Web Desk

കൊച്ചി

December 26, 2020, 5:23 pm

കേരളത്തില്‍ ഒരു വര്‍ഷം മുങ്ങിമരിക്കുന്നത് ആയിരത്തിലേറെ പേര്‍; ജനങ്ങളില്‍ ജലസുരക്ഷാബോധം ഉണ്ടാക്കണമെന്ന് മുരളി തുമ്മാരുകുടി

Janayugom Online

കേരളത്തില്‍ ഒരു വര്‍ഷം മുങ്ങിമരിക്കുന്നത് ആയിരത്തിലേറെ പേരെന്ന് ഐക്യരാഷ്ട്ര സംഘടന ദുരന്തനിവാരണ വിഭാഗം ചെയര്‍മാന്‍ മുരളി തുമ്മാരുകുടി. റോഡ് അപകടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് വെള്ളത്തില്‍ മുങ്ങിയാണ്. ഒരു ദിവസം ശരാശരി മൂന്നില്‍ കൂടുതല്‍ ആളുകള്‍ കേരളത്തില്‍ മുങ്ങി മരിക്കുന്നുണ്ടെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.

ചലച്ചിത്രതാരം അനില്‍ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമില്‍ മുങ്ങി മരിച്ച പശ്ചാത്തലത്തിലാണ് മുരളി തുമ്മാരുകുടിയുടെ കുറിപ്പ്. കേരളത്തില്‍ ഓരോ രണ്ടു മാസത്തിലും മുങ്ങി മരിക്കുന്നത് സുനാമിയില്‍ മരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകളാണ്. റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് നിലയില്ലാക്കയത്തില്‍ മുങ്ങിയാണ്. മുങ്ങി മരണങ്ങള്‍ മിക്കവാറും ഒറ്റയ്‌ക്കൊറ്റയ്ക്കായതിനാല്‍ പ്രാദേശിക വാര്‍ത്തകള്‍ക്കപ്പുറം അത് പോകാറില്ല. അതുകൊണ്ടാണ് ഇത്രമാത്രം മരണങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പെടുന്നില്ലെന്നും തുമ്മാരുകുടി കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഒരു ദിവസം ശരാശരി മൂന്നില്‍ കൂടുതല്‍ ആളുകള്‍ കേരളത്തില്‍ മുങ്ങി മരിക്കുന്നുണ്ട്. 2004 ല്‍ സുനാമിയില്‍ കേരളത്തില്‍ ആകെ മരിച്ചത് 174 പേരാണ്.അതായത് ഓരോ രണ്ടു മാസത്തിലും കേരളത്തില്‍ ഒരു സുനാമിയുടെ അത്രയും ആളുകള്‍ മുങ്ങി മരിക്കുന്നുണ്ട്. ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ 2018 ല്‍ 480 പേരാണ് മരിച്ചത്. അതായത് ഓരോ നാലു മാസത്തിലും പ്രളയത്തില്‍ മരിച്ചതില്‍ കൂടുതല്‍ ആളുകള്‍ മുങ്ങി മരിക്കുന്നുണ്ട്. എന്നാലും ഈ വിഷയത്തില്‍ കേരളത്തില്‍ വേണ്ടത്ര ശ്രദ്ധയില്ല. കൂടുതല്‍ സമഗ്രമായ ഒരു ജലസുരക്ഷാപദ്ധതി വരുന്നതു വരെ, ജനങ്ങളില്‍ ജലസുരക്ഷാബോധം ഉണ്ടാകുന്നത് വരെ മുങ്ങി മരണങ്ങള്‍ തുടരും, സുരക്ഷിതരായിരിക്കുക.തുമ്മാരുകുടി പറയുന്നു.

മുരളി തുമ്മാരുകുടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

മുങ്ങി മരണങ്ങളെ പറ്റി തന്നെ,
സിനിമാ നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു എന്ന വാര്‍ത്ത വായിച്ചു. എത്ര സങ്കടകരമായ വാര്‍ത്ത. ഈ വര്‍ഷത്തെ ആദ്യത്തെ മുങ്ങി മരണം അല്ല, അവസാനത്തേതും ആവില്ല. ഒരു വര്‍ഷം കേരളത്തില്‍ എത്ര പേര്‍ മുങ്ങി മരിക്കുന്നുണ്ട്. മിക്കവാറും ആഴ്ചയില്‍ ഒന്നോ രണ്ടോ ആളുകള്‍ മുങ്ങി മരിക്കുന്നതായി നമ്മള്‍ വാര്‍ത്ത വായിക്കും. ചിലപ്പോഴെങ്കിലും ഒന്നില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു മരിക്കുന്നതായിട്ടും. പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ ബോട്ടപകടത്തില്‍ പത്തിലധികം പേര്‍ ഒരുമിച്ചു മരിക്കുന്ന അപകടം ഉണ്ടാകും. ഇതാണ് സാധാരണ രീതി.

