Janayugom Online
murder

മുരളിധരന്‍ വധം: 12 സാക്ഷികള്‍ ഹാജരായില്ല; വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Web Desk
Posted on May 03, 2018, 8:34 pm

വിദ്യാനഗര്‍: ഡോക്ടര്‍മാരടക്കം 12 സാക്ഷികള്‍ ഹാജരാകാത്തതിനേ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകന്‍ കുമ്പള ശാന്തിപ്പള്ളത്തെ മുരളീധരന്‍ വധക്കേസിന്റെ വിചാരണ കോടതി ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതിയിലാണ് ഈ കേസിന്റെ വിചാരണ നടക്കുന്നത്. ബിജെപി പ്രവര്‍ത്തകരായ അനന്തപുരത്തെ ശരത്ചന്ദ്രന്‍, കുതിരപ്പാടിയിലെ ദിനേശ് ആചാര്യ, ഭരത് രാജ്, നീര്‍ച്ചാലിലെ മിഥുന്‍കുമാര്‍ എന്നിവരാണ് പ്രതികള്‍. 57 സാക്ഷികളാണുള്ളത്.

മുരളീധരനൊപ്പം അക്രമത്തിനിരയായ മുഖ്യസാക്ഷി മഞ്ചുനാഥയെയും അന്വേഷണ ഉദ്യോഗസ്ഥരെയും കോടതി വിസ്തരിച്ചിരുന്നു. മുരളീധരനെ പരിശോധിച്ച രണ്ട് ഡോക്ടര്‍മാരടക്കം 12 സാക്ഷികള്‍ക്ക് ബുധനാഴ്ച ഹാജരാകാന്‍ കോടതി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ഹാജരായില്ല. ഇവരെ ഹാജരാക്കിയ ശേഷം ഒമ്പതിന് വിചാരണ പുനരാരംഭിക്കാമെന്ന് ജഡ്ജ് പ്രോസിക്യൂഷനെ അറിയിച്ചു. രണ്ട് ഡോക്ടര്‍മാരും നാട്ടിലില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഒരാള്‍ അമേരിക്കയിലും മറ്റൊരാള്‍ മറ്റൊരു സ്ഥലത്തുമാണ്. 2014 ഒക്ടോബര്‍ 27ന് സുഹൃത്ത് മഞ്ചുനാഥക്കൊപ്പം ബൈക്കില്‍ പോകുമ്പോള്‍ കുമ്പള സീതാംഗോളിയില്‍ വച്ചാണ് മുരളീധരന്‍ വെട്ടേറ്റ് മരിച്ചത്.