സ്വന്തം ലേഖകൻ

കാസര്‍കോട്‌

November 08, 2020, 10:47 pm

പാര്‍ട്ടിയെയും തങ്ങളെയും വിശ്വസിച്ച് നിക്ഷേപിച്ച പണം നഷ്ടമായി; ലീഗ്‌ അണികളില്‍ അമര്‍ഷം പുകയുന്നു

Janayugom Online

സ്വന്തം ലേഖകൻ

എം സി കമറുദ്ദീന്‍ എംഎൽഎയുടെ അറസ്റ്റ്‌ രാഷ്‌ട്രീയ പകപോക്കലാണെന്ന്‌ മുസ്‌ലിം ലീഗ്‌ നേതൃത്വം പറയുമ്പോഴും നിക്ഷേപകരായ മുസ്‌ലിം ലീഗ്‌ അണികളില്‍ അമര്‍ഷം പുകയുന്നു. സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ ബാലന്‍സ്‌ ചെയ്യാനുളള നീക്കമാണിതെന്നാണ്‌ ഇന്നലെ കുഞ്ഞാലിക്കുട്ടി കോഴിക്കോട്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്‌. നിക്ഷേപകരുടെ പണം എത്രയും വേഗം തിരിച്ച്‌ കൊടുക്കണമെന്നാണ്‌ ലീഗ്‌ നിലപാടെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ എങ്ങനെ നല്‍കുമെന്ന്‌ മാത്രം മുസ്‌ലിം ലീഗ്‌ നേതൃത്വം പറഞ്ഞില്ല.

കാരണം നിക്ഷേപിച്ച പണം ധൂര്‍ത്തടിക്കുകയും സ്വത്തുക്കള്‍ മറിച്ചു വില്‍ക്കുകയും ചെയ്‌തതോടെ നിക്ഷേപകര്‍ക്ക്‌ തിരിച്ചുകൊടുക്കാന്‍ ഒന്നുമില്ല. പിന്നെ എന്തിനാണ്‌ എംഎൽഎയെ ലീഗ്‌ നേതൃത്വം സംരക്ഷിക്കുന്നത് എന്നാണ്‌ ലീഗ്‌ അണികളുടെ ചോദ്യം. തങ്ങളെ വഞ്ചിച്ചു കൈക്കലാക്കിയെന്നു നിക്ഷേപകര്‍ പറയുന്ന 150 കോടിയോളം രൂപ എവിടെ? പണം എവിടെ പോയെന്നോ, എന്തു ചെയ്‌തെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രശ്‌ന പരിഹാരത്തിന്‌ നിയോഗിച്ച മുസ്‌ലിം ലീഗ്‌ മധ്യസ്ഥ സംഘത്തിന്‌ നിക്ഷേപവും സ്വത്തുകളും തമ്മിലുള്ള അന്തരം വളരെ വലുതാണെന്ന്‌ നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പെട്ടന്ന്‌ എങ്ങനെ നഷ്ടത്തിലായി എന്നതാണ്‌ നിക്ഷേപകരുടെ ചോദ്യം.

ബിസിനസ്‌ മോശമായെന്നും ഇതോടൊപ്പം നോട്ട്‌ നിരോധനം കൂടി വന്നതോടെ തകർന്നുവെന്നുമായിരുന്നു വാദം. തങ്ങള്‍ കുടുംബത്തിലെ അംഗമായ ടി കെ പൂക്കോയ തങ്ങളും മുസ്‌ലിം ലീഗ്‌ നേതാവുമായ എം സി കമറുദ്ദീനുമാണ്‌ സ്ഥാപന എം ഡിയും ചെയര്‍മാനും എന്നതാണ്‌ പലരും വിശ്വസിച്ച്‌ ഇതിലേക്ക്‌ നിക്ഷേപം ഇറക്കാന്‍ പ്രേരിപ്പിച്ചത്‌. പണം മറ്റ്‌ പല ബിസിനസുകള്‍ക്കും ഉപയോഗിച്ചുവെന്നാണ്‌ നിക്ഷേപകർ ആരോപിക്കുന്നത്‌. നൂറു കോടി രൂപയോളം വക മാറ്റിയിട്ടുണ്ടെന്നും സ്വര്‍ണക്കടത്തിനുവേണ്ടിയും ഈ പണം ഉപയോഗിച്ചിട്ടുണ്ടെന്നും നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

