കെ രംഗനാഥ്

തിരുവനന്തപുരം

January 06, 2021, 9:43 pm

മുസ്‌ലിം ലീഗ് തിരുവിതാംകൂറിലേക്കും

Janayugom Online

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ച മുസ്‌ലിം ലീഗ് കാല്‍നൂറ്റാണ്ടിനു ശേഷം ഇതാദ്യമായി തിരുവിതാംകൂര്‍ മേഖലയിലും കടന്നുകയറാന്‍ നീക്കം. സീറ്റുമോഹികളുടെ പ്രളയത്തെത്തുടര്‍ന്ന് 35 സീറ്റുകള്‍ യുഡിഎഫില്‍ നിന്നു നേടിയെടുക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു. നിലവിലെ 18 മുസ്‌ലിം ലീഗ് നിയമസഭാംഗങ്ങളില്‍ ഒന്‍പതുപേരെ ഇത്തവണ ഒഴിവാക്കും. ഇവര്‍ക്ക് പാര്‍ട്ടിയില്‍ ഔദ്യോഗിക പദവികള്‍ നല്കും. ഇതനുസരിച്ച് വേങ്ങരയില്‍ മത്സരിക്കാനിരിക്കുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദില്‍ നിന്നും വേങ്ങരയിലെ സിറ്റിംഗ് എംഎല്‍എ കെ എന്‍‍ എ ഖാദറിന് ജനറല്‍ സെക്രട്ടറി സ്ഥാനം വച്ചുമാറും. 

വനിതയെ മത്സരിപ്പിക്കാനെന്ന പേരില്‍ കോഴിക്കോട് നിന്ന് വെട്ടിനിരത്തപ്പെടുന്ന ഡോ. എം കെ മുനീറിനെ അഖിലേന്ത്യാ വെെസ് പ്രസിഡന്റ് എന്ന ആലങ്കാരിക തസ്തികയില്‍ അവരോധിക്കുമെന്നാണ് സൂചന. കൂടുതല്‍ സീറ്റുകള്‍ യുഡിഎഫിനോട് ആവശ്യപ്പെടുന്നത് ഇപ്പോള്‍ ലീഗിനു പ്രാതിനിധ്യമില്ലാത്ത തിരുവിതാംകൂര്‍ മേഖലയില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണെന്ന് പാര്‍ട്ടിയുടെ ഉന്നതവൃത്തങ്ങളില്‍ നിന്ന് അറിവായി.
തലസ്ഥാനജില്ലയിലെ കഴക്കൂട്ടത്തുനിന്നും എം ഹക്കിംജി 1967ല്‍ നിയമസഭയില്‍ എത്തിയതോടെയായിരുന്നു ലീഗിന്റെ തിരുവിതാംകൂര്‍ മേഖലയിലെ ആദ്യ നിയമസഭാ പ്രവേശം. അടുത്തതവണ മലബാറില്‍ മേപ്പയ്യൂര്‍ മണ്ഡലത്തില്‍ മത്സരിച്ചു തോറ്റു. കാസര്‍കോട് നിന്നുവന്ന് ഇരവിപുരത്തുനിന്നും മത്സരിച്ചു ജയിച്ച പികെ കെ ബാവ പിന്നീട് മന്ത്രിയുമായി. 

