February 9, 2023 Thursday

മാനത്തെ പൊന്നമ്പിളി

ജി ബാബുരാജ്
April 12, 2020 9:00 am

 സംഗീതലോകത്ത് എത്തിയില്ലായിരുന്നെങ്കിൽ ആരാകുമായിരുന്നു അർജ്ജുനൻ മാസ്റ്റർ? ശ്രേഷ്ഠ ഭാവങ്ങൾ തികഞ്ഞ ഒരു സന്യാസിയായി അദ്ദേഹം നമുക്കിടയിൽ ജീവിക്കുമായിരുന്നു. നഷ്ടങ്ങളിൽ വേദനിക്കാത്ത, നേട്ടങ്ങളിൽ അമിതാഹ്ലാദം പ്രകടിപ്പിക്കാത്ത, ആരെയും നോവിക്കാത്ത, ആരോടും പരിഭവമില്ലാത്ത സാത്വികനായ ഒരു മനുഷ്യൻ. ഭാവപ്രകൃതിയിൽ മാത്രമല്ല, കാഴ്ചയിലും മാസ്റ്റർ അങ്ങനെ തന്നെയായിരുന്നു. ആദ്യചിത്രമായ ‘കറുത്ത പൗർണമി‘യുടെ വിജയത്തിനു ശേഷം ‘റസ്റ്റ് ഹൗസി‘ലെ ഗാനങ്ങളൊരുക്കാൻ മദ്രാസിൽ ചെന്ന എം കെ അർജ്ജുനനെ കണ്ട് നിർമാതാവ് കെ പി കൊട്ടാരക്കരയ്ക്ക് മടക്കിവിടാനാണ് ആദ്യം തോന്നിയത്. താടി നീട്ടി വളർത്തി സന്യാസിരൂപത്തിലെത്തിയ ഈ പയ്യനാണോ സംഗീതം ചെയ്യാൻ വന്നതെന്ന് കെ പി കൊട്ടാരക്കര അടുത്തുണ്ടായിരുന്ന ശ്രീകുമാരൻ തമ്പിയോട് ചോദിച്ചത് സ്വാഭാവികം. ഏതായാലും ഇവിടെ വിളിച്ചുവരുത്തിയതല്ലേ, രണ്ട് പാട്ട് കൊടുത്തേക്കാമെന്ന് കെ പി കൊട്ടാരക്കര മനസിലുറപ്പിച്ചു. “പൗർണമിചന്ദ്രിക തൊട്ടുവിളിച്ചു, പത്മരാഗം പുഞ്ചിരിച്ചു… ” എന്ന ഗാനത്തിന് മാസ്റ്റർ ഒരുക്കിയ ഈണം കേട്ട് കോരിത്തരിച്ച നിർമാതാവ് ഗാനരചയിതാവായ ശ്രീകുമാരൻതമ്പിയെ ചേർത്തു പിടിക്കുകയായിരുന്നു. സംഗീതത്തിലെ ഒരു വലിയ കൂട്ടുകെട്ടിന്റെ പിറവിയായിരുന്നു അത്.

