Web Desk

January 17, 2020, 6:48 pm

കളിയിക്കാവിള കൊലപാതകം; മുഖ്യ സൂത്രധാരൻ പിടിയിൽ

Janayugom Online

കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ മെഹബൂബ് പാഷ പിടിയിൽ. ബെംഗളൂരു പൊലീസാണ് പിടികൂടിയത്. അൽ ഉമ്മ തലവനാണിയ്യാൾ. ഇയാളോടൊപ്പം കൂട്ടാളികളായ മൂന്ന് പേരെയും പിടികൂടിയിട്ടുണ്ട്. പതിനേഴംഗ സംഘത്തിൽ പെട്ടവരാണ് പിടിയിലായത്. അതേ സമയം, സ്പെഷ്യൽ എസ്ഐയായിരുന്ന വിൽസണെ ചെക്ക് പോസ്റ്റിൽ വച്ച് വെടിവച്ച് കൊന്ന തൗഫീഖ് (28) ഷമീം (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്ദ്യോഗസ്ഥർ അറിയിച്ചിരുന്നു.

കർണാടകവും ദില്ലിയും കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവർത്തിച്ചിരുന്നതും നടപടികൾ ആസൂത്രണം ചെയ്തിരുന്നതും. അൽ-ഉമ്മ എന്ന സംഘടനയെ തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്രസർക്കാർ നിരോധിച്ചതോടെ, തമിഴ്‍നാട് നാഷണൽ ലീഗ് എന്ന പേരിലാണ് പ്രവർത്തിച്ചിരുന്നത്. ഈ സംഘടനയുടെ മറവിലാണ് അറസ്റ്റിലായ പ്രതികളും പ്രവർത്തിച്ചിരുന്നത്.

കർണാടകത്തിൽ പല വേഷങ്ങളിലും പേരുകളിലുമാണ് ഇവർ കഴിഞ്ഞിരുന്നത്. പലയിടത്തായി താമസിച്ചിരുന്ന ഇവർ ആവശ്യങ്ങളനുസരിച്ച് പദ്ധതിയിട്ടാണ് ഒരുമിച്ച് യോഗം ചേരുന്നതും തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതും. അൽ-ഉമ്മയുടെ തീവ്രവാദ ആശയങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഇവർ ശ്രമിച്ചിരുന്നു. കൂടുതൽ പേരെ അങ്ങനെ സംഘത്തിലെത്തിക്കാനും ഇവർ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇതിനിടയിലാണ്, ദില്ലിയിലും യോഗം ചേർന്ന് തീവ്രവാദപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നുവെന്നും, നേപ്പാളിലടക്കം സന്ദർശനം നടത്തിയവർ സംഘത്തിലുണ്ടെന്നും അറസ്റ്റിലായവർ മൊഴി നൽകുന്നത്. ഇതിൽ മൂന്ന് പേർക്ക് ചാവേറാകാൻ പരിശീലനം കിട്ടിയിട്ടുണ്ടെന്നുമാണ് മൊഴി. ടാക്സി ഡ്രൈവറായ ഇജാസാണ് മുംബൈയിൽ നിന്ന് എത്തിച്ച തോക്ക് തൗഫീഖിന് ബെംഗളുരുവിൽ വച്ച് കൈമാറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കർണാടക പൊലീസിലെ ആഭ്യന്തരസുരക്ഷാ വിഭാഗവും തമിഴ്‍നാട് ക്യൂ ബ്രാഞ്ചും റെയിൽവേ സുരക്ഷാ വിഭാഗവും ചേർന്നാണ് തിരുവനന്തപുരത്ത് നിന്ന് വരുന്ന വെരാവൽ എക്സ്പ്രസിൽ യാത്ര ചെയ്യവേ പ്രതികളെ ചൊവ്വാഴ്ച പിടികൂടിയത്.