പി എ മുഹമ്മദ് കണ്ണ് തിരുവനന്തപുരത്തുനിന്നും രണ്ടുതവണ ജയിച്ചത് ലീഗ് ടിക്കറ്റില്‍. കൊല്ലത്തുകാരനും കശുഅണ്ടി വ്യവസായിയുമായ എ യൂനുസ്‌കുഞ്ഞ് ഒരിക്കല്‍ മലപ്പുറത്തുനിന്നും ലീഗ് ടിക്കറ്റില്‍ ജയിച്ചിട്ടുണ്ട്. എന്നാല്‍ 24 വര്‍ഷമായി പി കെ കെ ബാവയ്ക്കു ശേഷം ലീഗുകാരാരും തിരുവിതാംകൂറിൽ നിന്ന് നിയമസഭയിലെത്തിയിട്ടില്ല. എറണാകുളം ജില്ലയില്‍ നിന്നു ജയിച്ച് മന്ത്രിയായി അഴിമതിക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന വി കെ ഇബ്രാഹിംകുഞ്ഞു മാത്രമാണ് കൊച്ചി പ്രദേശത്തെ ഏക എംഎല്‍എ. തിരു-കൊച്ചി മേഖലയില്‍ വീണ്ടും സാന്നിധ്യമുറപ്പിക്കാനാണ് ലീഗ് കൂടുതല്‍ സീറ്റുകളിലേക്കു കണ്ണുനടുന്നത്.
വി കെ ഇബ്രാഹിംകുഞ്ഞു ജയിച്ച കളമശ്ശേരിക്ക് പുറമേ എറണാകുളം ജില്ലയിൽ ഒരു സീറ്റുകൂടി ലീഗ് ആവശ്യപ്പെട്ടേയ്ക്കും. കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ സഹോദരപുത്രനും സുപ്രീംകോടതിയിലെ അഭിഭാഷകനുമായ ഹാരിസ് ബീരാനെയാകും ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുക. 

ലീഗുകാരനാണെങ്കിലും മദ്യമുതലാളിമാര്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ ഹാരിസ് ബീരാന്‍ വന്‍ വിവാദം വിളിച്ചുവരുത്തിയിരുന്നു. ആലപ്പുഴയിലും പത്തനംതിട്ടയിലും ഓരോ സീറ്റിലും കൊല്ലത്തും തിരുവനന്തപുരത്തും രണ്ടുവീതവും സീറ്റുകള്‍ പുതുതായി വേണമെന്ന ആവശ്യമാണ് ലീഗ് ഉന്നയിക്കുക. തിരുവനന്തപുരത്ത് കഴക്കൂട്ടം, വാമനപുരം, കൊല്ലത്ത് ഇരവിപുരം, ചടയമംഗലം സീറ്റുകള്‍ക്കായിരിക്കും അവകാശവാദം. ഇരവിപുരത്ത് ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി അസീസും കഴക്കൂട്ടത്തുനിന്നും പലകുറി ജയിച്ച എം എ വാഹിദും സ്ഥാനാര്‍ത്ഥി കുപ്പായം തുന്നി റെഡിയായി നില്ക്കുന്നതിനിടെ തിരുവിതാംകൂറിലെ ലീഗിന്റെ കടന്നുകയറ്റ മോഹം യുഡിഎഫിലുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയായിരിക്കില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
തലസ്ഥാനത്ത് ലീഗ് പണ്ടു ജയിച്ച തിരുവനന്തപുരം സീറ്റില്‍ നിന്ന് വി എസ് ശിവകുമാറിനെ മാറ്റി സീറ്റുപിടിച്ചെടുക്കാനുള്ള സാധ്യതകളും വിരളം. 

തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ ലീഗിന്റെ ഈ മണ്ഡലം കമ്മിറ്റി തന്നെ പിരിച്ചുവിട്ടിരിക്കുന്നു. മണ്ഡലത്തിലെ ലീഗിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്ന ബീമാപള്ളിയില്‍ പോലും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തോറ്റ് തുന്നംപാടി. ലീഗിലെ തമ്മിലടി ഏറ്റവും രൂക്ഷമായ തലസ്ഥാന ജില്ലയില്‍ മത്സരിക്കാന്‍ ഒരു സീറ്റെങ്കിലും ലീഗിനു നല്കാന്‍ യുഡിഎഫിന് രണ്ടുവട്ടം ആലോചിക്കേണ്ടി വരില്ല. അഴിമതി കേസുകളിലും നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കാലുവാരിയെന്ന ആരോപണ പ്രളയത്തിലും പെട്ട് ഉലയുന്ന ശിവകുമാറാണെങ്കില്‍ വട്ടിയൂര്‍ക്കാവിലേക്കു കളം മാറിച്ചവിട്ടുമ്പോള്‍ തിരുവനന്തപുരം സീറ്റു തങ്ങള്‍ക്കു ലഭിക്കുമെന്ന മോഹത്തിലാണ് ലീഗ്.

ENGLISH SUMMARY:Muslim League to Travancore
You may also like this video