ജീവിതം ഒരു സിനിമാകഥപോലെ

സിനിമാക്കഥയെ അതിശയിപ്പിക്കുന്നതാണ് അർജ്ജുനൻ മാസ്റ്ററുടെ ജീവിതം. തന്റെ ആദ്യചിത്രമായ ‘കറുത്ത പൗർണമി‘യിലെ “ഹൃദയമുരുകി നീ കരയില്ലെങ്കിൽ… ” എന്ന പി ഭാസ്കരൻ മാഷിന്റെ വരികൾക്ക് ട്യൂണിട്ടപ്പോൾ ദാരിദ്ര്യവും പ്രാരാബ്ധവും ഈണവും താളവുമിട്ട തന്റെ കുട്ടിക്കാലം ഒരു പക്ഷേ അർജ്ജുൻ മാസ്റ്ററുടെ മനസ്സിലേക്ക് എത്തിയിട്ടുണ്ടാവാം. ഹൃദയത്തിൽ നിന്നുയർന്നുവന്ന സ്വരവും രാഗവും ഭാവവുമായതിനാലാവും ആ ഗാനം ഇന്നും മലയാളികൾ പാടി നടക്കുന്നത്. വീട്ടിലെ പതിനാലാമത്തെ മകൻ. ബാല്യത്തിലേ അച്ഛൻ കൊച്ചുകുഞ്ഞ് മൺമറഞ്ഞു. പല രോഗപീഡകളാൽ നാലു പേരൊഴികെ മറ്റ് പത്ത് മക്കളെയും കുട്ടിക്കാലത്തു തന്നെ മരണം കൊണ്ടുപോയി. അർജ്ജുനൻ ഉൾപ്പെടെ ശേഷിച്ച നാലു മക്കളെയും പോറ്റാൻ അമ്മ പാർവതി ഏറെ ക്ലേശിച്ചു. പഠനം നിർത്തിയ അർജ്ജുനൻ ജീവിതമാർഗ്ഗം കണ്ടെത്താൻ വീടുകൾ തോറും പലഹാരമുണ്ടാക്കി വിൽക്കുന്നതടക്കം പല ജോലികളും ചെയ്തു. അമ്മയുടെ ജീവിതഭാരം കുറയ്ക്കാൻ കുടുംബസുഹൃത്തായ രാമൻ വൈദ്യർ ഇതിനിടെ അർജ്ജുനനെയും ചേട്ടൻ പ്രഭാകരനെയും പഴനിയിലെ ഒരാശ്രമത്തിലേക്കു കൊണ്ടുപോയി. മാസ്റ്റർക്ക് അന്ന് ഏഴു വയസ്. അവിടെയൊരു വീട്ടിൽ ഏഴു വർഷത്തോളം കുമരയ്യപിള്ള എന്നൊരു ഭാഗവതരുടെ ശിക്ഷണത്തിൽ സംഗീത പഠനം. ആശ്രമം അങ്ങനെയിരിക്കെ പ്രതിസന്ധിയിലായി. അന്തേവാസികളായ കുട്ടികളെല്ലാം അവരവരുടെ നാട്ടിലേക്ക് മടങ്ങി. നിവൃത്തിയില്ലാതെ ചേട്ടനൊപ്പം അർജ്ജുനൻ മാസ്റ്ററും കൊച്ചിയിലേക്ക്. അന്ന് അങ്ങനെ മടങ്ങിയില്ലായിരുന്നെങ്കിൽ ഒരു സന്ന്യാസിവര്യനായി മാസ്റ്റർ അവിടെ തുടർന്നേനെ. പക്ഷേ കാലത്തിൻറെ നിയോഗം മറ്റൊന്നായിരുന്നു.

വഴിത്തിരിവായ ‘ദേവാങ്കണം’