ഇതുകൂടാതെ കേരളത്തിലും ബംഗളൂരുവിലും ഭൂമി വാങ്ങിക്കൂട്ടിയതായും നിക്ഷേപകരുടെ പരാതിയുണ്ട്‌. ഫാഷന്‍ ഗോള്‍ഡിന്റെ പയ്യന്നൂര്‍ ശാഖയില്‍ നിന്നും ഡയറക്ടര്‍മാര്‍ ചേര്‍ന്ന്‌ കിലോ കണക്കിന്‌ സ്വര്‍ണ, വജ്രാഭരണങ്ങള്‍ കടത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച്‌ തന്നെ കണ്ടെത്തിയിട്ടുണ്ട്‌. സ്ഥാപനം നഷ്ടത്തിലാണെന്നു മനസിലാക്കിയ ഡയറക്ടര്‍മാരാണ്‌ തങ്ങള്‍ മുടക്കിയ പണം തിരിച്ചെടുക്കുന്നുവെന്ന തരത്തില്‍ പയ്യന്നൂരിലെ ശാഖയില്‍ നിന്നും അഞ്ചര കിലോയോളം സ്വര്‍ണവും അമ്പത്‌ ലക്ഷം രൂപയുടെ രത്‌നാഭരണങ്ങളും കൊണ്ടുപോയത്‌. എട്ടു കോടിയോളം രൂപ ഇവര്‍ മുടക്കിയിരുന്നതായാണ്‌ അന്വേഷണ സംഘം പറയുന്നത്.

1.41 കോടിയുടെ നികുതിവെട്ടിപ്പും നടത്തി 

ഫാഷന്‍ ഗോള്‍ഡ്‌ 1.41 കോടിയുടെ നികുതിവെട്ടിപ്പ്‌ നടത്തിയെന്ന്‌ ജിഎസ്‌ടി ഇന്റലിജന്‍സും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണത്തിന്റെ സ്‌റ്റോക്ക്‌ കാണിക്കുന്നതിലും തട്ടിപ്പ്‌ നടത്തിയിരുന്നു.  ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി സ്ഥാപിച്ച 2006 മുതല്‍ 2019 വരെയുള്ള കോടികളാണ്‌ നിക്ഷേപമായി എത്തിയത്‌. 800ഓളം നിക്ഷേപകരും 150 കോടിയുടെ നിക്ഷേപവുമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം 2019 ലാണ്‌ തകരുന്നത്‌. 2019 ഓഗസ്റ്റ്‌ മുതല്‍ നിക്ഷേപകര്‍ക്ക്‌ ലാഭവിഹിതം നല്‍കിയിരുന്നില്ല.

കമ്പനി നഷ്ടത്തിലാണെന്നതായിരുന്നു എം സി കമറുദ്ദീന്‍ പറഞ്ഞിരുന്നത്‌. തുടർന്ന്‌ ലാഭവിഹിതം കിട്ടാതായതോടെയാണ്‌ പരാതിക്കാര്‍ രംഗത്തു വരാന്‍ തുടങ്ങിയത്‌. ബിസിനസ്‌ തകര്‍ന്നുവെന്ന പേരില്‍ ഒടുവില്‍ ഈ സ്ഥാപനം അടച്ചു പൂട്ടിയപ്പോഴും പണം എങ്ങോട്ട്‌ പോയി, എന്ത്‌ സംഭവിച്ചു എന്ന കാര്യത്തില്‍ യാതൊരു മറുപടിയും കമറുദ്ദീന്‍ അടക്കമുള്ളവര്‍ക്കില്ല.

Eng­lish sum­ma­ry; mus­lim league lat­est upadation

You may also like this video;