നഗരസഭകളും മാലിന്യസംസ്കരണവും

കെ പ്രകാശ്ബാബു

ജാലകം

Posted on September 13, 2020, 5:28 am

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്കരണത്തിന് ലോകബാങ്കിന്റെ സഹായത്തോടുകൂടി ”കേരള സ്റ്റേറ്റ് വെയ്സ്റ്റ് മാനേജ്മെന്റ് പ്രോജക്ട്” എന്ന ഒരു പദ്ധതി ഈ വർഷം നടപ്പിലാക്കാൻ പോകുകയാണ്. 1,470 കോടി രൂപ ലോകബാങ്കും 630 കോടി രൂപ സംസ്ഥാന സർക്കാരും നൽകിയാണ് 2,100 കോടി രൂപയുടെ ഈ പ്രോജക്ട് നടപ്പിലാക്കുന്നത് എന്ന് സെപ്റ്റംബർ അഞ്ചിന് മുഖ്യമന്ത്രി വെളിപ്പെടുത്തുകയുണ്ടായി.

മാലിന്യ സംസ്കരണത്തിനും ശുചീകരണത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധിക വിഭവ സമാഹരണത്തിന് ഒരു പുതിയ സഹായംകൂടി ലഭിക്കുകയാണ്. ആ സഹായം ജനങ്ങൾക്ക് ഏറെക്കുറെ ശാശ്വതമായി പ്രയോജനം ചെയ്യുന്ന നിലയിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരു മുതൽക്കൂട്ടായും മെഷീനറികൾക്ക് കേടുപാടുണ്ടായാൽ പുനരുപയോഗം ഉറപ്പാക്കത്തക്ക നിലയിലും ഉപയോഗപ്പെടുത്താൻ കഴിയണം. ഈ ലോകബാങ്ക് സഹായത്തിന് പതിവ് നിബന്ധനകളോ കാണാചരടുകളോ ഇല്ലായെന്നത് സംസ്ഥാന ഗവൺമെന്റ് വ്യക്തമാക്കിയിട്ടുമുണ്ട്.

ജൈവമാലിന്യങ്ങൾ വീടുകളിലും ഉറവിടങ്ങളിലും സംസ്കരിക്കുകയെന്നത് കേരളത്തിലെ ജനങ്ങളുടെ ബോധമണ്ഡലത്തിൽ ഇനിയും വേണ്ടത്ര ഇടംപിടിച്ചിട്ടില്ലാത്ത ഒരു സമസ്യയായി നിലനിൽക്കുകയാണ്. സ്വന്തം വീട്ടിലെ ഖരജൈവ മാലിന്യങ്ങളും ചപ്പു ചവറുകളും ശേഖരിച്ച് പൊതുവഴിയിലോ മറ്റുള്ളവരുടെ സ്ഥലങ്ങളിലോ ഇടുന്നതിൽക്കൂടി തന്റെ വൃത്തിയെക്കുറിച്ച് ആത്മസംതൃപ്തിയടയുകയാണ് നമ്മളിൽ പലരും. വ്യക്തി ശുചിത്വത്തിൽ കാണിക്കുന്ന ശുഷ്കാന്തി സാമൂഹ്യ ശുചിത്വത്തിൽ ഒട്ടുമേയില്ല എന്നതാണ് സത്യം. തൽഫലമായി ഗ്രാമങ്ങളിലും നഗരങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടുകയും പകർച്ചവ്യാധികളും മാറാരോഗങ്ങളും പടർന്നുപിടിക്കാൻ ഒരു പരിധിവരെ കാരണമാവുകയും ചെയ്യുന്നു.

മാലിന്യ സംസ്കരണവും ശുചീകരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലകളിൽ ഉൾപ്പെടുന്നവയാണ്. ഖര, ജൈവ മാലിന്യങ്ങളുടെ ഉല്പാദനവും സംസ്കരണവും നഗരപ്രദേശങ്ങളിൽ എന്നും സങ്കീർണതകളുള്ള പ്രശ്നങ്ങളാണ്. 1994 ലെ പഞ്ചായത്ത്‌രാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ ഒരു പരിധിവരെ ഇതിനുള്ള നിയമ നടപടികളെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്.