പഴനിയിൽ നിന്ന് തിരിച്ചുവന്ന അർജ്ജുനൻ ഹാർമോണിയം വായനയുമായി കൊച്ചിയിലെ നാടകസമിതികൾക്കൊപ്പം പ്രവർത്തിക്കുകയായിരുന്നു. അത്തരമൊരു നാടകകൂട്ടായ്മയിലിരിക്കുമ്പോഴാണ് ദേവരാജൻ മാഷ് കാണാനാഗ്രഹിക്കുന്നുവെന്ന അറിയിപ്പ് കിട്ടുന്നത്. മാഷ് അന്നൊരു നല്ല ഹാർമോണിസ്റ്റിനെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. വലിയ മുൻകോപിയാണെന്ന് കേട്ടിരുന്നതിനാൽ ഭയത്തോടെയാണ് കൊല്ലത്ത് കാളിദാസ കലാകേന്ദ്രയിൽ ചെന്ന് മാഷിനെ കണ്ടത്. കൊച്ചിയിലെ ഒരു നാടകപ്പറമ്പിൽ ‘മുടിയനായ പുത്രനി‘ലെ ”തുഞ്ചൻപറമ്പിലെ തത്തേ…” എന്ന മാഷിന്റെ ഗാനം കേട്ട കാലം തൊട്ടേയുണ്ടായിരുന്നു ദേവരാജൻ മാഷിനോടുള്ള ആരാധന. പട്ടാളച്ചിട്ടക്കാരനായിരുന്ന മാഷിന് എന്തായാലും അർജ്ജുനനെ നന്നായി ബോധിച്ചു. പതിറ്റാണ്ടുകളോളം ആ ഹൃദയബന്ധം തുടർന്നു. അതുകൊണ്ടാവണം ദേവരാജന്റെ ശിഷ്യനായാണ് അർജ്ജുനൻ മാസ്റ്റർ അറിയപ്പെട്ടിരുന്നത്. ആദ്യചിത്രമായ ‘കറുത്ത പൗർണമി‘യുടെ റെക്കാഡിംഗിന് മദ്രാസിൽ പോകും മുമ്പും അർജ്ജുനൻ മാസ്റ്റർ ഗുരുവിന്റെ അനുഗ്രഹം തേടിയിരുന്നു. ആദ്യമായി മദ്രാസിലേക്കു പോകുന്ന അർജ്ജുനൻ മാസ്റ്റർക്ക് അവിടെ സഹായത്തിന് ആർ കെ ശേഖറെ ഏർപ്പാടാക്കിയതും ദേവരാജനായിരുന്നു. റെക്കാഡിംഗിൽ ഒരു പിഴവും വരുത്തരുതെന്ന് ഉപദേശിച്ച് എല്ലാ ഗാനങ്ങളുടെയും നോട്ട്സിൽ തിരുത്തേണ്ട ഭാഗമെല്ലാം തിരുത്തി നൽകിയതും ദേവരാജൻ മാസ്റ്ററായിരുന്നു. അർജ്ജുനൻ മാസ്റ്ററുടെ പല ഈണങ്ങളും ദേവരാജന്റേതാണെന്ന് അക്കാലത്ത് തെറ്റിദ്ധരിച്ച് പാടി നടന്നവർ നിരവധിയാണ്.

അമ്പിളിക്കല തെളിഞ്ഞ കറുത്ത പൗർണമി

‘കറുത്ത പൗർണമി’ എന്നായിരുന്നു ആദ്യ ചിത്രത്തിന്റെ പേരെങ്കിലും അർജ്ജുനൻ മാഷിന് ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി തെളിഞ്ഞ അനുഭവമാണ് ആ ചിത്രമുണ്ടാക്കിയത്. കൊല്ലം കാളിദാസ കലാകേന്ദ്രവും കെപിഎസിയും അടക്കമുള്ള വിവിധ നാടകസമിതികളിൽ സജീവമായിരിക്കേയാണ് നാടകകാരനായ സി പി ആന്റണിയുടെ നിർബന്ധത്തിനു വഴങ്ങി ‘കറുത്ത പൗർണമി‘യുടെ സംഗീത നിർവഹണത്തിന് എത്തുന്നത്. ബാബുരാജിനെക്കൊണ്ട് സംഗീതം ചെയ്യിക്കണമെന്നായിരുന്നു പി ഭാസ്കരൻ മാഷിന്റെ താൽപര്യം. എങ്കിലും നിർമ്മാതാവും കഥാകൃത്തും പറഞ്ഞപ്പോൾ പുതിയ പയ്യനെയൊന്ന് പരീക്ഷിക്കാമെന്നായി ഭാസ്കരൻ മാഷ്. കമ്പോസിംഗ് കഴിഞ്ഞ് ഈണങ്ങൾ ഇഷ്ടപ്പെട്ടപ്പോൾ എല്ലാ പാട്ടും അർജ്ജുനന് നൽകുകയായിരുന്നു അദ്ദേഹം. ‘മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും… ‘, ‘ഹൃദയമുരുകിനീ കരയില്ലെങ്കിൽ… ’ എന്നിവയടക്കം ചിത്രത്തിലെ ആറു പാട്ടുകളും ഹിറ്റായതോടെ അർജ്ജുനൻ മാസ്റ്ററുടെ ജീവിതത്തിൽ മാത്രമല്ല, മലയാള ചലച്ചിത്ര സംഗീതത്തിലും ഒരു പുതുയുഗം ഉദിക്കുകയായിരുന്നു.

