ഉത്തർപ്രദേശിൽ കൊലക്കേസ് പ്രതി 15 കുട്ടികളെ ബന്ദികളാക്കി. ഉത്തർപ്രദേശിലെ ഫറൂക്കാബാദിലാണ് കുട്ടികളെ ബന്ദികളാക്കിയത്. പരോളിനിറങ്ങിയ കൊലക്കേസ് പ്രതിയാണ് കുട്ടികളടക്കമുള്ളവരെ ബന്ദികളാക്കിയത്. കുട്ടികൾക്ക് പുറമെ സ്ത്രീകളും ബന്ദികളാക്കപ്പെട്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. യുപി ഭീകര വിരുദ്ധ സേന സ്ഥലത്തെത്തി. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ പൊലീസിന് നേരെ വെടിവെയ്പ്പ് ഉണ്ടായി. ആക്രമിയുടെ കൈവശം തോക്കും ഗ്രനേഡുകളും ഉണ്ടായിരുന്നുവെന്നാണ് വിവരം.
സുഭാഷ് ബദം എന്നാണ് ഇയാളുടെ പേരെന്നാണ് വിവരം. തന്റെ മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെന്ന വ്യാജേന ഗ്രാമത്തിലെ സ്ത്രീകളെയും കുട്ടികളെയും വീട്ടിലേക്കു ക്ഷണിച്ചു വരുത്തിയ ശേഷം ബന്ദികളാക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.