Web Desk

കൊച്ചി

July 28, 2021, 5:29 pm

തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കൊന്നത് നഗരസഭ അധികൃതരുടെ അറിവോടെ; അമിക്കസ്ക്യൂറി

Janayugom Online

തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കൊന്നത് നഗരസഭ അധികൃതരുടെ അറിവോടെയെന്ന് അമിക്കസ്ക്യൂറി. നായ്ക്കളെ കൊന്ന ജീവനക്കാരുടെ മൊഴികൾ നഗര സഭ ഉദ്യോഗസ്ഥർക്കെതിരെ ആണെന്നും അമിക്കസ്ക്യൂറി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ മൊഴി എടുക്കുമെന്ന് ഹൈക്കോടതി നിയമിച്ച അമിക്കസ്ക്യൂറി അഡ്വക്കേറ്റ് സുരേഷ് മേനോൻ പറഞ്ഞു. തിങ്കളാഴ്ച്ചക്കകം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും അമിക്കസ്ക്യൂറി വ്യക്തമാക്കി.

തൃക്കാക്കര നഗരസഭാ അധികൃതരെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് അമിക്കസ്ക്യൂറിക്ക് നായയെ കൊലപ്പെടുത്തിയവർ നൽകിയ മൊഴി. നഗരസഭയിലെ ഉദ്യോഗസ്ഥരാണ് തെരുവുനായ്ക്കളെ കൊല്ലാൻ നിർദ്ദേശം നൽകിയത്. ഇതിനുവേണ്ട മരുന്ന് നഗരസഭ നൽകി. താമസിക്കുന്നതിന് സൗകര്യവും നഗരസഭ ഉദ്യോഗസ്ഥരാണ് ഏർപ്പാടാക്കി നൽകിയതെന്നും അമിക്കസ്ക്യൂറിക്ക് ഇവർ മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ മൊഴി രേഖപ്പെടുത്താൻ അമിക്കസ്ക്യൂറി തീരുമാനിച്ചത്.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറോട് ചോദ്യം ചെയ്യലിനായി ഹാജരാകാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇയാൾ ഇതുവരെ ഹാജരായിട്ടില്ല. മുൻകൂർ ജാമ്യത്തിനായി സജികുമാർ ഹൈക്കോടതിയെ സമീപിച്ചു. നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവരെ സഹായിക്കാനാണ് തനിക്കെതിരെയുള്ള മൊഴിയെന്ന് സജികുമാർ മുൻകൂർ ജാമ്യ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുള്ളത്.

നായ്ക്കളെ കൊലപ്പെടുത്തിയ കോഴിക്കോട് മാറാട് സ്വദേശികളായ പ്രബീഷ്, രഘു, രഞ്ജിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓരോ നായയെയും പിടികൂടുന്നതിന് ഉദ്യോഗസ്ഥർ കൂലി നൽകിയിരുന്നതായി ഇവർ പൊലീസിനു നൽകിയ മൊഴി. നഗരസഭയുടെ കമ്മ്യണിറ്റിഹാളിൽ താമസസൗകര്യമോരുക്കിയതും ഉദ്യോഗസ്ഥർ ആണെന്നും അറസ്റ്റിലായവർ പറഞ്ഞിട്ടുണ്ട്.

Eng­lish Sum­ma­ry: Munic­i­pal author­i­ties know of killing street dogs in Thrikkakara; Ami­cas­curi

You may like this video also