Web Desk

January 11, 2021, 5:18 pm

നഗരസഭ- ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍; കോ-ലി-ബി സഖ്യങ്ങള്‍

Janayugom Online

നഗസഭാ- ഗ്രാമപഞ്ചായത്ത് ഭരണസമിതികളിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുകളില്‍ കോ-ലി-ബി സഖ്യം പുറത്തു വന്നിരിക്കുന്നു. എല്‍ഡിഎഫിനെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ അവിശുദ്ധകൂട്ടു കെട്ട്. തൊടുപുഴ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപിയുമായി യുഡിഎഫിൻ്റെ പരസ്യ കൂട്ടുകച്ചവടമാണ് നടന്നത് . ഇരുകൂട്ടരും പരസ്പരം വോട്ടുകൾ നൽകി സ്റ്റാൻഡിങ് കമ്മിറ്റികളിലേക്ക് വിജയിച്ചു. മുസ്ലിം ലീഗിൻ്റെ ഒരു പ്രതിനിധി മാത്രം ബിജെപിയുമായുള്ള ബന്ധത്തിൽ നിന്നും വിട്ടു നിന്നു. ലീഗിൻ്റെ മറ്റ് കൗൺസിലർമാർ ബിജെപിക്ക് വോട്ട് ചെയ്തതോടെ തങ്ങള്‍ക്ക് അനുകൂലമായി വോട്ടു ചെയ്ത വാർഡിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. 

ലീഗിന് ആദര്‍ശമല്ല മറിച്ച് അധികാരമാണ് വലുതെന്നു തെളിഞ്ഞിരിക്കുന്നു. തൊടു പുഴയില്‍ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് വിജയിക്കാൻ കേവല ഭൂരിപക്ഷമില്ലാത്ത യുഡിഎഫ് ബിജെപിയുമായി ധാരണയിൽ എത്തുകയായിരുന്നു. ആറ് സ്റ്റാൻഡിങ് കമ്മിറ്റികളിൽ മൂന്നെണ്ണം വീതം ഇരുപക്ഷവും പങ്കിട്ടെടുത്തു. ഇവിടെ എൽഡിഎഫ് ‑14, യുഡിഎഫ് ‑13, ബിജെപി — എട്ട് എന്നിങ്ങനെയാണ് നഗരസഭാ കക്ഷിനില. സ്റ്റാൻഡിങ് കമ്മിറ്റിയിലെ തോൽവി ഉറപ്പായതോടെയാണ് യുഡിഎഫ് ബിജെപിയുമായി ധാരണ ഉണ്ടാക്കിയത്. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. കുമാരമംഗലം ഗ്രാമപഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞടുപ്പിലും കോൺഗ്രസ്‌ ബിജെപി സഖ്യം മറനീക്കി. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് കോൺഗ്രസ് വോട്ടുകളുടെ പിൻബലത്തോടെ രണ്ട് ബിജെപി അംഗങ്ങൾ വിജയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് മത്സരിച്ച രണ്ട് യുഡിഎഫ് അംഗങ്ങളും സ്വതന്ത്ര അംഗവും ബിജെപി വോട്ട് നേടിയും വിജയിച്ചുഎൽഡിഎഫ് അംഗങ്ങൾ സ്റ്റാൻഡിങ് കമ്മിറ്റിയിൽ എത്താതിരിക്കാനാണ് ബിജെപിയുമായി യുഡിഎഫ് കൂട്ടുകെട്ട് ഉണ്ടാക്കിയത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെര‍ഞ്ഞെടുപ്പു വേളയില്‍ തന്നെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണ നിലനിന്നിരുന്നു. കോണ്‍ഗ്രസിന്‍റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷവും ഈ കൂട്ടുകെട്ട് നിലനില്‍ക്കുന്നതിനുള്ള പ്രധാന തെളിവാണ് ഈ കൂട്ടുകെട്ട്. നിയമസഭാതെരഞെടുപ്പിലും പരസ്പരം സഹകരിക്കുന്നതിനു മുന്നോടിയാണ് ഇപ്പോള്‍ കാണുന്നത്. സംസ്ഥാനത്തെ പല പ്രാദേശിക സര്‍വീസ് സഹകരണബാങ്കുകളിലും കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടു പരസ്യമായി തന്നെയുണ്ട്.

ENGLISH SUMMARY:Municipal and Gra­ma Pan­chay­at Stand­ing Com­mit­tees lat­est news
You may also like this video