18 April 2024, Thursday

Related news

February 21, 2023
August 13, 2022
May 25, 2022
January 26, 2022
January 13, 2022
October 11, 2021
September 28, 2021
September 23, 2021
September 15, 2021
September 14, 2021

12 എംഎസ്എഫ് ജില്ലാ കമ്മിറ്റികളും ഹരിതയ്ക്കൊപ്പം; പരാതി ദേശീയ നേതൃത്വത്തിനു മുന്നിലും

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
September 11, 2021 11:02 pm

മുസ്ലീം ലീഗിൽ ഹരിത നേതാക്കൾ ഉയര്‍ത്തിയ വിവാദം ഒടുങ്ങുന്നില്ല. ഹരിത നേതാക്കൾ വനിത കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ പ്രശ്നം വീണ്ടും രൂക്ഷമാകുകയാണ്. കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം നവാസ് ഹരിതയ്ക്കെതിരെ നിലപാട് കടുപ്പിക്കുകയായിരുന്നു. പാർട്ടി പറഞ്ഞാൽ എല്ലാം തുറന്നുപറയുമെന്നാണ് നവാസ് ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ലൈംഗിക ചുവയോടെ സംസാരിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ നവാസ് പാർട്ടി ആവശ്യപ്പെട്ട പ്രകാരമാണ് ഖേദ പ്രകടനം നടത്തിയതെന്നും പറഞ്ഞു. 

തനിക്കെതിരെയുള്ള വിവാദത്തിൽ പാർട്ടി തനിക്കൊപ്പമാണെന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തെറ്റ് ചെയ്തെന്ന് തെളിയിക്കപ്പെട്ടാൽ താൻ രാജിവയ്ക്കാൻ സന്നദ്ധനാണെന്നും നവാസ് പറയുന്നു. പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയിൽ നിന്ന് പുറത്ത് പോകാൻ ആരും ആഗ്രഹിക്കില്ലെന്നും എന്നാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പിന്നിൽ പാർട്ടിയെ വിലമതിക്കാത്ത ചിലരാണെന്നുമാണ് ഹരിത നേതാക്കളെ പരാമർശിച്ചുകൊണ്ട് നവാസ് പറഞ്ഞത്. പാർട്ടിയെ വിലമതിക്കാതെ അവർ വിലപേശുകയാണെന്നും നവാസ് ആരോപിക്കുന്നു. 

നവാസിന്റെ ഇപ്പോഴത്തെ പ്രതികരണം ഹരിത വിഷയം കൂടുതൽ സങ്കീർണമാക്കുകയാണെന്നാണ് ഭൂരിപക്ഷം എംഎസ്എഫ് ജില്ലാ കമ്മിറ്റികളും വിലയിരുത്തുന്നത്. പരാതി ഉന്നയിച്ച വനിത നേതാക്കൾക്കെതിരെ പറയാൻ തന്റെ കൈയ്യിൽ ധാരാളം ആയുധങ്ങള്‍ ഉണ്ടെന്ന തരത്തിലാണ് നവാസിന്റെ പ്രതികരണം. അക്കാര്യം മുസ്ലീം ലീഗ് നേതൃത്വത്തിനും അറിയാമെന്നും അവരുടെ അനുമതി കിട്ടിയാൽ അത് വെളിപ്പെടുത്തുമെന്നുമാണ് നവാസിന്റെ ഭീഷണി. പരാതിക്കാരെ കൂടുതൽ അവമതിക്കാനുള്ള നീക്കമായിട്ടേ ഇതിനെ പൊതുസമൂഹം വിലയിരുത്തൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് മുസ്ലീം ലീഗിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുമെന്നാണ് ഒരുവിഭാഗം എംഎസ്എഫ് നേതാക്കള്‍ വ്യക്തമാക്കുന്നത്. 

നവാസ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഹരിത നേതാക്കളുടെ എംഎസ്എഫിലേക്കുള്ള തിരിച്ചുവരവിന്റെ സാധ്യതകൾ ഏറെക്കുറേ പൂർണമായും അടഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്. അറസ്റ്റ് ഹരിതയുടെ പോരാട്ടത്തിന്റെ വിജയമായാണെന്നും ഒരുവിഭാഗം കരുതുന്നു.
സംസ്ഥാനത്തെ 14 ൽ 12 എംഎസ്എഫ് ജില്ലാ കമ്മിറ്റികളും ഹരിതയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സംഘടനയില്‍ തന്നെ നവാസ് ഒറ്റപ്പെടുന്ന അവസ്ഥയാണ്. ഏറ്റവും ഒടുവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും സീനിയർ വൈസ് പ്രസിഡന്റും ഉൾപ്പെടെയുള്ള എട്ട് സംസ്ഥാന നേതാക്കളാണ് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് പരാതി നൽകിയിട്ടുള്ളത്. പി കെ നവാസിന്റെ പരാമർശങ്ങൾ അസ്ഥാനത്താണെന്നും നടപടി വേണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ആണ് പ്രശ്നം ഇത്രമേല്‍ വഷളാക്കിയതെന്ന ആക്ഷേപവും ഇവര്‍ ഉന്നയിക്കുന്നു. ഹരിത നേതാക്കളുടെ പരാതി മുസ്ലീം ലീഗ് പരിഗണിച്ച രീതിയിൽ തന്നെ പോരായ്മകൾ സംഭവിച്ചിട്ടുണ്ട്. പരാതി നൽകിയവർക്കെതിരെ തുടക്കം മുതൽ അച്ചടക്ക ലംഘനം എന്ന ആരോപണം പാർട്ടി ഉയർത്തിയപ്പോള്‍ കുറ്റാരോപിതരെക്കുറിച്ച് ഒരു പരസ്യ വിമർശനവും നടത്തിയിട്ടില്ല. വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കാൻ ഹരിത നേതാക്കൾക്ക് പലതവണ അന്ത്യശാസനം നൽകിയ നടപടിയും ഹരിത പ്രവർത്തനം ആദ്യം മരവിപ്പിച്ചതും പിന്നീട് കമ്മിറ്റി പിരിച്ചുവിട്ടതുമെല്ലാം പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

പികെ നവാസിനെതിരെ എംഎസ്എഫിൽ വലിയ വികാരം രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരുടെ ശക്തമായ പിന്തുണ നവാസിനുണ്ട്. എംഎസ്എഫിന്റെ ചുമതല മുസ്ലീം ലീഗ് നൽകിയിട്ടുള്ളത് സിപി ചെറിയ മുഹമ്മദിനാണ്. ഇതിലും ഈ വിഭാഗത്തിന് ഇപ്പോൾ അസംതൃപ്തിയുണ്ട്. ചെറിയ മുഹമ്മദിനെ ആ ചുമതലയിൽ നിന്ന് മാറ്റണമെന്നും ഇവർ കുഞ്ഞാലിക്കുട്ടിയ്ക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

Eng­lish Sum­ma­ry : Mus­lim League MSF and haritha issue

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.