അതുകൊണ്ട് തന്നെ കേരളത്തില്‍ ശരാശരി ഒരു വര്‍ഷം 200 പേരെങ്കിലും മുങ്ങി മരിക്കുന്നുണ്ടാകും എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. കൃത്യമായി കണക്ക് ഒരിക്കലും കിട്ടിയിരുന്നില്ല. അങ്ങനെയിരിക്കുമ്ബോള്‍ ആണ് ഞാന്‍ ശ്രീ ജേക്കബ് പുന്നൂസ് സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹം ഡി ജി പി ആയിരിക്കുന്ന കാലം. ഞാന്‍ ഈ ചോദ്യം അദ്ദേഹത്തോട് ചോദിച്ചു.‘മുരളി ചോദിച്ചത് നന്നായി, എല്ലാ വര്‍ഷവും എനിക്ക് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയില്‍ നിന്നും ഒരു റിപ്പോര്‍ട്ട് വരും. Acci­den­tal deaths and sui­cides in India എന്നാണിതിന്റെ പേര്. അതില്‍ മുങ്ങി മരണത്തിന്റെ കണക്ക് ഉണ്ട്. അതിന്റെ ഒരു കോപ്പി എടുത്ത് സാര്‍ എനിക്ക് തന്നു. അത് വായിച്ച ഞാന്‍ ഞെട്ടി.

കേരളത്തില്‍ ഒരു വര്‍ഷം മുങ്ങി മരിക്കുന്നവരുടെ എണ്ണം ഇരുന്നൂറും മുന്നൂറുമൊന്നുമല്ല. ആയിരത്തില്‍ അധികമാണ്. പക്ഷെ മുങ്ങി മരണങ്ങള്‍ മിക്കവാറും ഒറ്റക്കൊറ്റക്കായതിനാല്‍ ലോക്കല്‍ വര്‍ത്തകള്‍ക്കപ്പുറം അത് പോകാറില്ല. അതുകൊണ്ടാണ് ഇത്രമാത്രം മരണങ്ങള്‍ ഉണ്ടാകുന്നത് നമ്മള്‍ ശ്രദ്ധിക്കാത്തത്.
ഉദാഹരണത്തിന് 2019 ല്‍ കേരളത്തില്‍ 1452 സംഭവങ്ങളില്‍ ആയി 1490 പേരാണ് മുങ്ങി മരിച്ചത്. റോഡ് അപകടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് വെള്ളത്തില്‍ മുങ്ങിയാണ്.ഒരു ദിവസം ശരാശരി മൂന്നില്‍ കൂടുതല്‍ ആളുകള്‍ കേരളത്തില്‍ മുങ്ങി മരിക്കുന്നുണ്ട്. 2004 ലെ സുനാമിയില്‍ കേരളത്തില്‍ മൊത്തം മരിച്ചത് 174 പേരാണ്. അതായത് ഓരോ രണ്ടു മാസത്തിലും കേരളത്തില്‍ ഒരു സുനാമിയുടെ അത്രയും ആളുകള്‍ മുങ്ങി മരിക്കുന്നുണ്ട്.

ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ 2018 ല്‍ 480 പേരാണ് മരിച്ചത്. അതായത് ഓരോ നാലു മാസത്തിലും പ്രളയത്തില്‍ മരിച്ചതില്‍ കൂടുതല്‍ ആളുകള്‍ മുങ്ങി മരിക്കുന്നുണ്ട്. എന്നാലും ഈ വിഷയത്തില്‍ കേരളത്തില്‍ വേണ്ടത്ര ശ്രദ്ധ ഇല്ല. റോഡപകടത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ സുരക്ഷയ്ക്കു കമ്മിറ്റികള്‍ ഉണ്ട്, ഫണ്ട് ഉണ്ട്, റോഡ് സുരക്ഷയ്ക്ക് വകുപ്പുണ്ട്, പദ്ധതികള്‍ ഉണ്ട്. ഇതിന് ഒരു കാരണം ഉണ്ട്. ഓരോ റോഡപകടത്തിന്റെ കാര്യത്തിലും ഒരു വാഹനം ഉണ്ട്, ഇന്‍ഷുറന്‍സ് ഉണ്ട്, അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ഒരു ഉത്തരവാദി ഉണ്ട്, പണം ഉണ്ട്, കേസ് ഉണ്ട്, കോടതി ഉണ്ട്. നഷ്ടപരിഹാരം ഉണ്ട്. പക്ഷെ മുങ്ങിമരണത്തിന്റെ കാര്യത്തില്‍ ഇതൊന്നുമില്ല. പ്രത്യേകം നിയമങ്ങള്‍ ഇല്ല, വകുപ്പില്ല, ഫണ്ടില്ല, കമ്മിറ്റികള്‍ ഇല്ല. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല, കോടതിയില്ല, നഷ്ടപരിഹാരം ഇല്ല.

സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പല ക്യാംപെയ്‌നുകളും നടത്തുന്നുണ്ട്. നീന്തല്‍ പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒറ്റപ്പെട്ടു നടക്കുന്നുമുണ്ട്. പക്ഷെ കൂടുതല്‍ സമഗ്രമായ ഒരു ജലസുരക്ഷാപദ്ധതി വരുന്നതു വരെ, ജനങ്ങളില്‍ ജലസുരക്ഷാബോധം ഉണ്ടാകുന്നത് വരെ മുങ്ങി മരണങ്ങള്‍ തുടരും, സുരക്ഷിതരായിരിക്കുക.

Eng­lish sum­ma­ry: Murali Thom­maraku­di face­book post

You may also like this video: