Web Desk

മലപ്പുറം

July 26, 2021, 12:29 pm

മലപ്പുറത്ത് മുസ്ലീം ലീഗ് നേതാക്കളെ യൂത്ത് ലീഗുകാര്‍ പൂട്ടിയിട്ടു

Janayugom Online

മലപ്പുറത്ത് മുസ്ലീം ലീഗ് നേതാക്കളെ യൂത്ത് ലീഗ് പൂട്ടിയിട്ടു. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മുസ്ലീം ലീഗ് നേതാക്കളെ യൂത്ത് ലീഗ് പൂട്ടിയിടാന്‍ കാരണമായത്. യൂത്ത് ലീഗ് പ്രതിനിധിയെ പ്രസിഡന്റുസ്ഥാനത്ത് പരിഗണിക്കുന്നത് മനഃപൂര്‍വ്വം ഒഴിവാക്കിയെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. അനീസ് മടത്തിലിനെ പഞ്ചായത്ത് പ്രസിഡന്റാക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. എന്നാല്‍ പരിഗണിച്ചിരുന്നില്ല.

ജൂണ്‍ 21നാണ് മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ചോലക്കല്‍ കോയ കോവിഡ് ബാധിച്ച് മരിച്ചത്. ഇതിനെതുടര്‍ന്ന് വീണ്ടും പുതിയ പ്രസിഡന്റിനെ തീരുമാനിക്കാനൊരുങ്ങുകയായിരുന്നു. എന്നാല്‍ വാര്‍ഡ് അംഗങ്ങളും പാര്‍ട്ടി ഭാരവാഹികളും അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന യോഗം സംഘര്‍ഷത്തിലേക്കെത്തുകയാണുണ്ടായത്. യൂത്ത് ലീഗിനെ പരിഗണിക്കാതെ മറ്റൊരാളെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ മുസ്ലിംലീഗ് ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് തര്‍ക്കമുണ്ടായതും നേതാക്കളെ ഓഫിസിനുള്ളില്‍ പൂട്ടിയിട്ടതും.

ഇതോടെ യുഡിഎഫിന്റെ പതിനൊന്ന് മെമ്പര്‍മാരും ജില്ലാ മുസ്ലിം ലീഗിന്റെ സെക്രട്ടറിയും പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, പ്രസിഡന്റ്, മറ്റ് ഭാരവാഹികളും പുറത്തിറങ്ങാനാവാതെ കുടുങ്ങി. നേരത്തെ ഉണ്ടായിരുന്ന വൈസ് പ്രസിഡന്റിനെ, പ്രസിഡന്റായി നിയമിക്കാനായിരുന്നു മുസ്ലിം ലീഗ് പഞ്ചായത്ത് നേതൃത്വവും ജില്ലാ നേതൃത്വവും തീരുമാനിച്ചത്. എന്നാല്‍ അനീസ് മടത്തലിനെ പഞ്ചായത്ത് പ്രസിഡന്റ് ആക്കണമെന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ആവശ്യം

You may also like  this video: