കൊലക്കേസ് പ്രതിയായ ബംഗാള്‍ സ്വദേശി ഓര്‍ക്കാട്ടേരിയില്‍ പിടിയിലായി

Web Desk
Posted on September 08, 2019, 9:58 pm

നാദാപുരം : കൊലക്കേസില്‍ പ്രതിയായ പഞ്ചിമബംഗാള്‍ സ്വദേശിയെ ബംഗാള്‍ പോലീസ്
ഓര്‍ക്കാട്ടേരിയില്‍ നിന്ന് പിടികൂടി. ബംഗാളിലെ സൗത്ത് പര്‍ഗാനാസ് ജില്ലയിലെ രാം ഡാരു നഗറിലെ അത്തിയാസ് റഹ്മാന്‍ ഷെയ്ക്ക് (34) ആണ് പിടിയിലായത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഓര്‍ക്കാട്ടേരി കെ.എസ്.ഇ.ബി ഓഫീസിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ജൂണ്‍ മുപ്പതിന് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇയാളുടെ അച്ഛന്റെ അനുജന്‍ സിറാജുല്‍ ഷെയ്ക്ക് എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ പിടിയിലാകുന്നത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ മര്‍ദനത്തിലാണ് മരണം സംഭവിച്ചത്. കൂടാതെ മറ്റ് കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു. രണ്ട് വര്‍ഷമായി ഓര്‍ക്കാട്ടേരി, നാദാപുരം പ്രദേശങ്ങളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുകയാണ് ഇയാള്‍. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോഴാണ് സംഭവമുണ്ടായത്. തുടര്‍ന്ന് ഇയാള്‍ കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കിയാണ് പൊലിസ് ഇയാളെ പിടികൂടിയത്. എസ്.ഐ ആഷിഷ്‌കുമാര്‍ പൗളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എടച്ചേരി എസ്.ഐ പ്രശാന്ത്, സി.പി.ഒ. ഗണേശന്‍, സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഹരിദാസന്‍ എന്നിവര്‍ ബംഗാള്‍ പൊലിസിന് സഹായം നല്‍കി.