‘ഈ ജീവിതത്തിന് പേര് സംഗീതം’

രമേശ് ബാബു
വലിയശാല ഗ്രാമത്തിലെ വ്യാസ എന്ന അഗ്രഹാരത്തില്‍ നിന്ന് ഏഴ് ദശാബ്ദങ്ങളായി ഒരു ഏകാന്തധ്യാനത്തിലെന്നോണം നാദോപാസന നടത്തിക്കൊണ്ടിരിക്കുന്ന പാറശാല പൊന്നമ്മാള്‍ എന്ന സംഗീതജ്ഞയില്‍ നിന്ന് ശുദ്ധസംഗീതം ഒഴുകിക്കൊണ്ടിരിക്കുന്നു.
പാപനാശം ശിവന്, ഹരികേശനല്ലൂര്‍, മുത്തയ്യ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, കെ എസ് നാരായണസ്വാമി, കെ ആര് കുമാരസ്വാമി തുടങ്ങിയ മഹാപ്രതിഭകളുടെ ഈ അരുമശിഷ്യ പാരമ്പര്യ വിശുദ്ധിയാലും അക്ഷയമായ ജ്ഞാനത്താലും അഗാധമായ ജീവിതാനുഭവങ്ങളാലും അളവറ്റ ശിഷ്യ സമ്പത്താലും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഗായികമാരില്‍ പാറശാല പൊന്നമ്മാള്‍ക്ക് സമശീര്‍ഷയായ മറ്റൊരു ഗായികയില്ല.
വളരെ വൈകി 92-ാം വയസിലാണ് കേന്ദ്രസര്‍ക്കാരിന്റെ പത്മശ്രീയെങ്കിലും ഈ സംഗീതമൂര്ത്തിയെ തേടിയെത്തിയത്.
പാറശാല പൊന്നമ്മാളിന്റെ ഏറ്റവും മുതര്‍ന്ന ശിഷ്യ
ശ്യാമള കുമാരിയും ഇളയ ശിഷ്യ കീര്‍ത്തന രമേശും
ഒരു സംഗീതക്കച്ചേരിയുടെ ആസ്വാദകരെ മുഴുനീള ഭാവലയസാന്ദ്രതയില് ആഴ്ത്താന്‍ ഗായകര്‍ ഉള്ക്കൊള്ളേണ്ടിയിരിക്കുന്ന വിശുദ്ധി, ശാന്തത, കാരുണ്യം, അച്ചടക്കം, പാരമ്പര്യം, ജ്ഞാനം എന്നീ ഘടകങ്ങള്‍ പാറശാല പൊന്നമ്മാളിനെ പോലെ സ്വായത്തമാക്കിയ മറ്റൊരു സംഗീത വിദുഷി ഇന്ന് ജീവിച്ചിരിക്കുന്നില്ല. എന്നിട്ടും പുരസ്കാരസമിതികളോ, നിര്‍ദേശകരോ അവരുടെ മഹത്വത്തെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. നിയതിയുടെ നിയോഗം പൂര്ണമാക്കാന് മാത്രമായി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന പൊന്നമ്മാളെ അടുത്തറിയുന്നവര്‍ക്കറിയാം ഒരു പുരസ്കാരവും അവരെ സ്പര്ശിക്കുന്നേയില്ലെന്ന്.
പ്രശസ്ത സംഗീത നിരൂപകനും കവിയുമായ പി രവികുമാര്‍ എഴുതുന്നു- ‘ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും ഒരിക്കലും ഒരുക്കമല്ലാത്ത പൊന്നമ്മാളുടെ സംഗീതം പവിത്രമാണ്. കീര്‍ത്തനത്തിന്റെ അര്‍ഥങ്ങളുടെ ആഴങ്ങളില്‍ നിന്നുയരുന്ന പൊന്നമ്മാളിന്റെ സംഗീതം ധ്യാനാത്മകമായി പ്രവഹിക്കുന്നു. മെല്ലെ, മെല്ലെ അത് ഭാവസാന്ദ്രമായി പടരുന്നു… വിനയംകൊണ്ടും ലാളിത്യംകൊണ്ടും പൊന്നമ്മാളുടെ ശിരസ് സദാ കുനിഞ്ഞിരിക്കുന്നു. ജ്ഞാനംകൊണ്ടും വിശുദ്ധികൊണ്ടും പൊന്നമ്മാളിന്റെ സംഗീതം ഉയര്ന്നുനില്ക്കുന്നു….
