വൃദ്ധ ദമ്പതികളെയും മകനെയും വെടിവച്ചു കൊന്നത് മരുമകളെന്ന് പൊലീസ്. സൗകാർപേട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സിറ്റി പൊലീസ് കമ്മീഷണർ നടത്തിയ വാർത്ത സമ്മേളനത്തിലാണ് കാര്യങ്ങൾ പുറത്ത് എത്തിയത്. ഭർത്താവിനെയും പ്രായമായ മാതാപിതാക്കളെയും പോയിന്റ് ബ്ലാങ്കിൽ തലയ്ക്കു വെടിവച്ചുകൊന്നതു സ്വന്തം മരുമകളെന്നാണ് ചെന്നൈ പൊലീസ് കമ്മീഷണർ മഹേഷ് കുമാർ അഗർവാൾ മാധ്യമങ്ങളെ അറിയിച്ചത്.
മരിച്ച ശീതളിന്റെ ഭാര്യ മഹാരാഷ്ട്ര പൂനെ സ്വദേശിനി ജയമാലയാണ്. ഏറെ കാലമായി ഇരുവരും പിരിഞ്ഞിരിക്കുകയാണ്. വിവാഹമോചനത്തിൻറെ നടപടികൾ കോടതിയിൽ നടക്കുന്നുണ്ട്. അഞ്ചുകോടി രൂപ ജീവനാംശം വേണമെന്നു ജയമാലയും കുടുംബവും മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം. ഇതേ ആവശ്യവുമായി ജയമാലയുടെ സഹോദരങ്ങളായ വികാസും കൈലാശും സൗകാർപേട്ടിലെ വീട്ടിലെത്തി ശീതളും മാതാപിതാക്കളുമായി വഴക്കുമുണ്ടാക്കിയിരുന്നു.
ഈ പ്രശ്നം പരിഹരിക്കാനാണ് ജയമാലയും സഹോദരങ്ങളും മറ്റു രണ്ടുപേർക്കൊപ്പം ബുധനാഴ്ച ചെന്നൈയിലെത്തിയത്. സംസാരം തർക്കമായി. ഒടുവിൽ ബാഗിൽ കരുതിയിരുന്ന തോക്കെടുത്തു ജയമാല ഭർത്താവ് ശീതളിന്റെ നെറ്റിയിൽ വെടിവച്ചു. പിറകെ ഭർതൃപിതാവ് ദാലി ചന്ദിനെയും മാതാവ് പുഷ്പ ഭായിയെയും വെടിവച്ചു വീഴ്ത്തി. പ്രത്യേക സൈലൻസറുള്ള തോക്കായതിനാൽ ശബ്ദം പോലും പുറത്തുകേട്ടില്ല. ഒന്നും സംഭവിക്കാത്ത പോലെ പുറത്തിറങ്ങിയ ജയമാലയും സഹോദരങ്ങളും കാർ മാർഗം പൂനെയിലേക്കു തിരിച്ചു.
കാറിന്റെ നമ്പർ സൗകാർപേട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. പൂനെ പൊലീസുമായി ബന്ധപെട്ട ചെന്നൈ പൊലീസ് പിന്നീട് ചടുല നീക്കങ്ങളാണു നടത്തിയത്. ഇന്നലെ വൈകീട്ടു തന്നെ അന്വേഷണ സംഘം പൂനൈയിലെത്തി. പൂനെ പൊലീസിന്റെ സഹായത്തോടെ സോളാർപൂർ ജില്ലയിൽ നിന്ന് വാഹത്തെ പിന്തുടർന്നാണു മൂന്നുപേരെ പിടികൂടിയത്. ജയമലായുടെ സഹോദരൻ കൈലാശ്, സുഹൃത്തുക്കളായ രവീന്ദ്രനാഥ്, വിജയ് എന്നിവരാണു പിടിയിലായത്. തോക്കുളും പിടിച്ചെടുത്തു. ജയമാല അടക്കം രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.
English summary; murder case latest updation
You may also like this video;