മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു

Web Desk
Posted on November 07, 2019, 9:30 pm

ബാലരമപുരം: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു. ബാലരാമപുരം താന്നിമൂട് കോഴോട് അനീഷ് ഭവനിൽ അനീഷിനെയാണ് (33) ഇന്നലെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാലരാമപുരം മണലി കൂടല്ലൂർ സ്വദേശി ബിനുവിനെ (46) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബിനുവിന്റെ സഹോദരൻ ജയകുമാർ,സമീപവാസി അനിൽകുമാർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, കഴിഞ്ഞ ദിവസം രാവിലെ  ബിനുവും അനീഷും സഹോദരൻ ജയകുമാറിന്റെ ബാലരാമപുരം മണലി കൂടല്ലൂരിലെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ആൾപ്പാർപ്പില്ലാത്ത സ്ഥലമായതിനാൽ ഇവിടെയുള്ള മദ്യപാനം സ്ഥിരമാണ്. വൈകിട്ടോടുകൂടി ജോലി കഴിഞ്ഞ് ജയകുമാറും,അനിൽ കുമാർ മദ്യവുമായെത്തി ഇവരോടൊപ്പം കൂടി.രാത്രിയോടു കൂടി ബിനുവും അനീഷും തമ്മിൽ സാമ്പത്തിക തർക്കമുണ്ടാകുകയും അത് കയ്യാങ്കളിയിലെത്തിച്ചേരുകയും ചെയ്തു. തുടർന്ന് സമീപത്തുണ്ടായിരുന്ന ചുറ്റിക കൊണ്ട് അനീഷ് ബിനുവിനെ മർദ്ദിച്ചു. ഇത് കണ്ട സഹോദരൻ ജയകുമാർ ബിനുവിനെ രക്ഷിക്കാനായ് ചുറ്റിക പിടിച്ചു വാങ്ങി അനീഷിന്റെ തലയ്ക്കും മുഖത്തും മർദ്ദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അനിൽകുമാർ ഇവർ തമ്മിലുള്ള തർക്കം തുടങ്ങിയപ്പോഴെ വീട്ടിൽ പോയിരുന്നു. പുലർച്ചെ അനിൽകുമാർ തിരിച്ചെത്തിനോക്കുമ്പോഴാണ് പരിക്കേറ്റ് കിടക്കുന്ന ബിനുവിനെയും മരിച്ചു കിടക്കുന്ന അനീഷിനെയും കാണുന്നത്.തുടർന്ന് ഇയ്യളാണ് കുറച്ച് അകലെ താമസിക്കുന്ന ബിനുവിന്റെ മകനെ അറിയിക്കുകയും ബിനുവിനെ ആശുപത്രിയിലെത്തിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ജയകുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇയ്യാൾ കുടുംബവുമൊത്ത് പിന്നെങ്ങി ഒറ്റയ്ക്കാണ് താമസം. സഹോദരൻ ബിനുവും ഭാര്യയുടെ മരണത്തിനു ശേഷം ഒറ്റയ്ക്ക് ഇതിനോട് ചേർന്ന മറ്റൊരു വീട്ടിലാണ് താമസവും. സമീപത്തു നിന്നും ചുറ്റികയും പോലീസ് കണ്ടെത്തി. അവിവാഹിതനാണ് മരിച്ച അനീഷ് അച്ഛൻ: വിധ്യാധരൻ. പോലീസും ഡോഗ് സ്ക്വാഡ്യും എത്തി ഇൻക്വെസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായിമെഡിക്കൽ കോളെജ് ആശുപത്രിയിലേയ്ക്ക് മാറ്റി. .