19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 14, 2025
April 14, 2025
April 12, 2025
April 12, 2025
April 7, 2025
March 26, 2025
March 26, 2025
March 25, 2025
March 24, 2025

മുനമ്പം: നുണലുകുത്തി പുണ്ണാക്കുമ്പോള്‍

അഡ്വ. രഞ്ജിത്ത് തമ്പാന്‍
March 24, 2025 4:45 am

എറണാകുളം ജില്ലയിലെ മുനമ്പം മേഖലയില്‍ കോഴിക്കോട്‌ ഫറോക്ക് കോളജിന്റെ ഉടമസ്ഥാവകാശത്തില്‍ ഉണ്ടായിരുന്ന 404 ഏക്കര്‍ സ്ഥലത്തിന്റെ ഇപ്പോഴത്തെ അവകാശികളെ സംബന്ധിച്ചും അത്‌ വഖഫ്‌ വസ്തുവാണോ എന്നത്‌ സംബന്ധിച്ചും വലിയ കോലാഹലങ്ങളാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നൂറോളം കൊല്ലങ്ങളായി അവിടെ താമസിക്കുന്നവര്‍ കുടിയിറക്കുഭീഷണിയിലും, വിലയാധാരമായി വാങ്ങിയ കുടികിടപ്പുകളില്‍ നിന്ന് ഒഴിപ്പിക്കുമോ എന്നുള്ള ഭയത്തിലുമാണ് അവിടെ കഴിയുന്നത്. 

മുനമ്പം പ്രശ്നം വലിയ സാമുദായിക തര്‍ക്കത്തിനും വര്‍ഗീയ ചേരിതിരിവിനും കേരളത്തിലാകെ വഴിയൊരുക്കിയിട്ടുള്ളതാണല്ലോ. എന്നാല്‍ ഈ പ്രശ്നം സംസ്ഥാനസര്‍ക്കാരിന്‌ വളരെ പെട്ടെന്ന്‌ പരിഹരിക്കാവുന്നതാണ്. 1904ല്‍ തിരുവിതാംകൂര്‍ രാജാവ്, അബ്‌ദുള്‍ സത്താര്‍ സേട്ട്‌ എന്ന വ്യക്തിക്ക്‌ കൈമാറ്റം ചെയ്തതാണ്‌ മുനമ്പത്തെ 404 ഏക്കര്‍ ഭൂമി. (സര്‍ക്കാര്‍ പാട്ടമായിട്ടാണ്‌ സേട്ടുവിന്‌ കൊടുത്തത്‌ എന്നും ഉടമസ്ഥാവകാശമാണെന്നും വാദമുണ്ട്‌). 1948ന്‌ സേട്ടുവിന്റെ അനന്തരാവകാശികള്‍ക്ക്‌ മേല്പറഞ്ഞ ഭൂമി വന്നുചേരുകയും, അനന്തരാവകാശിയായ സിദ്ദിക്ക്‌ സേട്ട്‌ 1950ല്‍ ഈ ഭൂമി കോളജ്‌ സ്ഥാപിക്കുവാനായി കോഴിക്കോട്ടുള്ള ‌ കോളജ്‌ അധികാരികള്‍ക്ക്‌ ദാനാധാരമായി വഖഫ്‌ ചെയ്‌തു കൊടുത്തതായും കാണുന്നു. 

ഉടമസ്ഥാവകാശം ഫറോക്ക് കോളജിന് കിട്ടിയതിന് വളരെ മുമ്പുതന്നെ ഈ സ്ഥലത്ത്‌ നൂറുകണക്കിന്‌ കുടുംബങ്ങള്‍ വീടുവച്ച്‌ താമസിച്ചിരുന്നു. ഉടമസ്ഥാവകാശം ലഭിച്ച ഫറോക്ക് കോളജ്‌ അധികൃതര്‍ 1960കളില്‍ മേല്പറഞ്ഞ കുടുംബങ്ങളെ ഒഴിപ്പിക്കുവാന്‍ പറവൂര്‍ സബ്‌ കോടതിയില്‍ വ്യവഹാരം കൊടുത്തു. കേസിനൊടുവില്‍ കോളജ്‌ അധികൃതര്‍, സ്ഥലത്ത്‌ താമസിച്ചിരുന്നവര്‍ക്ക്‌ കൈവശമുള്ള ഭൂമികളില്‍ ഉടമസ്ഥാവകാശം നല്‍കി. ഉടമസ്ഥാവകാശം കിട്ടിയ താമസക്കാര്‍ അവരുടെ ഭൂമി റവന്യു-വില്ലേജ്‌ രേഖകളില്‍ പോക്കുവരവ്‌ നടത്തി ഉടമസ്ഥരായി മാറുകയും ചെയ്തു. അങ്ങനെയിരിക്കെയാണ്‌ 2009ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച “നിസാര്‍” കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിലയാധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്‌ വഖഫ്‌ ബോര്‍ഡിന്റെ അനുമതിയോടെയല്ലാത്തതിനാല്‍ ഈ ഭൂമി വഖഫ്‌ ഭൂമിയായി തുടരുകയാണെന്ന്‌ കാണിച്ച്‌ വഖഫ്‌ ബോര്‍ഡ്‌ റവന്യു വകുപ്പിനോട്‌ ഭൂമിയുടെ നികുതി സ്വീകരിക്കരുതെന്ന്‌ ആവശ്യപ്പെട്ടത്.