1994 ലെ കേരളാ മുനിസിപ്പൽ നിയമത്തിൽ അധികാര വികേന്ദ്രീകരണ കമ്മിറ്റി നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ 1999 ൽ സമഗ്രമായ ചില മാറ്റങ്ങൾ കൊണ്ടുവന്നു. നിയമത്തിന്റെ 326 മുതൽ 345 വരെ വകുപ്പുകളിൽ ഖരമാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യ സംസ്കരണത്തിന്റെ വിവിധ വ്യവസ്ഥകൾ വിശദീകരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു വകുപ്പാണ് 334. ചവറും അസഹ്യതയുമുണ്ടാക്കുന്ന വസ്തുക്കളും മാലിന്യങ്ങളും വാണിജ്യ വർജ്യ വസ്തുക്കളും, പ്രത്യേക മാലിന്യങ്ങളും, ആപൽക്കരമായ മാലിന്യങ്ങളും വലിയ അളവിൽ അടിഞ്ഞുകൂടിയിട്ടുള്ള ഒരു ഫാക്ടറിയോ, മാർക്കറ്റോ, വ്യാപാര പരിസരമോ, ഒരു ഹോട്ടലോ, റെസ്റ്റോറന്റോ, ആശുപത്രിയോ നഴ്സിംഗ് ഹോമോ, കശാപ്പുശാലയോ ഉണ്ടെങ്കിൽ അവയുടെ ഉടമസ്ഥനോടോ കൈവശക്കാരനോടോ, നഗരസഭ സെക്രട്ടറിക്ക് നോട്ടീസ്‌മൂലം, ആ മാലിന്യങ്ങൾ ശേഖരിച്ച് നിർദ്ദേശിക്കുന്ന സ്ഥലത്തേക്ക് നീക്കം ചെയ്യുന്നതിന് ആവശ്യപ്പെടാവുന്നതാണ് എന്ന് ഈ വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിൽ വീഴ്ച വരുത്തുന്നപക്ഷം അയാളെ പതിനായിരം രൂപവരെയുള്ള പിഴ ശിക്ഷ ചുമത്തുന്നതിനും കുറ്റം തുടർന്നാൽ ഓരോ ദിവസത്തിനും നൂറു രൂപ നിരക്കിൽ അധിക പിഴ ചുമത്തുന്നതിനും ഇതിൽ വ്യവസ്ഥ ചെയ്യുന്നു.

നിയമം പ്രാബല്യത്തിൽ വന്ന് ഇരുപതുവർഷം കഴിഞ്ഞിട്ടും ഏതെങ്കിലും ഒരു നഗരസഭ സെക്രട്ടറി ഒരു ഹോട്ടൽ ഉടമയ്ക്കോ ആശുപത്രി ഉടമയ്ക്കോ അല്ലെങ്കിൽ അതിന്റെ കൈവശക്കാരനോ ഈ വകുപ്പും പ്രകാരം നോട്ടീസ് കൊടുത്തതായോ പതിനായിരം രൂപ പിഴ ശിക്ഷ ചുമത്തിയതായോ കേട്ടറിവില്ല. മറിച്ച് അങ്ങനെ ഉണ്ടെങ്കിൽ അതിനെ അനുമോദിക്കുകയും ചെയ്യുന്നു. 1999 ലെ നിയമത്തിലെ പതിനായിരം രൂപയും നൂറുരൂപയും ഇന്നു വെറും തുച്ഛമാണ്. അത് ഭേദഗതി ചെയ്ത് യഥാക്രമം ഒരുലക്ഷവും പതിനായിരവും രൂപയായി വർധിപ്പിക്കാവുന്നതുമാണ്.

