Web Desk

February 16, 2021, 5:43 pm

പാര്‍ട്ടിയുടെ അവഗണന; ചെന്നിത്തലയുടെ യാത്ര ബഹിഷ്കരിച്ച് മുരളീധരന്‍

Janayugom Online

കെപിസിസി നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന കെ മുരളീധരന്‍ എംപി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയില്‍ നിന്നും വിട്ടു നില്‍ക്കുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേതൃത്വം നല്‍കി രൂപീകരിച്ച ഉമ്മന്‍ചാണ്ടി ചെയര്‍മാനായുള്ള സമതിയില്‍ അംഗമാണെങ്കിലും തികച്ചും എതിര്‍പ്പിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവില്‍ നിന്നും മത്സരിക്കാൻ മുരളീധരന് താല്‍പര്യമുണ്ടായിരുന്നതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തെ തുടര്‍ന്നാണ് മത്സര രംഗത്തു നിന്നും പിന്മാറേണ്ടി വന്നിരിക്കുന്നത്. നേതൃത്വവുമായുള്ള അസ്വാരസ്യം കാരണം തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് അദ്ദേഹം. വടകര മാത്രം കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. ഈ നിലപാട് ആവർത്തിക്കെ മുരളി വീണ്ടും രംഗത്തുവന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കെ മുരളീധരൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയിലും സജീവമായിരുന്നില്ല. കെപിസിസി നേതൃത്വത്തോടുള്ള അതൃപ്തിയാണ് മുരളിയുടെ നിലപാടിന് പിന്നിൽ. അർഹിക്കുന്ന പരിഗണന പാർട്ടിയിൽ നിന്നും ലഭിക്കുന്നില്ലെന്നതാണ് മുരളീധരന്റെ പരാതി. മുരളിക്ക് അനുകൂലമായി നിലപാടെടുക്കണമെന്ന് ലീഗ് നേതൃത്വം ഹൈക്കമാന്റിനോട് അഭ്യർത്ഥിച്ചിരുന്നു. മുരളീധരനെ പ്രചാരണ രംഗത്തിറക്കാൻ സമ്മർദം ചെലുത്തണമെന്നും ലീഗ് ഹൈക്കമാൻഡിനോട് അഭ്യർത്ഥിച്ചിരുന്നു. മുഖ്യമന്ത്രിയും, മന്ത്രിമാരുമൊക്കെ ആകുവാന്‍ താല്‍പര്യമുള്ളര്‍ നന്നായി പണിയെടുക്കണമെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടത് കോണ്‍ഗ്രസില്‍ ചര്‍ച്ചയായിരുന്നു. അദ്ദേഹം ചിലരെ ഉദ്ദേശിച്ചു പറ‌ഞ്ഞതാണെന്നു ഗ്രൂപ്പ് ലീഡേഴ്സ് അഭിപ്രായപ്പെട്ടു.

കെപിസിസി നേതൃത്വവുമായി അകൽച്ചയിലാണെങ്കിലും ലീഗുമായി നല്ല ബന്ധത്തിലാണ് മുരളീധരൻ. കോൺഗ്രസ് വേദികളിൽ നിന്നും വിട്ടുനിൽക്കുമ്പോഴും ലീഗ് പരിപാടികളിൽ മുരളീധരൻ പങ്കെടുക്കാറുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറിനോടാണ് ലീഗ് നേരത്തെ മണ്ഡലത്തിൽ സജീവമാകേണ്ട കാര്യം വ്യക്തമാക്കിയതാണ്, എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ യാതൊരു നടപടിയും എടുത്തില്ല. ഇതു മുരളീധരനിലും കൂടെയുള്ളവരിലും അമര്‍ഷം ശക്തമാക്കി. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഒരു വേദിയിലും പങ്കെടുക്കാതെ വിട്ടുനിന്നു ബഹിഷ്കരിക്കുകയാണ് മുരളീധരന്‍. തന്‍റെ മണ്ഡലമായ വടകരയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് മുരളീധരൻ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു, തന്റെ മണ്ഡലത്തെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായായിരിക്കും മുന്നോട്ട് പോവുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ മുരളീധരനെ പോലെയുള്ള നേതാവ് പ്രചരണ രംഗത്ത് നിന്ന് മാറിനിന്നാൽ അത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ലീഗിന്റെ ഇടപെടൽ. ഡൽഹിയിൽ കെഎംസിസിയുടെ നേതൃത്വത്തിൽ നടന്ന ഇ അഹമ്മദ് അനുസ്മരണ പരിപാടിയിലും മുരളീധരൻ പങ്കെടുത്തിരുന്നു. അതേസമയം മുരളിയെ അനുനയിപ്പിക്കാൻ കെപിസിസി നേതൃത്വം കാര്യമായ ഇടപെടൽ ഇപ്പോൾ നടത്തിയിട്ടില്ല. മുരളീധരന് പാർട്ടിയുമായുള്ള അസ്വാരസ്യങ്ങൾ നീക്കി അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരുന്നതിനുമായി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഇടപെടുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിക്ക് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പിന്തുണ നൽകിയതോടെയാണ് വടകരയിൽ പ്രചാരണത്തിനിറങ്ങില്ലെന്ന് മുരളീധരൻ വ്യക്തമാക്കിയിരുന്നു. ചെന്നിത്തലയുടെ യാത്ര ഉത്തരകേരളവും, മധ്യകേരളവും പിന്നിട്ടിട്ട് യാതൊരു തരംഗവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് ശക്തമായി, കൂടാതെ ഒരോ നിയമസഭാ സീറ്റിനായി കോണ്‍ഗ്രസില്‍ നരവധി പേര്‍ സമ്മര്‍ദ്ധവുമായി സജീവമായി രംഗത്തുണ്ട്.

ENGLISH SUMMARY:Muraleedharan faces neg­li­gence in con­gress party
You may also like this video