എന്നാല്‍ 2022ല്‍ കേരള സര്‍ക്കാര്‍ വഖഫ്‌ ബോര്‍ഡിന്റെ ഉത്തരവ്‌ തള്ളി നികുതി സ്വീകരിക്കുവാന്‍ ഉത്തരവിട്ടു. റവന്യു വകുപ്പിന്റെ ഈ നടപടിക്കെതിരെ, വഖഫ്‌ ബോര്‍ഡ് ഹൈക്കോടതിയില്‍ പോകുകയും ഹൈക്കോടതിയുടെ ഉത്തരവ്‌ പ്രകാരം വസ്‌തുക്കളുടെ ഭൂനികുതി സ്വീകരിക്കുവാന്‍ സര്‍ക്കാരിന്‌ തടസമുണ്ടാകുകയും ചെയ്തു. ഈ പ്രശ്നം പഠിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ കമ്മിഷനെ നിയമിച്ചത്‌. ആ നടപടിയാണ്‌ ഇപ്പോള്‍ ഹൈക്കോടതി റദ്ദ്‌ ചെയ്തത്‌. 

ഈ പ്രശ്നം കേരള ഭൂപരിഷ്കരണനിയമത്തിന്റെ പരിധിയില്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണ്‌ എന്നാണ്‌ ഈ ലേഖകന്റെ അഭിപ്രായം. കേരള ഭൂപരിഷ്കരണനിയമത്തിലെ 83-ാം വകുപ്പ്‌ പ്രകാരം യാതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ പരിധിയില്‍ കൂടുതലുള്ള ഭൂമി കൈവശം വയ്ക്കുവാന്‍ അവകാശമില്ല. 82-ാം വകുപ്പുപ്രകാരം കേരളത്തില്‍ കൈവശം വയ്ക്കാവുന്ന പരാമാവധി ഭൂമി 15 ഏക്കറാണ്‌. കോളജിന് കോഴിക്കോട്‌ തന്നെ 15 ഏക്കറില്‍ കൂടുതല്‍ ഭൂമിയുണ്ട്‌ എന്നാണ്‌ അറിയുന്നത്‌. അങ്ങനെയിരിക്കെ കോളജിന്‌ മുനമ്പത്തെ 404 ഏക്കര്‍ ഭൂമി കൈവശം വയ്ക്കുവാന്‍ അധികാരമില്ല. അത്‌ അധികഭൂമിയാണ്‌. 

ഭൂപരിഷ്കരണ നിയമത്തിലെ 81 (1) (ടി) വകുപ്പുകള്‍ പ്രകാരം വഖഫ്‌ അടക്കമുള്ള പബ്ലിക്‌ ട്രസ്റ്റുകള്‍ക്ക്‌ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി ഭൂപരിധിയില്‍ ഇളവുണ്ട്‌. പക്ഷെ ഇളവ്‌ വ്യവസ്ഥ ബാധകമാകണമെങ്കില്‍ അധിക ഭൂമിയില്‍ നിന്നും കിട്ടുന്ന മുഴുവന്‍ വരുമാനവും ട്രസ്റ്റിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ടതാണ്‌. ഇക്കാര്യത്തില്‍ കോളജ്‌ ഭൂമിയില്‍ നിന്നുള്ള വരുമാനം മാത്രമല്ല, ഭൂമി തന്നെ വിലയ്ക്കുവിറ്റ സ്ഥിതിക്ക്‌ നിയമപ്രകാരമുള്ള ഇളവിന്‌ അര്‍ഹതയില്ല. സുപ്രീം കോടതിയുടെ 2008ലെ നജീബ് വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (4) എസ്‌സിസി 242 വിധിയില്‍ വഖഫ്‌ ഭൂമിക്ക്‌ ഭൂപരിഷ്കരണനിയമത്തില്‍ നിന്നും “ഓട്ടോമാറ്റിക് എക്സംപ്ഷന്‍” ഇല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്‌. 81 (1) (ടി) വകുപ്പിലെ വ്യവസ്ഥകള്‍ക്കു വിധേയമായേ ഇളവ്‌ പരിഗണിക്കുവാന്‍ പറ്റുകയുള്ളൂ എന്നും പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ടുതന്നെ മുനമ്പത്തെ ഭൂമി കോളജിന്‌ ഉടമസ്ഥാവകാശമായി വയ്ക്കുവാന്‍ കഴിയില്ല. 