ഐശ്വര്യമുള്ള കൈനീട്ടം

ചലച്ചിത്രജീവിതത്തിന്റെ അമ്പതാം വർഷത്തിലാണ് അർജ്ജുനൻ മാഷിനെ തേടി സംസ്ഥാന സർക്കാരിന്റെ ഒരു ബഹുമതി എത്തിയതെന്നത് ആരെയും അതിശയിപ്പിച്ചേക്കാം. ചെമ്പകത്തൈകളും, വാൽക്കണ്ണെഴുതിയും, യദുകുലരതിദേവനും, നീലനിശീഥിനിയും, രവിവർമചിത്രവും, അനുരാഗമേ… അനുരാഗമേയും, ദ്വാരകയുംപോലെ എഴുന്നൂറോളം ഹിറ്റ് പാട്ടുകളൊരുക്കിയിട്ടും എന്തുകൊണ്ടോ അംഗീകാരങ്ങൾ മാസ്റ്ററിൽ നിന്ന് അകന്നുനിന്നു. എന്നാൽ മാസ്റ്ററുടെ കൈപിടിച്ച് ചലച്ചിത്രരംഗത്ത് എത്തിയവരാവട്ടെ, ഓസ്കാർ വരെയുള്ള ഉയരങ്ങളിലേക്ക് നടന്നുകയറുകയും ചെയ്തു. അതെല്ലാം നന്നായി അറിയാവുന്നതു കൊണ്ടാവാം സുഹൃദ്സദസ്സുകളിൽ ചിലർ മാസ്റ്ററോട് പറഞ്ഞിട്ടുണ്ട്, “ഒരു രൂപ കൈനീട്ടം തരാമോ” എന്ന്. പതിനാറാം വയസ്സിൽ യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോഡ് ചെയ്തതും അർജ്ജുനൻ മാസ്റ്ററായിരുന്നു. ദാസിന്റെ പിതാവും സംഗീത, നാടകകാരനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റേയും അർജ്ജുനൻ മാഷിന്റേയും വീടുകൾ അക്കാലത്ത് അടുത്തടുത്തായിരുന്നു. തെരുവുനാടകക്കാരായ കുറെ ചെറുപ്പക്കാർ പൊൻകുന്നം ദാമോദരന്റെ ഒരു കവിതയുമായി മാഷിന്റെ വീട്ടിൽ എത്തിയപ്പോഴാണ് ട്യൂണിട്ട് പാടിക്കാൻ യേശുദാസിനെ കണ്ടെത്തിയത്. ഇംഗ്ലണ്ടിൽ പഠിക്കാൻ പോയിവന്ന ഒരു ഫോർട്ടുകൊച്ചിക്കാരൻ കൊണ്ടുവന്ന ടേപ് റെക്കോർഡറിലായിരുന്നു റെക്കോഡിംഗ്. പിന്നെയും നാലഞ്ചു വർഷം കഴിഞ്ഞാണ് ദാസ് ‘കാൽപാടുകളി‘ൽ തൻറെ ആദ്യ സിനിമാഗാനം പാടിയത്.

കറുത്ത പൗർണമിയുടെ റെക്കാഡിംഗിനായി മദ്രാസിൽ ചെന്ന കാലത്താണ് ദേവരാജൻ മാസ്റ്റർ മുഖേന ആർ കെ ശേഖറിനെ പരിചയപ്പെട്ടത്. അതു പിന്നീടൊരു കുടുംബബന്ധമായി വളർന്നു. ശേഖറിന്റെ മരണശേഷം മകൻ എ ആർ റഹ്മാനെ സ്റ്റുഡിയോകളിൽ കൊണ്ടുപോയതും 1981‑ൽ ‘അടിമച്ചങ്ങല’ എന്ന ചിത്രത്തിന്റെ കീബോർഡ് വായിക്കാൻ നിയോഗിച്ചതും ആദ്യ പ്രതിഫലമായ 50 രൂപ നൽകിയതും അർജ്ജുനൻ മാസ്റ്ററായിരുന്നു. ഓസ്കാർ കിട്ടിക്കഴിഞ്ഞപ്പോൾ റഹ്‌മാൻ ഒരഭിമുഖത്തിൽ നടത്തിയ പ്രതികരണം ഇപ്രകാരമായിരുന്നു. “എനിക്കു പ്രത്യേകിച്ച് ഗുരുനാഥന്മാരില്ല. ആ സ്ഥാനത്ത് ഞാൻ കാണുന്നത് എം കെ അർജ്ജുനനെയാണ്. ” ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിനുവേണ്ടി ജയഭാരതിയുടെ സീനിൽ പാടാൻ അന്ന് കൊച്ചുകുട്ടിയായിരുന്ന സുജാതയാണ് സ്റ്റുഡിയോയിൽ എത്തിയത്. ജയഭാരതിയുടെ ശബ്ദത്തിന് ആ കുട്ടിയുടെ ശബ്ദം ചേരുമോ എന്നൊക്കെ മാഷിന്റെ മനസ്സിൽ തോന്നിയെങ്കിലും സുജാത തന്നെ മതിയെന്നുറപ്പിച്ചു. ഒരു കുട്ടിയുടെ അവസരം കളയാൻ എളുപ്പമാണ്, പക്ഷേ അവസരം നൽകുന്നത് അത്ര എളുപ്പമല്ല എന്ന ചിന്തയാണ് അന്ന് മാസ്റ്ററുടെ മനസിനെ നയിച്ചത്. കഷ്ടതകൾ താണ്ടി താൻ നാടകത്തിലും സിനിമയിലുമെത്തിയതും ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായി വളർന്നതുമെല്ലാം അർജുനൻ മാഷ് അന്ന് ഓർത്തിട്ടുണ്ടാവാം.

മാസ്റ്റർ സുവർണാവസരങ്ങൾ നൽകി വളർത്തിയവരിൽ പി ജയചന്ദ്രൻ, കെ പി , ബ്രഹ്മാനന്ദൻ, ജോളി എബ്രഹാം, മണ്ണൂർ രാജകുമാരനുണ്ണി എന്നിങ്ങനെ എത്രയോ പേർ. നിലനിശീഥിനി എന്ന ഗാനം ബ്രഹ്മാനന്ദന്റെ മാസ്റ്റർ പീസുകളിലൊന്നാണ്. ‘ഊഴ’ത്തിൽ ഒഎൻവിയുടെ രചനയിൽ ജി വേണുഗോപാൽ പാടിയ ‘കാണാനഴകുള്ള മാണിക്യക്കുയിലേ… ” പുതുനിര ഗായകരോടുള്ള മാസ്റ്ററുടെ സൗഹൃദത്തിന് നിദർശനം. കറുത്ത പൗർണമിയുടെ റെക്കോഡിംഗ് മദ്രാസിൽ നടന്നപ്പോൾ സ്റ്റുഡിയോയിൽ ജയചന്ദ്രനുമുണ്ട്. പാട്ടുകളെല്ലാം ദാസാണ് പാടിയത്. റെക്കോഡിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ മാസ്റ്റർ വിശേഷം ചോദിച്ചപ്പോൾ ‘ഒരു പാട്ടു പാടാൻ തോന്നി’ എന്നു പറഞ്ഞ ജയചന്ദ്രന് അടുത്ത പടമായ റെസ്റ്റ് ഹൗസിൽ മാസ്റ്റർ അവസരം നൽകി. ‘യദുകുല രതിദേവനെവിടെ… ’ എന്ന ഗാനം ജയചന്ദ്രൻ ഗംഭീര ഹിറ്റുമാക്കി.