കെ ബി സുന്ദരാംബാള്‍, എം എസ് സുബ്ബലക്ഷ്മി, സി കെ പട്ടമ്മാള്‍, എം എല്‍ വസന്തകുമാരി തുടങ്ങിയ മഹാഗായികമാരുടെ നിരയിലേക്ക് കേരളത്തിന്റെ സംഭാവനയായ പാറശാല പൊന്നമ്മാളെ പക്ഷേ നമ്മള് എന്തുകൊണ്ടോ ആഘോഷിച്ചില്ല. മേല്‍ചൊന്ന ഗായികമാരെ നല്ല പ്രായത്തില്‍ തന്നെ നാടും ദേശവും രാജ്യവും കൊണ്ടാടിയപ്പോള്‍ ഇവിടെ പൊന്നമ്മാളുടെ കാര്യത്തില്‍ അത് സംഭവിച്ചില്ല.
സംഗീതമൂര്ത്തിയായ ഈ വന്ദ്യവയോധികയുടെ ശബ്ദവും രൂപവും വരുംതലമുറയ്ക്കായി – ‘ഈ ജീവിതത്തിന് പേര് സംഗീതം’ എന്ന ഹ്രസ്വചിത്രത്തിലൂടെ രേഖപ്പെടുത്തിയിരിക്കുകയാണ് പ്രിയ രവീന്ദ്രനും പാര്‍വതീദേവിയും പെരുമ്പടവം ശ്രീകുമാറും.
സ്വന്തം ബാല്യകാലവും ജീവിതത്തിലെ വഴിത്തിരിവുകളും പൊന്നമ്മാള്‍ തന്നെ വിവരിക്കുകയാണ് ചിത്രത്തില്‍. വിവരണശബ്ദത്തിന് അനുയോജ്യമായ ദൃശ്യങ്ങളിലൂടെ ശ്രീകുമാറിന്റെ കാമറ പൊന്നമ്മാള്‍ പിന്നിട്ട വഴിത്താരകളിലൂടെ മനോഹരമായി ഒഴുകിനീങ്ങുന്നു. ജീവിത പരിണാമങ്ങളെ ഇഴയടുപ്പത്തോടെ അവതരിപ്പിച്ചിരിക്കുന്നു സംവിധായക പ്രിയ രവീന്ദ്രന്. പാറശാല പൊന്നമ്മാളിനെ ചലച്ചിത്രത്തിന് പ്രമേയമാക്കുക വഴി വലിയ പുണ്യമാണ് നിര്‍മാതാവ് ആര് പാര്‍വതി ദേവിയും നിര്‍വഹിച്ചിരിക്കുന്നത്.
നമുക്കിടയില്‍ ജീവിച്ചിരിക്കുന്ന ഇതിഹാസ തുല്യമായൊരു സംഗീതജീവിതത്തെ പകര്‍ത്താന്‍ ഇരുപത് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ളൊരു ഹ്രസ്വചിത്രത്തിലൂടെ ഒരിക്കലും കഴിയില്ല. ഈ സമയപരിധിയില്‍ ഉപരിപ്ലവമായി ചിലതു പറയാനേ കഴിയൂ. അതാണ് ‘ഈ ജീവിതത്തിന് പേര് സംഗീതം’ എന്ന ഹ്രസ്വചിത്രത്തിന്റെ അപര്യാപ്തത.