ഭൂപരിഷ്കരണ നിയമപ്രകാരം താലൂക്ക്‌ താലൂക്ക് ലാന്‍‍ഡ് ബോര്‍ഡ് സ്വമേധയാ സീലിങ് നടപടി എടുക്കേണ്ടതും സമയബന്ധിതമായി കോളജിനെയും സ്ഥലത്തെ താമസക്കാരെയും കേട്ടശേഷം നിയമത്തിന്റെ 86-ാം വകുപ്പ്‌ പ്രകാരം സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കാവുന്നതാണ്‌. അപ്രകാരം മുനമ്പത്തെ മുഴുവന്‍ ഭൂമിയും 1970ലെ കേരള ഭൂപരിഷ്കരണ (നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും) നിയമപ്രകാരം കൈവശക്കാര്‍ക്ക്‌ ഉടമസ്ഥാവകാശം പതിച്ചുകൊടുക്കാവുന്നതാണ്‌. 

നിയമനടപടി കൂടാതെയും കേരള ഭൂപരിഷ്കരണനിയമത്തിന്റെ ഏഴ് എ വകുപ്പുപ്രകാരം 1969ന്‌ മുമ്പ്‌ പത്ത്‌ കൊല്ലത്തില്‍ കൂടുതലായി ഒരു വ്യക്തി അയാള്‍ താമസിക്കുന്ന ഭൂമി സര്‍ക്കാര്‍ പുറമ്പോക്കാണെന്ന്‌ ഉത്തമ വിശ്വാസത്തില്‍ വീടുവച്ച്‌ താമസിക്കുകയാണെങ്കില്‍, പിന്നീട്‌ അത്‌ സ്വകാര്യവക്തിയുടേതാണെന്ന്‌ കോടതിവിധി വന്നാല്‍പ്പോലും കുടിയായ്‌മ അവകാശമുള്ളതാണ്‌. 1960ല്‍ ‌ കോളജിന്‌ വസ്‌തു കിട്ടുന്നതിന്‌ വളരെ മുമ്പുതന്നെ ഭൂമിയില്‍ ഇപ്പോഴുള്ള താമസക്കാരോ അവരുടെ മുന്‍ഗാമികളോ താമസമാണെന്നിരിക്കെ, പറവൂര്‍ കോടതിയില്‍ കോളജ്‌ നല്‍കിയ ഹര്‍ജിയിലൂടെയാണ്‌ അവരുടെ ഉടമസ്ഥാവകാശം സ്ഥാപിച്ച്‌ വിധി വരുന്നത്‌. അതുകൊണ്ട്‌ ഇപ്പോഴത്തെ താമസക്കാര്‍ക്ക്‌ ഭൂപരിഷ്കരണ നിയമം ഏഴ് എ വകുപ്പു പ്രകാരം കുടിയായ്‌മാ അവകാശം ഉള്ളതാണ്‌. ഈ വകുപ്പനുസരിച്ച്‌ താമസിക്കുന്ന സ്ഥലത്തിന്‌ 1969ന്‌ പത്ത്‌ കൊല്ലത്തിന്‌ മുമ്പ്‌ വില കൊടുത്തിട്ടുണ്ടെങ്കിലും കുടിയായ്‌മ അവകാശമുള്ളതാണ്‌. 

ഇങ്ങനെ കുടിയായ്‌മ അവകാശമുള്ളവര്‍ക്ക്‌ കേരള ഭൂപരിഷ്കരണ ചട്ടങ്ങള്‍ പ്രകാരം ലാന്‍ഡ് ബോര്‍ഡിന് സ്വമേധയാ നടപടിയെടുത്ത്‌ പട്ടയം കൊടുക്കാവുന്നതാണ്‌. മേല്പറഞ്ഞ ഭൂമി യഥാര്‍ത്ഥത്തില്‍ തിരുവിതാംകൂര്‍ രാജാവ്‌ സത്താര്‍ സേട്ടിന്‌ പാട്ടമായിട്ടാണ്‌ നല്‍കിയിട്ടുള്ളതെങ്കില്‍ പാട്ട അവകാശം കേരള സര്‍ക്കാരിന്‌ സത്താര്‍ സേട്ടിന്റെ കൈമാറ്റക്കാരായ ‌ കോളജിന്‌ നോട്ടീസ്‌ കൊടുത്ത് റദ്ദാക്കാവുന്നതാണ്‌. ഇപ്രകാരം സുതാര്യമായ നിയമവ്യവസ്ഥകള്‍ ഉള്ളപ്പോഴാണ്‌ പ്രശ്നം പരിഹരിക്കുന്നതിനുപകരം ആളിക്കത്തിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ ചെയ്യുന്നത്‌. കേവലം ചെറിയ സാങ്കേതിക നിയമപ്രശ്നം മാത്രമുള്ള വിഷയം പരിഹരിച്ച്‌ സാമൂഹ്യാന്തരീക്ഷം മലിനമാക്കുന്നത്‌ ഒഴിവാക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ എടുക്കേണ്ടതാണ്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.