സുരേഷ് എടപ്പാള്‍

മലപ്പുറം

May 21, 2021, 10:00 pm

കോണ്‍ഗ്രസിനു പിന്നാലെ മുസ്ലീംലീഗിലും നേതൃമാറ്റത്തിനുവേണ്ടി മുറവിളി; കുഞ്ഞാലിക്കുട്ടിക്കെതിരെ അണികള്‍ രംഗത്ത്

Janayugom Online

നിയമസഭാതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ മുന്‍നിര്‍ത്തി പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചുപണിയിലേക്ക് കോണ്‍ഗ്രസ് പോലും ആലോചിക്കുമ്പോള്‍ അതൊന്നും കണ്ടില്ലെന്നു നടിക്കുന്ന ലീഗ് നേതൃത്വത്തിന്റെ അനങ്ങാപ്പാറാനയത്തിനെതിരെ അണികളുടെ മുറവിളി. പാണക്കാട് തങ്ങള്‍ കുടുംബത്തിലുള്ളവര്‍ വഹിക്കുന്ന സ്ഥാനങ്ങളൊഴിച്ച്  പാര്‍ട്ടിയുടെ മറ്റെല്ലാ സംസ്ഥാനഭാരവാഹി പദവികളിലും മാറ്റം വേണമെന്ന് ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും രണ്ടാംനിര നേതാക്കളും പരസ്യമായി തന്നെ ആവശ്യപ്പെടുകയാണ്.

സംസ്ഥാന ജനറല്‍ സെക്രട്ടറിയാകാനുള്ള കുഞ്ഞാലിക്കുട്ടിയുടെ ശ്രമങ്ങള്‍ പരസ്യമായതിനെ തുടര്‍ന്ന വലിയ വിമര്‍ശനമാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്. ഫേസ്ബുക്കില്‍ കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റുകള്‍ക്ക് താഴെ രുക്ഷമായി തന്നെ വിമര്‍ശിക്കുകയാണ് അണികള്‍. ഹരിയാനയില്‍ മുസ്ലീം യുവാവിനെ കൊലചെയ്യപ്പട്ട സംഭവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള കുഞ്ഞാലിക്കുട്ടിയുടെ ഇന്നലെത്തെ എഫ്ബി  പോസ്റ്റില്‍ വിമര്‍ശനപൊങ്കാലയാണുണ്ടായത്.

പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടായ കനത്തതോല്‍വിക്കുകാരണം കുഞ്ഞാലിക്കിട്ടിയും കോണ്‍ഗ്രസിലെ കാരണവന്മാരായ നേതാക്കളുമാമെന്ന് പ്രവര്‍ത്തകര്‍ തുറന്നടിക്കുകയാണ്. പി കെ കുഞ്ഞാലിക്കിട്ടിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തപ്പോഴും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ പോസ്റ്റിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തുകയുണ്ടായി.

അയ്യായിരത്തിലേറെ എതിരഭിപ്രായങ്ങളാണ് ഇത്തരത്തില്‍ വന്നത്. അവയെല്ലാം കുഞ്ഞാലിക്കുട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനവും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനവും ഒന്നിച്ചു വഹിക്കണമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ മനസ്സിലുള്ള ആഗ്രഹം. അതിനു വേണ്ടിയുള്ള കരുനീക്കങ്ങള്‍ അദ്ദേഹം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട് ഹൈദരലി തങ്ങള്‍ അടക്കമുള്ള നേതാക്കളുമായി ഇക്കാര്യം അദ്ദേഹം പങ്കുവെച്ചതായി അറിയുന്നു.

ജനറല്‍ സെക്രട്ടറിയായിരുന്ന കെപിഎ മജീദ് തിരൂരങ്ങാടി മണ്ഡലത്തില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെ പാര്‍ട്ടിയുടെ താല്‍ക്കാലിക സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല പിഎംഎ സലാമിന് നല്‍കുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്ഥിരം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള നീക്കമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തെ 30 വര്‍ഷത്തോളം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും നിയമസഭാകക്ഷി നേതൃസ്ഥാനവും ഒരുമിച്ചു വഹിച്ചിരുന്ന കുഞ്ഞാലിക്കുട്ടി വീണ്ടും സ്ഥാനമോഹമവുമായി അരയും തലയും മുറുക്കുന്നതിനെ വെറുപ്പോടെയാണ് അദ്ദേഹവുമായി അടുപ്പമുളളവര്‍ പോലും കാണുന്നത്.

