‘പറയിപെറ്റ പന്തിരുകുലം’ പി കെ സദാനന്ദന്റെ ചുവര്‍ ചിത്രം കൊച്ചി വിമാനത്താവളത്തില്‍

Web Desk
Posted on December 04, 2017, 12:18 pm
ആര്‍ട്ടിസ്റ്റ് പി കെ സദാനന്ദൻ ചിത്രത്തോടൊപ്പം 

കൊച്ചി:മുസിരിസ് ബിനാലെ മൂന്നാം ലക്കത്തില്‍ ഏറെ ശ്രദ്ധേയമായ പി കെ സദാനന്ദന്റെ ‘പറയിപെറ്റ പന്തിരുകുല’മെന്ന ചുവര്‍ചിത്രം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുത്തു. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമുള്ള പ്രകൃതിദത്ത ചുവര്‍ച്ചിത്രം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പുതിയ ടെര്‍മിനലിലാണ് ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

15 മീറ്റര്‍ നീളവും 3 മീറ്റര്‍ ഉയരവുമായി, കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍  കാണികളെ വരവേറ്റിരുന്ന പ്രദര്‍ശന ഇനങ്ങളിലൊന്നായിരുന്നു ഇത്. തൃശൂര്‍ സ്വദേശിയായ പി കെ സദാനന്ദന്‍ എന്ന ചുവര്‍ ചിത്രകാരന്‍ നൂറുദിവസത്തിലധികം ചിലവഴിച്ചാണ് ഇതു വരച്ച് തീര്‍ത്തത്. കല്ല്, ഇല, മരക്കറ, എണ്ണ എന്നിവയില്‍ നിന്നെടുക്കുന്ന നിറങ്ങള്‍ ഉപയോഗിച്ചായിരുന്നു രചന. 

ബിനാലെ സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരും മറ്റ് പ്രമുഖരുമെല്ലാം ഈ ചുവര്‍ചിത്രം സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞിരുന്നതായി ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ധനമന്ത്രി തോമസ് ഐസക്, മുന്‍മന്ത്രി എം എ ബേബി, കെ വി തോമസ് എം പി എന്നിവരാണ് സിയാല്‍ എയര്‍പോര്‍ട്ടിന്റെ പുതിയ ടെര്‍മിനലില്‍ ഈ സൃഷ്ടി പ്രദര്‍ശിപ്പിക്കാവുന്നതാണെന്ന് നിര്‍ദ്ദേശിച്ചത്. ബിനാലെ കഴിഞ്ഞതിനു ശേഷം അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സിയാല്‍ എംഡി വി.ജെ കുര്യനുമായി നടത്തി. തുടര്‍ന്നാണ് ഇത് പുതിയ ടെര്‍മിനലില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് ബോസ് പറഞ്ഞു.

ആര്‍ട്ടിസ്റ്റ് പി കെ സദാനന്ദനുമായി സംസാരിച്ച് ചിത്രം സിയാലിനു കൈമാറാന്‍ ഫൗണ്ടേഷന്‍ മുന്‍കയ്യെടുത്തു. വിമാനത്താവളത്തില്‍ പ്രദര്‍ശിപ്പിക്കുന്നതു വഴി, സമത്വമെന്ന ആശയം ഈ ചിത്രത്തിലൂടെ ലോകത്തിനു നല്‍കുകയാണെന്നും ബോസ് ചൂണ്ടിക്കാട്ടി.

ലോക സാംസ്‌കാരിക ഭൂപടത്തില്‍ ഇടം പിടിച്ച ബിനാലെയ്ക്ക് സിയാലിനുള്ളിലെ സാന്നിദ്ധ്യം മുതല്‍ക്കൂട്ടാകും. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ ലോകത്തെ വിവിധ സംസ്‌കാരങ്ങളുമായി ബന്ധം പുലര്‍ത്തി വന്ന കൊച്ചിയിലേക്ക് ലോക പ്രശസ്തരായ കലാകാരന്മാരെ എത്തിക്കുന്നതില്‍ തുടക്കം മുതലേ ബിനാലെ മാതൃക കാട്ടിത്തരുന്നുണ്ട്. ആദ്യ മൂന്നു ബിനാലെയില്‍ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടികളിലൊന്നാണ് ‘പറയിപെറ്റ പന്തിരുകുലം’.

പുതുതായി നിര്‍മ്മിച്ച മൂന്നാം ടെര്‍മിനല്‍ മന്ദിരത്തിലേക്ക് ഈ ചുവര്‍ ചിത്രം എത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. കേരളത്തിന്റെ തനത് പാരമ്പര്യമായ ചുവര്‍ചിത്രകലയെ അടുത്തറിയാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടി കടന്നു പോകുന്ന ലോകമെമ്പാടുമുള്ള യാത്രക്കാര്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

സൃഷ്ടിയില്‍ താന്‍ പരമ്പരാഗത രീതിയാണ് ഉപയോഗിച്ചതെങ്കിലും ആശയം വര്‍ത്തമാനകാല പ്രാധാന്യമുള്ളതാണെന്ന്  പി കെ സദാനന്ദന്‍ പറയുന്നു. കേരളത്തിലേക്കെത്തുന്നവരെ വരവേല്‍ക്കുന്നത് ഈ ആശയങ്ങളാകും എന്നത് ഏറെ സന്തോഷം തരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. താനും മൂന്നു സഹായികളും വിശ്രമമില്ലാതെ വരച്ചെടുത്തതാണ് ‘പറയിപെറ്റ പന്തിരുകുലം’. ഈ സൃഷ്ടിയെ അനശ്വരമാക്കാന്‍ സഹായിച്ച ബിനാലെ ഫൗണ്ടേഷനോടും സിയാലിനോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബിനാലെ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ ഭീമന്‍ ചിത്രം പുതിയ ടെര്‍മിനലിനുള്ളില്‍ സ്ഥാപിച്ചത്. മികച്ച വെളിച്ച സംവിധാനം, ചിത്രത്തെക്കുറിച്ചുള്ള വിവരണം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.