ഇഷ്ടമുള്ള പാട്ടുകളിലൊരെണ്ണം

എഴുന്നൂറോളം സിനിമാഗാനങ്ങളും ആയിരത്തോളം നാടകഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ മാസ്റ്റർ കുഴങ്ങിയിട്ടുണ്ട്. എങ്കിലും അഭിമുഖങ്ങളിൽ ചോദ്യമാവർത്തിക്കുമ്പോൾ മാസ്റ്റർ ചെറുചിരിയോടെ മെല്ലെ “ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി… ” എന്ന ഗാനത്തിലെത്തും. ‘പാടിക്കൊടുക്കുന്നയാളുടെ വികാരം നന്നായി ഉൾക്കൊണ്ടു പാടുന്നയാളാണ് യേശു’ എന്നാണ് മാസ്റ്റർ പറഞ്ഞിരുന്നത്. എങ്കിലും ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ അടക്കമുള്ള എല്ലാ ഗായകരെയും സമഭാവനയോടെയാണ് സാത്വികനായ ആ സംഗീതജ്ഞൻ കണ്ടിരുന്നത്. ഒരിക്കൽ ഒരാദരവ് ഏറ്റുവാങ്ങാൻ ചെന്നൈയിൽ ചെന്നപ്പോൾ വേദിയിൽ ഈ ഗാനം ആലപിച്ചുകൊണ്ടാണ് ‘കാത്തിരുന്ന നിമിഷ’ത്തിലെ നായകനായിരുന്ന കമലഹാസൻ മാസ്റ്ററെ വരവേറ്റത്. പ്രണയഗാനങ്ങളും ദുഃഖഗാനങ്ങളും മാത്രമല്ല, ചെട്ടികുളങ്ങര ഭരണിനാളിൽ… , നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ… , പൂവിനു കോപം വന്നാൽ… എന്നിങ്ങനെയുള്ള രസകരമായ ഗാനങ്ങളും മാഷിന്റെ ഹാർമോണിയത്തിൽ വിരിഞ്ഞവയാണ്. ജീവിതാനുഭവങ്ങളിൽ ചാലിച്ചെടുത്തവയാണ് പല ഗാനങ്ങളുടെയും സംഗീതം. ബാല്യത്തിൽ പഴനിയിലെ അനാഥാലയത്തിൽ കഴിയേണ്ടിവന്നപ്പോൾ എത്രയോ തവണ അടുത്തുള്ള പഴനിമല കയറി മുരുകനെ വണങ്ങിയിട്ടുണ്ട് അദ്ദേഹം. പിൽക്കാലത്ത് ‘പിക്പോക്കറ്റി‘ൽ “പഴനിമലക്കോവിലിലെ പാൽക്കാവടി… ” എന്ന പാപ്പനംകോട് ലക്ഷ്മണന്റെ വരികൾക്ക് ഇമ്പമാർന്ന ഈണമിട്ടപ്പോൾ മാസ്റ്ററുടെ മനസ്സിൽ നിറഞ്ഞത് മുരുകൻ തന്നെയാവണം.

