മദനിയും മുസ്‌ലീം ലീഗും അടുക്കുന്നു

Web Desk
Posted on December 14, 2017, 9:43 am

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ചു. ബാംഗ്ലൂരിലെ മഅദനിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം മഅദനിയെ സന്ദര്‍ശിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മനുഷ്യാവകാശ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇരകള്‍ക്കൊപ്പം നില്‍ക്കുമെന്നും മനുഷ്യാവകാശ നിഷേധത്തിനെതിരെ നിലകൊള്ളുമെന്നും മുസ്ലിം ലീഗ് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് രാഷ്ട്രീയ എതിരാളിയാണെങ്കിലും മഅദനിയെ കാണാന്‍ ഹൈദരലി തങ്ങള്‍ തയ്യാറായത്. എന്നാല്‍ രാഷ്ട്രീയ ഐക്യം സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്നും നീരീക്ഷിക്കുന്നവരുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ മഅദനിയെ സന്ദര്‍ശിച്ചത് വരും ദിവസങ്ങളില്‍ വന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നത് തീര്‍ച്ചയാണ്.
പത്തു വര്‍ഷത്തിനു ശേഷമാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ മഅദനിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്ത വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. മഅദനിയോട് എന്നും നയപരമായ അകല്‍ച്ച പാലിക്കുന്ന മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റും, ദേശീയ രാഷ്ട്രീയകാര്യ സമിതിയുടെ അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സന്ദര്‍ശനം പ്രതിപക്ഷ കക്ഷികള്‍ അടക്കം വരും ദിവസങ്ങളില്‍ ചര്‍ച്ചയാക്കും. യു ഡി എഫിനോടും, മുസ്ലിം ലീഗിനോടും അകലം സൂക്ഷിച്ചിട്ടുള്ള പി ഡി പിയുടെ നിലപാടിലും മാറ്റമുണ്ടായോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്.
ബാംഗ്ലൂര്‍ ബെന്‍സല്‍ ടൗണിലെ മഅദനിയുടെ താല്‍ക്കാലിക വസതിയിലാണ് കൂടിക്കാഴ്ച്ച. എസ് വൈ എസ് (ഇ.കെ വിഭാഗം) സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയും ഹൈദരലി തങ്ങളോടൊപ്പം മഅദനിയെ സന്ദര്‍ശിച്ചു