ബാഗ് പരിശോധിച്ചപ്പോൾ കണ്ടത് മുറിച്ചു മാറ്റിയ കൈകൾ: കൊലപാതകക്കേസിൽ ഗവേഷകൻ അറസ്റ്റിൽ

സെന്റ് പീറ്റേഴ്സ്ബർഗ്: യുവതിയുടെ മരണത്തിൽ കാമുകനായ ചരിത്ര ഗവേഷകൻ അറസ്റ്റിൽ. കാമുകി അനസ്തേസ്യ യെഷെങ്കോയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് റഷ്യയിലെ ചരിത്ര ഗവേഷകൻ ഒലെഗ് സൊകോലോവ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഒലെഗിന്റെ പക്കലുണ്ടായിരുന്ന ബാഗിൽ നിന്ന് യുവതിയുടെ മുറിച്ചു മാറ്റിയ കൈകൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
മദ്യലഹരിൽ നദിയിൽ വീണ ഒലെഗിനെ രക്ഷപ്പെടുത്തി കരയിലെത്തിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ബാഗ് പോലീസ് കണ്ടെത്തിയത്. ബാഗുപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മദ്യലഹരിയിൽ ഒലെഗ് നദിയിൽ വീണതാവാമെന്നാണ് പോലീസ് നിഗമനം.
പോലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് മുറിച്ചു മാറ്റിയ കൈകൾ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഫ്ളാറ്റിൽ നിന്ന് വേർപെട്ട നിലയിൽ തലയും ശരീരവും കണ്ടെത്തിയിട്ടുണ്ട്. കൊല ചെയ്യപ്പെട്ടത് ഒലെഗിന്റെ കാമുകി അനസ്തേസ്യ യെഷെങ്കോയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇരുപത്തിനാലുകാരിയായ അനസ്തേസ്യ അറുപത്തിമുന്നുകാരനായ ഒലെഗുമായി കുറച്ചു നാളായി പ്രണയത്തിലായിരുന്നു. ഇരുവർക്കുമിടയിലുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒലെഗിന്റെ ബന്ധുവായ യുവതിയാണ് കൊല്ലപ്പെട്ടതെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് അനസ്തേസ്യയെ കൊല ചെയ്തതായി ഇദ്ദേഹം വെളിപ്പെടുത്തിയത്.