ഒരാള്‍ക്ക് ഒരു പദവി എന്നതാണ് മുസ്ലിം ലീഗിന്റെ പ്രഖ്യാപിത നിലപാടെങ്കിലും ഇതൊന്നും തനിക്ക് ബാധകമല്ലെന്ന മട്ടിലാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങള്‍. എംഎല്‍എ എന്നതിനു പുറമെ ഇപ്പോള്‍ രണ്ട് പാര്‍ട്ടി പദവികള്‍ കൂടി മുസ്ലീംലീഗില്‍ അദ്ദഹേം വഹിക്കുന്നുണ്ട്. ദേശിയ ജനറല്‍ സെക്രട്ടറി, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്നീ സ്ഥാനങ്ങള്‍ നിലവില്‍ കുഞ്ഞാലിക്കുട്ടിക്കുണ്ട്. ദേശീയ ജനറല്‍സെക്രട്ടറി പദവി ഒഴിഞ്ഞ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാകാനാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നതാണ് ഏറെ വിരോധാഭാസം.

അഴീക്കോട്ട് മത്സരിച്ചു പരാജയപ്പെട്ട കെ എം ഷാജിയെ പാര്‍ട്ടി ജനറല്‍സെക്രട്ടറി ആക്കണം എന്ന് നേതാക്കളില്‍ നിന്നും അനുയായികളില്‍ നിന്നും ശക്തമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വിജിലന്‍സ് കേസില്‍ ഷാജി അകപ്പെട്ടതിനാല്‍ അദ്ദേഹത്തിനെതിരെ അറസ്റ്റ് ഉണ്ടായാല്‍ പാര്‍ട്ടി ക്ഷീണിക്കും എന്നുപറഞ്ഞാണ് കുഞ്ഞാലിക്കുട്ടി വിഭാഗം ഇതിനെ എതിര്‍ക്കുന്നത്.  സി മമ്മൂട്ടി, അഡ്വ. എം ഉമ്മര്‍ എന്നിവരിലൊരാളെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും നേതാക്കളില്‍ ചിലര്‍ വാദിക്കുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും അണികളും പഴയതലമുറ മാറി യുവജന നേതാക്കളെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരണം എന്നാണ് ഉറക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത്.

എന്നാല്‍ അതൊന്നും പരിഗണിക്കാതെ കുഞ്ഞാലിക്കുട്ടിയെ തന്നെ വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആക്കാനുള്ള ശ്രമമാണ് അണിയറയില്‍ പുരോഗമിക്കുന്നത്. കുഞ്ഞാലിക്കുട്ടി ഒഴിയുമ്പോള്‍ ഒഴിവുവരുന്ന ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം സീനിയര്‍ നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ നല്‍കുമെന്നാണ് അറിയുന്നത്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ പുതുമുഖങ്ങളെ
ഉത്തരവാദിത്തസ്ഥാനങ്ങളിലേക്ക് കൊണ്ടുവന്ന് തലമുറ മാറ്റം വരുത്തുമ്പോള്‍ ലീഗില്‍ മാത്രം അതൊന്നും നടക്കുന്നില്ലെന്ന നേതാക്കളുടെ നിലപാടിനെ സോഷ്യല്‍ മീഡിയിയിലൂടെ പൊളിച്ചടുക്കുകയാണ് ഉറച്ച ലീഗ് പ്രവര്‍ത്തകര്‍.

മൂന്ന് പതിറ്റാണ്ട് കാലമായി എംഎല്‍എയും പാര്‍ട്ടി ഭാരവാഹിത്വവും വഹിക്കുന്നവര്‍ തന്നെയാണ് പാര്‍ട്ടിയില്‍ ഇപ്പോഴും നേതൃസ്ഥാനങ്ങളില്‍ തുടരുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം.  തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഉണ്ടായിട്ടും മുസ്ലിംലീഗ് ഒരു പാഠവും പഠിക്കുന്നില്ല എന്നതാണ് പാര്‍ട്ടിയിലെ പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.

Eng­lish sum­ma­ry:  Mus­lim league lead­ers against p k kunjalikutty

You may also like this video: