Web Desk

മലപ്പുറം

November 09, 2020, 7:22 pm

മത്സരിക്കും മുമ്പേ ചെയർമാനാകാൻ ലീഗ് നേതാവ്

Janayugom Online

കൊണ്ടോട്ടി നഗരസഭ അധ്യക്ഷ സ്ഥാനം വനിത സംവരണമായതിനെതിരെ മുസ്ലീം ലീഗ് നേതാവ് ഹൈക്കോടതിയെ സമീപിച്ചത് വിവാദത്തിൽ.  നഗരസഭ അധ്യക്ഷ സ്ഥാനം ജനറൽ വിഭാഗത്തിലേക്ക്‌ മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൊണ്ടോട്ടി മുനിസിപ്പൽ മുസ്ലിം ലീഗിൻറെ മുൻ ജനറൽ സെക്രട്ടറിയും നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായിരുന്ന എം എ റഹീം ആണ് കേരള ഹൈക്കോടതിയിൽ wp c 24181/2020 നംബ്രായി കേസ് ഫയൽ ചെയ്തിരിക്കുന്നത്.

നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് അധ്യക്ഷ പദവി 2010 മുതൽ 2015 വരെ എസ് സി വനിതാ സംവരണവും കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത് അധ്യക്ഷപദവി വനിതാസംവരണവും ആയിരുന്നു. കൊണ്ടോട്ടി നഗരസഭ നിലവിൽ വന്ന 2015 മുതൽ 2020 വരെ ചെയർമ്മാൻ പദവി എസ് സി ജനറൽ സംവരണംവും ആയിരുന്നു എന്നും അതിനാൽ വീണ്ടും ചെർപ്പെഴ്സൺ പദവി വനിതകൾക്ക്‌ സംവരണം ചെയ്തത്‌ നിയമപരമായി നിലനിൽക്കില്ല എന്നുമാണ് ലീഗ് നേതാവിന്റെ ഹർജിയിലെ പ്രധാന വാദം. താൻ ഈ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നുണ്ട് എന്നും മത്സരിച്ച്‌ ജയിച്ചാൽ നഗരസഭാ ചെയർമാൻ ആകാൻ സാധ്യതയുണ്ടെന്നുമുള്ള അവകാശവാദമുന്നയിച്ചു കൊണ്ടാണ് എം എ റഹീം കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

താൻ നഗരസഭാ ചെയർമ്മാനാകാനിടയുണ്ടെന്ന് തന്നെ ഹരജിയിൽ റഹീ വ്യക്തമായി വാദിക്കുന്നുണ്ട്‌ . ലീഗിലെ സ്ഥാനാർഥി നിർണ്ണയം പോലും പൂർത്തീകരിച്ചിട്ടില്ല എന്നിരിക്കെ താൻ മുൻസിപ്പൽ ചെയർമാൻ ആകുമെന്ന അവകാശവാദവുമായി ഹൈക്കോടതിയെ സമീപിച്ച ലീഗ് നേതാവിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ വിമർശനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണ നഗരസഭയിലെ ചിറയിൽ വാർഡിൽ സ്വയം സ്ഥാനാർഥിയായി എം എ റഹീം രംഗത്തിറങ്ങിയതും ആ പ്രദേശത്തെ ലീഗ്‌ പ്രവർത്തകർക്കിടയിലും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്‌ .

കേരള ഹൈക്കോടതിയിൽ നഗരസഭയും ഇലക്ഷൻ കമ്മീഷനെയും സംസ്ഥാന ഗവൺമെന്റിനെയും മറ്റും പ്രതി ചേർത്താണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. മുസ്ലിംലീഗ് നഗരസഭയിൽ ജയിച്ചാൽ തന്നെ നഗരസഭ ചെയർമാൻ സ്ഥാനത്തേക്കുള്ള കിടമത്സരം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. റഹീമിന്റെ പുതിയ നീക്കത്തിൻ പാർട്ടി പിന്തുണയില്ലെന്നാണറിയുന്നത്. റഹീം സ്വന്തം ഇഷ്ടപ്രകാരം കോടതിയെ സമീപിച്ചതാണെന്നും ലീഗിന് അങ്ങനെ ഒരു ആവശ്യം ഇല്ലെന്നും പാർട്ടി മുൻസിപ്പൽ കമ്മറ്റി പ്രസിഡണ്ട് താന്നിക്കൽ കുഞ്ഞുട്ടി  പറഞ്ഞു.

 

Eng­lish sum­ma­ry: Mus­lim league leader elec­tion controversy
You may also like this video: