Web Desk

editorial

December 28, 2020, 4:45 am

മന്‍ കി ബാത്തിന്റെ സംഗീതം

Janayugom Online

ന്റെ മനസിലുള്ളത് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന അധികാരിയാണ് പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ആര്‍എസ്എസ് നേതാവ് നരേന്ദ്രദാസ് മോഡി. അധികാരക്കസേരയില്‍ എത്തിയതുമുതല്‍ ആരുടെയും ചോദ്യത്തിന് ചെവികൊടുക്കാതെ തന്നിഷ്ടം പറയാനും സ്വയംപുകഴ്‌ത്തലിനുമായി മോഡി തുടങ്ങിയതാണ് ‘മന്‍ കി ബാത്ത്’ എന്ന പ്രതിമാസ റേഡിയോ പരിപാടി. ആദ്യമാദ്യം കൗതുകമുണ്ടായിരുന്ന ഈ വിദേശമോഡലിനെ പിന്നീട് ജനങ്ങള്‍ അവഗണിക്കാന്‍ തുടങ്ങിയത് മോഡിയെ അക്ഷമനാക്കിയെന്നുമാത്രമല്ല, ഉള്‍ഭയത്തിലുമെത്തിച്ചു. ഇവന്റ്മാനേജ്മെന്റിന്റെയും മീഡിയാ ഉപദേഷ്ടാക്കളുടെയും ഇടപെടലോടെ മന്‍ കി ബാത്ത് ഓഡിയോ പരിപാടി ടെലിവിഷന്‍ ചാനലുകളിലൂടെയും വരാന്‍ തുടങ്ങി. തന്റെ റേഡിയോ പ്രസംഗത്തെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ കാതോര്‍ത്തിരിക്കുന്നുവെന്ന തരത്തില്‍ ചെറിയ ചെറിയ കൂട്ടങ്ങള്‍ റേഡിയോവിന് മുന്നില്‍ ഇരിക്കുന്ന വീഡിയോ ക്ലിപ്പുകളോടെയാണ് ചാനലുകളില്‍ മന്‍ കി ബാത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ജനാധിപത്യ രാജ്യത്തെ ഭരണാധികാരി എത്രത്തോളം തരംതാഴാനാകുമോ അതിലും കീഴ്‌പ്പോട്ടേയ്ക്ക് നരേന്ദ്ര മോഡി പോകുന്നുവെന്ന് ലജ്ജയോടെ ഒരു ജനത കാണാന്‍ വിധിക്കപ്പെട്ടു. രാജ്യം കൊടുംഭീതിയില്‍ കഴിഞ്ഞ കോവിഡ് നാളുകളില്‍പ്പോലും പ്രധാനമന്ത്രിയില്‍ നിന്ന് ഒട്ടേറെ പ്രതീക്ഷിച്ച് മന്‍ കി ബാത്തിന് ചെവിയോര്‍ത്തവരെല്ലാം നിരാശരാവേണ്ടിവന്നു. പാത്രം കൂട്ടിയടിക്കാനും കൈ കൊട്ടാനും ദീപം തെളിയിക്കാനും ആഹ്വാനം ചെയ്ത് മോഡി തന്റെ വീണവായന തുടരുകയായിരുന്നു. ഇതോടെ ജനങ്ങള്‍ക്ക് ബോധ്യമായത് തങ്ങളുടെ മനസല്ല, പ്രധാനമന്ത്രിയുടെ മനസ് എന്നാണ്.

മാസംതോറും പതിവുപോലെ മോഡി തന്റെ മനസിലുള്ളത് റേഡിയോയിലൂടെ പറ‍ഞ്ഞുകൊണ്ടേയിരിക്കുന്നു. ആരും ചെവികൊടുക്കാത്ത ഒന്നായി അത് മാറുകയും ചെയ്യുന്നു. രാജ്യം ഇന്ന് കര്‍ഷക പ്രക്ഷോഭത്തിന്റെ തീക്കനലിലാണ്. മോഡി സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമം, കാര്‍ഷിക മേഖലയെയും അതുവഴി ഭക്ഷ്യസുരക്ഷയെയും ഒടുവില്‍ പാവപ്പെട്ട ജീവിതങ്ങളെയാകെയും ഇല്ലാതാക്കുന്നതാണെന്ന തിരിച്ചറിവാണ് സമരത്തിനാധാരം. സമരങ്ങള്‍ രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികളിലും മറ്റു സംസ്ഥാനങ്ങളിലാകമാനവും ദിനംതോറും ശക്തിപ്രാപിക്കുന്നു. സമരത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക സംഘടനകളുടെ സമരസമിതിയെ ഭിന്നിപ്പിച്ച് കൂട്ടായ്മയെ തകര്‍ക്കാനാണ് നരേന്ദ്ര മോഡി ഭരണകൂടം ശ്രമിക്കുന്നത്. ഓരോ ദിവസം ചെല്ലുംതോറും കൂടുതല്‍ പ്രതിരോധത്തിലാകുന്ന കേന്ദ്ര സ­ര്‍ക്കാര്‍ പലകുറി കര്‍ഷകരുമായി ചര്‍ച്ചയ്ക്കെത്തിയിരുന്നുവെങ്കിലും ഭരണഹുങ്കിന്റെ മറവില്‍ ഉപാധികള്‍ നിരത്തുകയായിരുന്നു. സ­ര്‍ക്കാര്‍ തരുന്ന ഔദാര്യംപോലെ ഉപാധികള്‍ പാലിച്ച് സമരം അവസാനിപ്പിക്കണമെന്ന ഒരുതരം ഭീഷണിയാണത്. കൊടുംവെയിലിലും മഞ്ഞിലും മഴയിലും ആയുധങ്ങളുപയോഗിച്ച് മണ്ണില്‍ പണിയെടുക്കുന്നവര്‍ പക്ഷെ, മോഡി ഭരണകൂടത്തിന്റെ നാവിനെ ഭയന്നില്ല. അവര്‍ നെഞ്ചുയര്‍ത്തിത്തന്നെ മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കിക്കൊണ്ടേയിരുന്നു. സമരം തീര്‍ക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദങ്ങളുടെ പ്രതിരോധമഴ തീര്‍ക്കുകയായിരുന്നു. ആഭ്യന്തര, പ്രതിരോധ, കൃഷി വകുപ്പ് മന്ത്രിമാരെല്ലാം തട്ടിലിറങ്ങി കര്‍ഷകരുമായി ചര്‍ച്ചക്കിരുന്നു.

സര്‍ക്കാരിന്റെ വിരുന്നുപേക്ഷിച്ച് കര്‍ഷകര്‍ ലക്ഷ്യത്തില്‍ മാത്രം ഒതുങ്ങിനിന്നു. അതിനിടയിലും പ്രധാനമന്ത്രി തന്റെ മനസിനകത്തെ വര്‍ത്തമാനവുമായി റേഡിയോ പരിപാടിയും തുടര്‍ന്നു. കര്‍ഷക സമരം ആരംഭിച്ച് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഇതിനകം ഇന്നലത്തേതടക്കം രണ്ട് മന്‍ കി ബാത്ത് പ്രസംഗമാണ് നരേന്ദ്ര മോഡി നടത്തിയത്. കര്‍ഷക സമരത്തെ തള്ളിപ്പറയാനാണ് അതിലൂടെ മോഡി ശ്രമിച്ചത്. രാജ്യത്തെ പിടിച്ചുലയ്ക്കുന്ന കര്‍ഷക സമരത്തെക്കുറിച്ച് ഓര്‍മ്മപോലുമില്ലാത്ത വിധമാണ് ഇന്നലെ പ്രധാനമന്ത്രി തന്റെ പരിപാടി അവസാനിപ്പിച്ചത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങളുടെ സൗന്ദര്യത്തിലും അതിന്റെ വില്പനയിലുമായിരുന്നു പ്രധാനമന്ത്രിക്ക് താല്പര്യം. മോഡിയുടെ മന്‍ കി ബാത്ത് പരിപാടി നടക്കുമ്പോള്‍ പ്രതിഷേധവുമായി രാജ്യത്തെ കര്‍ഷകരും അവരുടെ കുടുംബങ്ങളും സമരകേന്ദ്രങ്ങളിലും വീടുകളിലും പാത്രങ്ങള്‍ കൂട്ടിയടിച്ചും കൈകള്‍ കൊട്ടിയും ശബ്ദമുണ്ടാക്കുമെന്ന് നേരത്തെത്തന്നെ കര്‍ഷക സമരസമിതി തീരുമാനിച്ചിരുന്നു.

രാജ്യത്തിന് അപശ്രുതിയായ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന്, കര്‍ഷകര്‍ നല്‍കിയ പശ്ചാത്തല സംഗീതം മുദ്രാവാക്യത്തിനും വിപ്ലവഗാനങ്ങള്‍ക്കും ഒപ്പമായിരുന്നുവെന്നത് പ്രതിഷേധത്തിനും കരുത്തേകി. മോഡിയുടെ പാഴ്‌വാക്കുകേള്‍ക്കാനായിരുന്നില്ല, അന്നം തരുന്ന കര്‍ഷകന്റെ പടപ്പാട്ടിനും അതിന്റെ താളത്തിനുമാണ് രാജ്യം കാതോര്‍ത്തത്. നാളെ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ എട്ടിലെ ചര്‍ച്ചയില്‍ എടുത്ത അതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണവര്‍. മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിനുള്ള നടപടിക്രമത്തെക്കുറിച്ചും എല്ലാ വിളകള്‍ക്കും ദേശീയ കര്‍ഷകകമ്മിഷന്‍ ശുപാര്‍ശചെയ്ത ആദായകരമായ മിനിമം താങ്ങുവില ലഭ്യമാക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ചും രാജ്യതലസ്ഥാന മേഖലയില്‍ മലിനീകരണം നിയന്ത്രിക്കാനുള്ള ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കാനുള്ള ഭേദഗതികളെപ്പറ്റിയും കര്‍ഷകരെ സംരക്ഷിക്കാന്‍ വൈദ്യുതിബില്ലില്‍ വേണ്ട മാറ്റങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യാമെന്നാണ് കര്‍ഷകര്‍ കൃഷിമന്ത്രാലയത്തിന് നല്‍കിയ കത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് കര്‍ഷകരുടെ മനസാണ്. മോഡിയുടെ ‘മന്‍ കി ബാത്ത്’ കേള്‍ക്കണമെങ്കില്‍ കര്‍ഷകരുടെ മനസ് കേള്‍ക്കാന്‍ ഭരണകൂടവും ബാധ്യസ്ഥരാണ്.