്ങളെ എടികെ മധ്യനിരയില്‍ പരീക്ഷിച്ചു. 11-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ ശ്രമം വന്നത്. മോഹന്‍ ബഗാന്റെ ഹാവി ഹെര്‍ണാണ്ടസ് എടുത്ത ഫ്രീകിക്ക് മുംബൈ പോസ്റ്റില്‍ തട്ടിത്തെറിച്ചു. തകര്‍പ്പന്‍ ഫ്രീകിക്കാണ് ഹെര്‍ണാണ്ടസ് എടുത്തത്. 15-ാം മിനിറ്റില്‍ മുംബൈക്ക് ലഭിച്ച ഫ്രീക്കിക്കും വല തൊട്ടില്ല. തൊട്ടുപിന്നാലെ റോയ്‌ കൃഷ്‌ണയുടെ ഷോട്ട് അമരീന്ദര്‍ തട്ടിയകറ്റി. എന്നാല്‍ 18ാം മിനിറ്റില്‍ ഡേവിഡ് വില്യംസ് എടികെയെ മുന്നിലെത്തിച്ചു. 

അഹ്‌മദ് ജാഹുവിന്റെ പിഴവില്‍ പന്ത് റാഞ്ചിയ റോയ് കൃഷ്‌ണ വഴിവെട്ടിയപ്പോള്‍ ബുള്ളറ്റ് ഷോട്ട് പായിക്കുകയായിരുന്നു വില്യംസ്. എന്നാല്‍ 28-ാം മിനിറ്റില്‍ മുംബൈ സമനില ഗോള്‍ നേടി. മോഹന്‍ ബഗാന്‍ പ്രതിരോധതാരം ടിറിയുടെ സെല്‍ഫ് ഗോളിലൂടെയാണ് മുംബൈ സമനില നേടിയത്. ബിപിന്‍ സിങ്ങിന് നേരെ വന്ന ലോങ് പാസ് ക്ലിയര്‍ ചെയ്യാനായി ശ്രമിച്ച ടിറിയുടെ ഹെഡ്ഡര്‍ ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റിലേക്ക് തന്നെ പതിക്കുകയായിരുന്നു. ഇത് തട്ടിയകറ്റാന്‍ ഗോള്‍കീപ്പര്‍ അരിന്ധം ഭട്ടാചാര്യയ്ക്ക് കഴിഞ്ഞില്ല. ഇതോടെ സ്‌കോര്‍ 1–1 എന്ന നിലയിലായി.

രണ്ടാം പകുതിയില്‍ ഇരുടീമും ശക്തമായ പ്രതിരോധം തീര്‍ത്തതോടെ ഗോള്‍ നേടാന്‍ ഏറെ ബുദ്ധിമുട്ടി. 71-ാം മിനിറ്റില്‍ ഫോന്‍ഡ്രേയുടെ പകരക്കാരനായി ഓഗ്‌ബെച്ചേയെ മുംബൈ ഇറക്കി. തൊട്ടുപിന്നാലെ ഹാവി ഹെര്‍ണാണ്ടസിന്റെ ബുള്ളറ്റ് ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചു. എന്നാല്‍ മുംബൈക്ക് രക്ഷകനായി ബിപിന്‍ സിങ് അവതരിക്കുകയായിരുന്നു. 90ാം മിനിറ്റിലാണ് താരത്തിന്റെ ഗോള്‍. 

ENGLISH SUMMARY:mumbai won isl match
You may also like this video