Web Desk

തിരുവനന്തപുരം

November 12, 2020, 9:35 am

UDF യോഗത്തിൽ നിന്ന് മുസ്ലിം ലീഗ് ഇറങ്ങിപ്പോയി

Janayugom Online

കോട്ടയം ജില്ലാപഞ്ചായത്തിൽ മുസ്ലിംലീഗിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലീഗ് നേതാക്കൾ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ചേർന്ന യുഡിഎഫ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.

ജില്ലാപഞ്ചായത്തിലും ചില ബ്ലോക്ക് ഡിവിഷനുകളിലും തനിച്ച് മത്സരിക്കാനാണ് മുസ്ലിം ലീഗിന്റെ നീക്കം. എരുമേലി ഡിവിഷനാണ് ലീഗ് ആവശ്യപ്പെട്ടത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുമ്പ് നടന്ന യോഗങ്ങളിലെല്ലാം എരുമേലി സീറ്റിനായി ലീഗ് നേതാക്കൾ പിടിമുറുക്കിയിരുന്നു. ജില്ലാ പ്രസിഡന്റ് അസീസ് ബഡായിലിനെ മത്സരിപ്പിക്കാനായിരുന്നു നീക്കം.

എന്നാൽ തുടക്കംമുതൽ കോൺഗ്രസ് സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറായില്ല. രണ്ടായിരത്തിൽ എരുമേലി ഡിവിഷനിൽ ലീഗ് സ്ഥാനാർഥി ഹാജി പി എച്ച് അബ്ദുൾസലാം മത്സരിച്ചിരുന്നു. പിന്നീട് കോൺഗ്രസ് ആവശ്യപ്പെട്ട് സീറ്റ് തിരിച്ചെടുത്തു.

ഇത്തവണ സീറ്റ് തിരികെവേണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് നേതൃത്വം ചെവിക്കൊണ്ടില്ല. ബുധനാഴ്ച വൈകിട്ട് കോട്ടയം ഡിസിസിയിലായിരുന്നു ലീഗുമായി യുഡിഎഫ് നേതാക്കൾ ചർച്ചനടത്തിയത്. ഉമ്മൻചാണ്ടിയെ കൂടാതെ യുഡിഎഫ് ജില്ലാ ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, കൺവീനർ ജോസി സെബാസ്റ്റ്യൻ, ഡിസിസി പ്രസിഡന്റ് ജോഷിഫിലിപ്പ്, ജോയി എബ്രഹാം, കുര്യൻജോയി എന്നിവരും പങ്കെടുത്തു. ജോസഫ് വിഭാഗത്തിന് ഒമ്പത് സീറ്റ് നൽകുന്ന സാഹചര്യത്തിലാണ് ലീഗിന്റെ ആവശ്യത്തെ കോൺഗ്രസ് എതിർക്കുന്നത്.

വാർഡുകളുടെ എണ്ണം കൂടിയിട്ടില്ലാത്തതിനാൽ ലീഗിന് സീറ്റ് നൽകാനാവില്ലെന്ന് അറിയിച്ചു. തർക്കം രൂക്ഷമായതോടെ ലീഗ് നേതാക്കൾ യോഗം ബഹിഷ്ക്കരിച്ചു. ഉമ്മൻചാണ്ടി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.

you may also like this video