മുനമ്പം മനുഷ്യക്കടത്ത്; കറന്‍സി വിനിമയ കേന്ദ്രത്തില്‍ പരിശോധന

Web Desk
Posted on January 30, 2019, 8:30 pm

ഗുരുവായൂര്‍:  മുനമ്പം മനുഷ്യകടത്തില്‍ ഉള്‍പ്പെട്ടവര്‍ വിദേശ കറന്‍സി വിനിമയം നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂരിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പില്‍ പോലീസ് പരിശോധന നടത്തി.

കിഴക്കേനടയില്‍ ബസ്റ്റാന്‍ഡിന് മുന്നിലുള്ള സ്ഥാപനത്തിലാണ് കൊടുങ്ങല്ലൂര്‍ സി.ഐ പി.കെ.പത്മരാജന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തിയത്. മുനമ്പത്ത് നിന്ന് ഈ മാസം 12ന് ന്യൂസിലാന്റിലേക്ക് കടന്ന സംഘത്തിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ 91 പേര്‍ എട്ടുദിവസം ഗുരുവായൂരില്‍ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ ശ്രീലങ്കന്‍ കറന്‍സി മാറിയെടുത്തുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെന്ന വ്യാജേനയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘം ഈ മാസം നാല് മുതല്‍ 11 വരെ മൂന്ന് ലോഡ്ജുകളിലായി താമസിച്ചത്. ബസ്റ്റാന്‍ഡിനടുത്തുള്ള ഈ മൂന്ന് ഹോട്ടലുകളിലും കഴിഞ്ഞ 19ന് പോലീസ് പരിശോധന നടത്തിയിരുന്നു. താമസക്കാര്‍ ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയില്‍ കാര്‍ഡിന്റെ കോപ്പിയും സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. എ.എസ്.ഐ. പി.ജെ.ഫ്രാന്‍സിസ്, സീനിയര്‍ സി.പി.ഒ. സി.ആര്‍.പ്രതീപ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്കെത്തിയത്.