Janayugom Online
mullaperiyar- janayugam

ഇടുക്കിയിൽ അഞ്ചു ഷട്ടറും തുറന്നു, മുല്ലപ്പെരിയാറും അപകടത്തിലേക്ക്

Web Desk
Posted on August 14, 2018, 3:14 pm

ഇടുക്കി ഡാം ഷട്ടർ തുറന്നപ്പോൾ 

ജോമോൻ വി സേവ്യർ 

ഇടുക്കിയിൽ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. അടച്ച രണ്ടു ഷട്ടറുകളും ഇന്ന് വൈകിട്ട് തുറന്നു. ഇപ്പോൾ 5 ഷട്ടറും തുറന്നിരിക്കുന്നു.

മൂന്നാർ ഏതാണ്ട് പൂർണമായും ഒറ്റപ്പെട്ടു. അടിമാലി, മുരിക്കാശ്ശേരി, ചെമ്പകപ്പാറ എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതായി പ്രാഥമിക വിവരം ഉണ്ട്. ആദിവാസി ദമ്പതികൾ മരിച്ച അടിമാലി കൊരങ്ങാട്ടിയിൽ ചെക്ക്ഡാം ഒലിച്ചുപോയി.

ഇടുക്കി ജലനിരപ്പ് രാവിലെ 2396.82 ആയിരുന്നു, ഇപ്പോഴത്  2397.10 അടി ആയി ഉയർന്നു. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത  തുടരുന്നു. മുല്ലപ്പെരിയാർ ജലനിരപ്പ് 138 അടിയായി രാത്രി എത്തുന്നതോടെ ഓറഞ്ച് അലർട് പ്രഖ്യാപിക്കുകയാണ്.

ഇടുക്കിയിൽ  വെള്ളം കൂടിയതോടെ മണിക്കൂറിൽ 600 ക്യുമെക്‌സ്‌ വെള്ളം വച്ച് ഇപ്പോൾ തുറന്നുവിട്ടുകൊണ്ടിരിക്കയാണ്. ചെറുതോണി പാലത്തിൽ വെള്ളം കയറുമെന്നാണ് കരുതപ്പെടുന്നത്. പെരിയാറിന്റെ കരയിലുള്ളവരോട് ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.

മൂന്നാർ മുഴുവൻ വെള്ളത്തിൽ, തോട്ടം ലയങ്ങൾ മുങ്ങി. പഴയ മൂന്നാറിൽ കടകൾ മുഴുവൻ വെള്ളത്തിലായി. ടൗണിലെ ഗവ .എച് എസ്‌  എസ് വെള്ളത്തിലായി, കംപ്യൂട്ടറുകൾ ഉൾപ്പെടെ എല്ലാം നശിച്ചു. നെയ്മക്കാട്, പെരിയത്താണി, തണ്ണിമലൈ, നല്ലതണ്ണി എസ്റ്റേറ്റുകളിൽ കനത്ത മഴ. ഇവിടുത്തെ പാടികളെല്ലാം വെള്ളത്തിലായി. തൊഴിലാളികളെ മാറ്റി പാർപ്പിക്കാൻ ശ്രമം നടന്നു വരുന്നു.

മാട്ടുപ്പെട്ടി ഡാമിന്റെ രണ്ടു ഷട്ടർ തുറന്നു, മുതിരപ്പുഴയാർ കരകവിഞ്ഞൊഴുകുന്നു. പൊന്മുടി ഡാം  7 അടിയായി ഉയർത്തി. അഞ്ചടിയായിരുന്നു തുറന്നിരുന്നു. പന്നിയാർ പുഴയ്ക്കരികെയുള്ളവർ ജാഗ്രത പാലിക്കണം.

മൂന്നാറിലെ താഴ്ന്ന പ്രദേശത്തുള്ള എല്ലാവരോടും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ പറഞ്ഞു. മൂന്നാറിലേക്കുള്ള വിനോദ യാത്ര അരുതെന്നു സബ് കളക്ടർ അറിയിച്ചു. മണ്ണിടിച്ചിൽ കാരണം രാജാക്കാട് വഴിയും ഇരുട്ടുകാനം വഴിയും ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്.