പാറശാല പൊന്നമ്മാള്‍ പത്മശ്രീ പുരസ്ക്കാരം സ്വീകരിക്കുന്നു
ദേവി ജഗജ്ജനനി
ദേഹികൃപയാ മമ
താവക ചരണയുഗ ഭക്തിം-
എന്ന സ്വാതി തിരുനാളിന്റെ ശങ്കരാഭരണരാഗ കീര്‍ത്തനം 2006ല്‍ തിരുവനന്തപുരം കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ പാറശാല പൊന്നമ്മാള്‍ പാടിയപ്പോള്‍ അത് ചരിത്രമായിരുന്നു. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തില്‍ ക്ഷേത്രപ്രവേശന വിളംബരം പോലെയാണ് സംഗീതചരിത്രത്തില്‍ ഒരു സ്ത്രീ നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടുന്നത്. അതിന് കാരണക്കാരനായ പ്രിന്‍സ് രാമവര്‍മയുടെ മൊഴികളോടെ ആ ചരിത്രം ചലച്ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ശ്രദ്ധേയമായി.
ഒരു സംഗീതക്കച്ചേരിയുടെ പ്രാരംഭത്തില്‍ വര്‍ണം ആലപിക്കുമ്പോള്‍ തന്നെ നാദബിന്ദു സദസിലേക്ക് സംക്രമിപ്പിക്കാനും ശ്രോതാക്കളെ ലയത്തിലാഴ്ത്താനും അന്തരീക്ഷത്തില്‍ ഭാവമാറ്റം സൃഷ്ടിക്കാനും കഴിവുള്ള ഗായകര്‍ അത്യപൂര്‍വമാണ്. അത്തരമൊരു ഗായികയായ പാറശാല പൊന്നമ്മാളിന്റെ ഈ അപൂര്‍വത എടുത്തുകാട്ടുന്ന ആലാപനങ്ങള്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നെങ്കില്‍ അത് പൊലിമ വര്ധിപ്പിക്കുമായിരുന്നു. ഈ ദിശയിലുള്ള അനേ്വഷണമോ, ഗവേഷണമോ നടത്തി ചില ഏടുകള്‍ ചിത്രത്തില്‍ ഉള്ക്കൊള്ളിക്കാമായിരുന്നു.
നെയ്യാറ്റിന്‍കര വാസുദേവന്‍, എം ജി രാധാകൃഷ്ണന്, പാലാ സി കെ രാമചന്ദ്രന്, കുമാര കേരളവര്‍മ്മ, സീതാ ലക്ഷ്മി തുടങ്ങി എണ്പതു കഴിഞ്ഞ ശ്യാമളകുമാരി മുതല്‍ പത്താം ക്ലാസുകാരി കീര്‍ത്തന രമേശ് വരെ നീളുന്നതാണ് പൊന്നമ്മാള്‍ ടീച്ചറുടെ ശിഷ്യസമ്പത്ത്. ജീവിച്ചിരിക്കുന്ന പ്രശസ്തരും പ്രശസ്തിയിലേക്കുയരുന്നവരുമായ ശിഷ്യഗണങ്ങളുടെ സംഗീതാര്‍ച്ചനയോടെ ആരംഭിക്കുന്ന ഈ ചിത്രം എന്തുകൊണ്ടും പാറശാല പൊന്നമ്മാളിനുള്ള ഒരു ദക്ഷിണയായി. ഒപ്പം പ്രൊഫ. പാറശാല പൊന്നമ്മാള്‍ എന്ന സംഗീതജ്ഞ സംഗീതത്തിന്റെ വ്യത്യസ്ത ഭാവതലത്തിലുള്ള ചലച്ചിത്രപ്രമേയങ്ങള്ക്ക് ഇനിയും വിഷയഭൂതയാണെന്നും ആര് പാര്‍വതീദേവിയും പ്രിയാ രവീന്ദ്രനും ഒരുക്കിയ ചലച്ചിത്രം ഓര്‍മപ്പെടുത്തുന്നു.