ജയിലിനുള്ളില്‍ കേക്ക് മുറിച്ചും മട്ടണ്‍കറിവെച്ചും രണ്ടുപേരെ കൊലപ്പെടുത്തിയ പ്രതിയുടെ ജന്മദിനാഘോഷം

Web Desk
Posted on September 01, 2019, 11:44 am

പട്‌ന: ജയിലിനുള്ളില്‍ കൊലക്കേസ് പ്രതി ജന്മദിനാഘോഷം നടത്തുന്നതിന്റെ വീഡിയോ വൈറലാകുന്നു.  ബിഹാറിലെ സീതാമര്‍ഹി ജയിലിലാണ് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയായ പിന്റു തിവാരി കേക്ക് മുറിച്ചും മട്ടണ്‍ കറി വെച്ചും തന്റെ പിറന്നാള്‍ ആഘോഷമാക്കിയത്. ജയിലിനുള്ളില്‍ വച്ച് കേക്ക് മുറിച്ച് ആഘോഷിച്ച പ്രതിക്ക് സഹതടവുകാര്‍ സമ്മാനങ്ങളും നല്‍കി.

2015ല്‍ ദര്‍ബാങ്കയിലെ രണ്ട് എഞ്ചിനീയര്‍മാരെ കൊലപ്പെടുത്തിയ കേസിലാണ് പിന്റു തിവാരിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ജയിലിനുള്ളിലേക്ക് കാറ്ററിങ് സര്‍വ്വീസുകാരെ വിളിച്ചു വരുത്തിയാണ് കേക്കും ഭക്ഷണവും സംഘടിപ്പിച്ചത്.

സഹതടവുകാരാണ് പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ ജയിലിനുള്ളിലെ സുരക്ഷയെയും അച്ചടക്കപാലനത്തെയും വിമര്‍ശിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ജയില്‍ ഐജി മിതിലേഷ് മിശ്ര ഉത്തരവിട്ടു.

ബിഹാറിലെ ജയിലിനുള്ളില്‍ നിയമലംഘനം നടക്കുന്നത് ഇതോടെ സ്ഥിരീകരിക്കപ്പെട്ടെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ഇവിടെ നടത്തിയ പരിശോധനയില്‍ നിന്ന് മൊബൈല്‍ ഫോണുകളും മയക്കുരുന്നുകളും വരെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജയിലുകള്‍ നടക്കുന്നത് ഇത്തരത്തിലുള്ള നിയമലംഘനങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ പ്രതികള്‍ക്കനുകൂലമായി നിലനില്‍ക്കുന്നതായി പരാതികളും ഉയരുന്നു.
ഈയടുത്ത്, ഉന്നാവോ ജയിലില്‍ പ്രതികള്‍ ആയുധങ്ങളേന്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയരുന്നു.

YOU MAY LIKE THIS VIDEO ALSO