ഈ നിയമത്തിലെ രണ്ടു വ്യവസ്ഥകൾ കൂടി ചൂണ്ടിക്കാണിക്കട്ടെ. ഒന്ന് 340-ാം വകുപ്പ്; ചവറോ മാലിന്യമോ പൊതുസ്ഥലങ്ങളിൽ ഇടുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതും അങ്ങനെ ചെയ്യുകയോ ചെയ്യിക്കുകയോ ചെയ്യുന്ന വ്യക്തിക്കെതിരെ ഇരുനൂറ്റി അൻപതു രൂപ പിഴ ശിക്ഷ ചുമത്തുന്നതിനും വ്യവസ്ഥ ചെയ്യുന്നു. മറ്റൊന്ന് വകുപ്പ് 345 ആണ്. അതും സമാനമായ സ്വഭാവമുള്ളതാണ്. ഈ ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ചപ്പുചവറോ മാലിന്യമോ നിക്ഷേപിക്കുന്നവർക്ക് ഇരുനൂറ്റി അൻപതു രൂപ വരെ ശിക്ഷ നൽകുന്നതിനുള്ളതാണ് ഈ വകുപ്പ്.

ഒരു നിയമം പ്രാബല്യത്തിൽ വന്ന് ഇരുപതുവർഷം കഴിഞ്ഞപ്പോൾ ഈ വകുപ്പുകൾക്ക് ഇപ്പോൾ എന്തു പ്രത്യേക പ്രസക്തിയെന്ന് പലർക്കും തോന്നിയേക്കാം. എന്നാൽ നിയമത്തിന്റെ അഭാവമല്ല, ആ നിയമം നടപ്പിലാക്കുന്നതിൽ ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വരുത്തുന്ന വീഴ്ചകളാണ് മാലിന്യകൂമ്പാരങ്ങളെ സൃഷ്ടിക്കുന്നതിലും മാലിന്യസംസ്കരണം അസാധ്യമാകുന്നതിനും ഒരു കാരണമാകുന്നത് എന്നുള്ളത് ചൂണ്ടിക്കാണിക്കുകയാണ്. നിയമം നടപ്പിലാക്കുന്നവർ ഒഴിഞ്ഞു മാറുകയോ അജ്ഞത നടിക്കുകയോ ചെയ്യുമ്പോൾ അവിടെ സാമൂഹ്യ പ്രശ്നങ്ങൾ തലപൊക്കുന്നു.

ലോകബാങ്കിന്റെ സഹായത്തോടുകൂടി ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ ഉറവിട സംസ്കാരം ഉൾപ്പെടെയുള്ള മാലിന്യ സംസ്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തുടർ ചുമതലയാണെന്നും ഇതിനു മുടക്കം തട്ടുന്നത് പാരിസ്ഥിതി പ്രശ്നങ്ങൾക്കും രോഗവ്യാപനത്തിനും ഇടയാക്കുമെന്നും അതാതു ഗ്രാമപഞ്ചായത്ത് നഗരസഭാ പ്രദേശത്ത് ജനങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലയാണെന്നുമുള്ള ബോദ്ധ്യം ജനപ്രതിനിധി സഭകൾക്കും അവരുടെ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥർക്കും ഉണ്ടാകണം.

ലോകബാങ്കും സംസ്ഥാന സർക്കാരും കൂടി നൽകുന്ന 2,100 കോടി രൂപ മുടക്കി ഏതാനും ദിവസങ്ങളോ ആഴ്ചകളോ മാത്രം നടപ്പിൽ വരുത്താൻ കഴിയുന്ന പരിപാടികളല്ല നമുക്ക് വേണ്ടത്. മുൻപൊരിക്കൽ തിരുവനന്തപുരം നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റ് വിളപ്പിൽശാലയിൽ സ്ഥാപിച്ചപ്പോഴുണ്ടായ അനുഭവവും നമ്മുടെ മുൻപിലുണ്ട്. മാലിന്യത്തിൽ നിന്നും വൈദ്യുതിയും വളവും ഉല്പാദിപ്പിക്കുന്ന നൂതന സാങ്കേതിക വിദ്യയും ഇന്ന് വളർന്നിട്ടുണ്ട്. പക്ഷെ അതിനനുയോജ്യമായ സ്ഥലം ലഭ്യമാകണം. പക്ഷെ ഇതൊക്കെ ഒരു പ്രദേശത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ വലിയ എതിർപ്പുകളെ ആയിരിക്കും ക്ഷണിച്ചു വരുത്തുക. പരമാവധി വികേന്ദ്രീകരിച്ചും ഉറവിടങ്ങളിൽ തന്നെ സംസ്കരിച്ചും മാലിന്യത്തെ കയ്യൊഴിയുകയാണ് കൂടുതൽ അഭികാമ്യം.