പിരിയാത്ത കൂട്ട്… നിലയ്ക്കാത്ത പാട്ട്

അർജ്ജുനൻ മാഷുമായി നേരിട്ട് ബന്ധമില്ലാതിരുന്ന കാലത്താണ് ‘റെസ്റ്റ് ഹൗസി‘ലെ സംഗീത സംവിധാനത്തിനായി ശ്രീകുമാരൻ തമ്പി മാസ്റ്ററെ ക്ഷണിച്ചത്. ‘പൗർണമിചന്ദ്രിക തൊട്ടുവിളിച്ചു… ’ ആയിരുന്നു ആ ചിത്രത്തിലെ ആദ്യ ഗാനം. ദാസിന്റെ ഹിറ്റുകളിലൊന്നായ പാടാത്ത വീണയും പാടും, ജാനകിയും ജയചന്ദ്രനും പാടിയ യദുകുല രതിദേവനെവിടെ എന്നിങ്ങനെ ആ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ്. പിന്നീട് ശ്രീകുമാരൻ തമ്പിയുമൊത്തുള്ള കൂട്ടുകെട്ടിൽ വിരിഞ്ഞത് സുവർണ്ണ ഗീതങ്ങളായിരുന്നു. നക്ഷത്രക്കിന്നരന്മാർ വിരുന്നു വന്നു… , പഞ്ചമിചന്ദ്രിക… , നിൻ മണിയറയിലെ… , കുയിലിന്റെ മണിനാദം കേട്ടു. ., പാലരുവിക്കരയിൽ… , മുത്തുകിലുങ്ങി മണിമുത്തു കിലുങ്ങി… , നന്ത്യാർവട്ട പൂ ചിരിച്ചു… , മല്ലികപ്പൂവിൻ മധുരഗന്ധം… , കസ്തൂരി മണക്കുന്നല്ലോ കാറ്റേ… എന്നിങ്ങനെ നൂറുകണക്കിന് അനശ്വര ഗാനങ്ങൾ. ഈ കൂട്ടുകെട്ടിന്റെ പിറവിക്കു പിന്നിലുമുണ്ടൊരു കഥ. ദേവരാജനുമായി ശ്രീകുമാരൻ തമ്പിക്ക് ഒരിക്കൽ പിണങ്ങേണ്ടിവന്നു. “താങ്കൾക്ക് അങ്ങയുടെ സംഗീതത്തിൽ വിശ്വാസമുള്ളതുപോലെ എനിക്ക് എൻറെ കവിതയിലും വിശ്വാസമുണ്ട്. താങ്കളുടെ ഹാർമോണിസ്റ്റ് ട്യൂണിട്ടാലും എന്റെ പാട്ട് ഹിറ്റാകും. അത് ഞാൻ തെളിയിച്ചു തരാം. ” എന്ന വെല്ലുവിളിയോടെയാണ് അന്ന് തമ്പി മടങ്ങിയത്. ഈ കഥയൊന്നുമറിയാതെ ആ ഹാർമോണിസ്റ്റാണ് പിന്നീട് റസ്റ്റ് ഹൗസിന് സംഗീതമൊരുക്കാനെത്തിയത്.

മാസ്റ്ററില്ലാത്ത തിരുവോണപ്പുലരി

ഉറ്റമിത്രമായ ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തിൽ 1975‑ൽ ‘തിരുവോണം’ എന്ന ചിത്രം പുറത്തിറങ്ങിയ ശേഷം ഒരിക്കൽപോലും ആ ചിത്രത്തിലെ “തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ… ” എന്ന ഗാനം കേൾക്കാതെ തിരുവോണപ്പുലരി വിരിഞ്ഞിട്ടില്ല. എന്നാൽ ആ ഗാനത്തിന് ഹൃദ്യവും അവിസ്മരണീയവുമായ സംഗീതമൊരുക്കിയ അർജ്ജുനൻ മാസ്റ്റർ ഇല്ലാതെയാണ് ഇനി തിരുവോണം വിരുന്നെത്തുക. ആയിരമായിരം ആസ്വാദകരുടെ മാനസപ്രണാമങ്ങൾ ഏറ്റുവാങ്ങി മടങ്ങിയ മാസ്റ്ററുടെ അനശ്വര സ്മരണയായി എല്ലാ പുലരികളിലും ആ ഗാനാമൃതം മലയാളികൾക്ക് കൂട്ടുണ്ടാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.