അലിഗഢ് റയില്‍വേ സ്റ്റേഷനില്‍ മുസ്ലീം കുടുംബത്തിന് മര്‍ദ്ദനം

കാണ്‍പുര്‍: അലിഗഢ് റയില്‍വേ സ്റ്റേഷനില്‍ ഒരു മുസ്ലീം കുടുംബത്തിന് ക്രൂരമര്‍ദ്ദനം. കനോജില്നിന്ന് അലിഗഢിലേക്ക് വന്ന കുടുംബമാണ് ആക്രമിക്കപ്പെട്ടത്. മനുആനന്ദ് വിഹാര്‍ ട്രെയിനില്‍ വന്നിറങ്ങിയ കുടുംബത്തെയാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ വരെ ജെഎന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
20-25 പേരോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് റെയില്‍വേ പൊലീസ് വക്താവ് പറഞ്ഞു. ട്രെയിനില്‍വെച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു. അക്രമണത്തിന് ഇരയായവരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അതേസമയം തങ്ങളെ ആക്രമിക്കുന്നത് പൊലീസ് കണ്ടെങ്കിലും അവര്‍ അക്രമികളെ പിടികൂടാതെ വീഡിയോ പകര്‍ത്തുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. അക്രമികള്‍ ഒരേ തരത്തിലുള്ള ഷാള്‍ കഴുത്തില്‍ ചുറ്റിയാണ് എത്തിയത്. അവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിച്ചിരുന്നെന്നും ഇവര്‍ പറഞ്ഞു.അക്രമികള്‍ സ്ഥലത്തുനിന്നും പോയശേഷമാണ് തങ്ങളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചതെന്നും ഇവര്‍ പറഞ്ഞു.
അതേസമയം അവര്‍ മുസ്ലിങ്ങളായതിനാലാണ് ആക്രമിക്കപ്പെട്ടതെന്നാണ് സംഭവത്തിനു ദൃക്സാക്ഷിയായ ഫര്ഹാന് സുബേരി എന്നയാള്‍ പറഞ്ഞത്. കാവിവസ്ത്രം ധരിച്ചവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് ആക്രമിച്ചതെന്ന് ഫര്ഹാന് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. കുറ്റവാളികള്‍ക്കെതിരെ എത്രയും പെട്ടന്ന് നടപടികളെടുക്കണമെന്ന് വിദ്യാര്‍ഥി യൂണിയന് ആവശ്യപ്പെട്ടു.