കൊച്ചിയില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു: ഭാര്യ ഗുരുതരാവസ്ഥയില്‍

Web Desk
Posted on June 12, 2018, 2:09 pm
കൊച്ചി: ഇടപ്പള്ളിയില്‍ ഭാര്യയേയും അമ്മായിയമ്മയേയും വെട്ടിപരിക്കേല്‍പ്പിച്ചതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. അശമന്നൂര്‍ പനിച്ചയം ശ്രീകൃഷണസദനത്തില്‍ മനോജ് (48) ആണ് മരിച്ചത്. 
ഇടപ്പള്ളി അമൃത ആശുപത്രിയ്ക്ക് സമീപം പോയിഷ റോഡിലെ അമൃതകൃപ ക്വാര്‍ട്ടേഴ്‌സിന്റെ മുന്നില്‍ ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. രാവിലെ  അശമന്നൂരിൽ നിന്നും ഇടപ്പള്ളിയിലെ വീട്ടിലെത്തിയ മനോജ് ഭാര്യ സന്ധ്യയേയും അവരുടെ അമ്മ ശാരദയേയും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കുട്ടിയെ സ്‌കൂളിലാക്കിയതിനു ശേഷം വീട്ടിലെത്തി ആശുപത്രിയിലേക്ക് പോകാന്‍ ഇറങ്ങിയപ്പോഴാണ് സന്ധ്യയെ മനോജ് വെട്ടിയത്. മുഖത്തിനും കൈയ്ക്കും വെട്ടേറ്റ സന്ധ്യ അലറികരഞ്ഞുകൊണ്ട് റോഡിലേക്ക് ഇറങ്ങി വരുകയായിരുന്നു. പിന്നാലെ ഇവരുടെ അമ്മയും വെട്ടേറ്റ നിലയില്‍ റോഡിലേക്ക് ഓടിയിറങ്ങി.  നാട്ടുകാര്‍ ചേര്‍ന്നാണ് ഇരുവരെയും അമൃത ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മകളുടെ ഭര്‍ത്താവ‌് വെട്ടിയെന്നും അയാള്‍ വീടിനകത്ത് ഉണ്ടെന്നും ശാരദ അറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിൽ  അറിയിച്ചു. ചേരാനെല്ലൂര്‍ പൊലീസ‌് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ഇയാള്‍ മുറിയുടെ വാതില്‍ പൂട്ടി അകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 
സന്ധ്യ അമൃതയിലെ നേഴ്‌സിങ് സ്റ്റാഫാണ്. സന്ധ്യയുടെ നിലഗുരുതരമാണ്. ശാരദയുടെ പുറത്താണ് വേട്ടേറ്റത്. ഇവർക്ക‌് ശസ‌്ത്രക്രിയ നടത്തി സുഖം പ്രാപിക്കുന്നു. ഏറെ നാളായി കുടുംബ വഴക്കിനെ തുടര്‍ന്ന് സന്ധ്യയും മനോജും അകന്ന് താമസിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ‌്ച രാവിലെ അഞ്ചിന‌് പാലക്കാട‌് ഇലക‌്ട്രിക‌് വർക്കുണ്ടെന്ന‌് അച്‌ഛൻ കൃഷ‌്ണൻകുട്ടിനായരോട‌് പറഞ്ഞിട്ടാണ‌് വീട്ടിൽ നിന്ന‌് ഇറങ്ങിയത‌്. ഇടപ്പള്ളിയിലെത്തി സന്ധ്യയേയും അമ്മ ശാരദയേയും വെട്ടുകയായിരുന്നു. ഏക മകൻ മിഥുൻ. മനോജിന്റെ മൃതദേഹം പോസ‌്റ്റ‌്മോർട്ടത്തിനായി എറണാകുളം ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രിയിലേക്ക‌് മാറ്റി. സംസ‌്കാരം പിന്നീട‌്.