ജെഎൻയു ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇപ്പോൾ തുടരുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ മോഡി സർക്കാർ സമീപിക്കുന്ന രീതി യുക്തിരഹിതമാണെന്ന് മുതിർന്ന ബിജെപി നേതാവും അലഹബാദ് സർവകലാശാലയിലെ മുൻ അധ്യാപകനുമായ പ്രൊഫ. മുരളീമനോഹർ ജോഷി പറയുന്നു. വിദ്യാർഥികളും സർവകലാശാല അധികൃതരും തമ്മിലുള്ള അഭിപ്രായ ഭിന്നത വർധിക്കുന്നു. കമ്മ്യൂണിസ്റ്റുകൾ ആയതുകൊണ്ട് വിദ്യാർഥികളെ വൈരികളായി കാണുന്ന അധികാരികളുടെ സമീപനമാണ് പ്രശ്നത്തിനുള്ള കാരണമെന്ന് ജെഎൻയു വൈസ് ചാൻസലർ ജഗദീഷ് കുമാറിന്റെ നിലപാടുകളെ പരോക്ഷമായി വിമർശിച്ച് മുരളീമനോഹർ ജോഷി പറഞ്ഞു. കേവലം ഒരു പ്രസ്താവന നടത്തി ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. വിദ്യാർത്ഥികളെ രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരിൽ അവഗണിക്കാതെ വിശ്വാസത്തിലെടുക്കാൻ ശ്രമിക്കണം.
താൻ അധ്യാപകനായിരിക്കെ അലഹബാദ് സർവകലാശാലയിൽ എബിവിപിക്ക് സ്വാധീനമുണ്ടായിരുന്നില്ല തന്റെ രാഷ്ട്രീയ നിലപാടുകൾ മാറ്റിവച്ച് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റായും സോഷ്യലിസ്റ്റുമായാണ് വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ ഇടപെട്ടിരുന്നത്. ഒരിക്കൽ പോലും വിദ്യാർത്ഥികൾ തനിക്കെതിരെ തിരിഞ്ഞിട്ടില്ല. അധ്യാപകനും വിദ്യാഭ്യാസ സംവിധാനവും തങ്ങളുടെ ശത്രുവല്ലെന്ന ധാരണ വിദ്യാർത്ഥികളിൽ സൃഷ്ടിക്കാൻ കഴിയണം. ഈ ഘടകത്തിലുള്ള വിള്ളലാണ് പ്രശ്നങ്ങളുടെ കാരണം. വിദ്യാർത്ഥികൾക്കൊപ്പം നീന്താൻ അധ്യാപകർക്കും സർവകലാശാല അധികൃതർക്കും കഴിയണം. വിദ്യാർത്ഥികളെ മുക്കികൊല്ലാൻ ഇവർ ശ്രമിക്കരുതെന്നും ജെഎൻയുവിലെ ഇപ്പോഴത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുരളീമനോഹർ ജോഷി പറഞ്ഞു.
വിമർശനാത്മകമായ ബോധം വിദ്യാർഥികളിൽ സൃഷ്ടിക്കാൻ അധികൃതർക്ക് കഴിയണം. വിദ്യാർത്ഥികൾ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനെ പ്രക്ഷോഭമായി കാണരുത്. അത് അവരുടെ അവകാശമെന്ന് അധികൃതർ ഉൾക്കൊള്ളണം- എന്നാൽ ദൗർഭാഗ്യവശാൽ ഈ സമീപനം ജെഎൻയു വിദ്യാർഥികളോട് ഉണ്ടായില്ല. വിദ്യാർത്ഥി സംഘടനകളെ കുറിച്ചുള്ള തുക്കഡെ തുക്കഡെ ഗ്യാങ് എന്ന ബിജെപി നേതാക്കളുടെ പരാമർശം നീതീകരിക്കാൻ കഴിയില്ല. വിദ്യാർത്ഥി കൂട്ടായ്മകളാണ് അല്ലാതെ ഗുണ്ടാസംഘങ്ങളല്ല (ഗ്യാങ് എന്ന ഇംഗ്ലിഷ് പദത്തിന് അഭികാമ്യമല്ലാത്ത സംഘമെന്നാണ് അർഥം വരുന്നത്). അമിത ദേശീയതയും ദേശസ്നേഹവും കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്.
അവർ വിമർശന ബുദ്ധിയുള്ളവരാണ്. അവരിൽ സ്വമേധയാ ദേശീയതയും ദേശസ്നേഹവും വളരുമെന്നാണ് അധ്യാപകൻ എന്ന നിലയിൽ തനിക്ക് തോന്നുന്നത്. ബനാറസ് ഹിന്ദു സർവകലാശാലയിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ട സംസ്കൃത അധ്യാപകനായ ഫിറോസ് ഖാനെ അധിക്ഷേപിച്ചത് ഹൈന്ദവ സംസ്കാരത്തിന് വിപരീതമാണ്. സർവകലാശാല സ്ഥാപകനായ മദൻ മോഹൻ മാളവ്യയുടെ വീക്ഷണങ്ങൾക്കും ദർശനങ്ങൾക്കും എതിരാണ് ഹിന്ദു സംഘടനകൾ ഫിറോസ് ഖാനോട് സ്വീകരിച്ചതെന്നും മുരളീ മനോഹർ ജോഷി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.