കുഞ്ഞാലിക്കുട്ടിയുടെ ഒളിച്ചുകളി പാര്‍ട്ടിയുടെ മുഖച്ഛായ നഷ്ടമാക്കി: മുസ്ലീംലീഗ്

Web Desk
Posted on December 29, 2018, 8:14 pm

സുരേഷ് എടപ്പാള്‍

മലപ്പുറം: മുത്ത്വലാഖ് വിഷയത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടന്നപ്പോള്‍ ലോക്‌സഭയിലെത്താതെ തിരൂരില്‍ പ്രമുഖവ്യവസായിയുടെ വീട്ടില്‍ കല്ല്യാണത്തില്‍ പങ്കെടുത്ത മുസ്ലീംലീഗ് പാര്‍ലിമെന്‍ററി പാര്‍ട്ടിനേതാവും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി പാര്‍ട്ടിയുടെ പ്രതിഛായ നഷ്ടമാക്കിയതായി ലീഗ് സംസ്ഥാന നേതൃത്വം.

പ്രവര്‍ത്തകരേയും നേതാക്കളേയും ഒരുപോലെ വെട്ടിലാക്കിയിരിക്കയാണ് കുഞ്ഞാലിക്കുട്ടിയുടെ മുത്തലാഖ് വിഷയത്തിലെ ഒളിച്ചുകളി. പതിവിനു വിപരീതമായി അദ്ദേഹത്തെ പ്രതിരോധിക്കാനോ ന്യായീകരിക്കാനോ രണ്ടു ദിവസമായിട്ടും ലീഗ് നേതാക്കളാരും രംഗത്ത് എത്തിയിട്ടില്ല. സാധാരണ പ്രവര്‍ത്തകര്‍ പോലും സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരേ നിരന്തരം പ്രതികരിക്കുന്നതും പുതിയ അനുഭവമാണ്. വെള്ളിയാഴ്ച രംഗത്തവന്ന പ്രമുഖ ലീഗ് നേതാക്കളായ കെ പി എ മജീദ്, ഇ ടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍, കെ എസ് ഹംസ എന്നിവരെല്ലാം കുഞ്ഞാലിക്കുട്ടിതന്നെ വിശദീകരണം നല്‍കുമെന്നു പറഞ്ഞ് ഒഴിയുകയായിരുന്നു. ഇന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ചോദിച്ചതോടെ അണികളുടെ വികാരം മാനിക്കാതെ മുന്നോട്ടു പോകാന്‍ ലീഗിനാവില്ലെന്ന് വ്യക്തമായി. ഇതിനു പിന്നാലെ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് സാദിഖലി തങ്ങള്‍ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയെന്നും ജാഗ്രതക്കുറവുണ്ടായെന്നും പരസ്യമായി പറയുകയും ചെയ്തു.

വിദേശത്തുളള കുഞ്ഞാലിക്കുട്ടി തന്‍റെ പ്രവര്‍ത്തിയെ ന്യായീകരിച്ച് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനോട് മുതിര്‍ന്ന ലീഗ് നേതാക്കള്‍ക്കുപോലും യോജിക്കാനാവില്ലെന്ന സൂചനയാണ് പാണക്കാട് നിന്ന് ലഭിക്കുന്നത്. കുറച്ചു കാലം മുമ്പ് ലീഗില്‍ ശക്തമായിരുന്ന കുഞ്ഞാലിക്കുട്ടി വിരുദ്ധലോബി ഇതോടെ പൂര്‍വ്വാധികം ശക്തമായി രംഗത്തെത്തിയിരിക്കയാണ്, ഇ ടി മുഹമ്മദ്ഷീ ബഷീറിന്‍റെ മൗനാനുവാദം ഈ സംഘത്തിനുണ്ടെന്നാണ് അറിയുന്നത്. ലോക്‌സഭയില്‍ ഇ ടി യുടെ പ്രകടനം അതിന് അടിവരയിടുന്നതാണ്. ബില്‍ അവതരണവേളയില്‍ സഭ ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസ്സ് നിര്‍ദ്ദേശം തള്ളി കളഞ്ഞാണ് ഇടി മുഹമ്മദ് ബഷീര്‍ ലോക്‌സഭയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗോളടിച്ചത്. കുഞ്ഞാലിക്കുട്ടി നിലപാട് വിശദീകരിക്കുന്തോറും കൂടുതല്‍ കുരുക്കിലാവുന്നതായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിസന്ധികളില്‍പ്പെടുമ്പോള്‍ സാധാരണ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി രംഗത്തിറങ്ങാറുള്ള നേതാക്കളാരും ഇപ്പോള്‍ വായ തുറക്കുന്നില്ല. യൂത്ത്‌ലീഗും നിരാശയിലാണ്. അദ്ദേഹംതന്നെ സ്വയം പ്രതിരോധം തീര്‍ക്കേണ്ട നിസ്സഹായാവസ്ഥയുമുണ്ട്. ലീഗിനൊപ്പമുള്ള മതസംഘടനകളും നേതാവിന്റെ പ്രവര്‍ത്തിയില്‍ കടുത്ത പ്രതിഷേധത്തിലാണ്. മുത്ത്വലാഖ് വിഷയത്തില്‍ ലീഗിനെ കാത്തുനില്‍ക്കാതെ സ്വന്തനിലയില്‍ സുപ്രിംകോടതിയില്‍ കേസ് നടത്തിയ ഇകെ വിഭാഗം സമസ്ത വരുംദിവസങ്ങളില്‍ ശക്തമായി പ്രതികരിക്കുമെന്നാണ് സൂചന.

രണ്ട് മാസം മുമ്പ് കോഴിക്കോട്ട് നടന്ന ശരീഅത്ത് സംരക്ഷണ സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിയെ വേദിയില്‍ ഇരുത്തി സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ താങ്കള്‍ പാര്‍ലമെന്‍റില്‍ മുന്‍ഗാമികളായ സേട്ടുവിനെയും ബനാത്ത്‌വാലയെയും പോലെ മുസ്‌ലിം ന്യൂനപക്ഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കണമെന്നും അതിനായി ജാഗ്രതയോടെയുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അതൊന്നും ചെവിക്കൊള്ളാതെ ഒരു വിവാഹത്തിന്‍റെ പേരില്‍ പാര്‍ലമെന്റില്‍നിന്നും വിട്ടുനിന്നതിനെ സുന്നി വിഭാഗം ഗൗരവമായാണ് വീക്ഷിക്കുന്നത്. ‘കുറ്റിപ്പുറം’ ആവര്‍ത്തിച്ചാല്‍പോലും അദ്ഭുതപ്പെടേണ്ടെന്നാണ് ഒരു നേതാവ് പറഞ്ഞത്. മുസ്‌ലിംലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് മണ്ഡലം- പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍, പാര്‍ട്ടി നേതാക്കളായ ഹൈദരലി തങ്ങള്‍, സാദിഖലി തങ്ങള്‍, കെ പി എ മജീദ് എന്നിവരെ നേരില്‍കണ്ട് പ്രതിഷേധം അറിയിച്ചുകൊണ്ടിരിക്കുകയാണ്.

അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീനെ നിരവധി പ്രഹവര്‍ത്തകര്‍ ഈ‑മെയിലിലൂടെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ നടപടി തിരിച്ചടി ആവുമോയെന്ന ആശങ്ക ലീഗ് നേതൃത്വത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. മാത്രമല്ല മുസ്ലീം ലീഗിനുള്ളില്‍ കെട്ടടങ്ങിയിരുന്ന ഗ്രൂപ്പുകളുടെ പുന:രുജ്ജീവനത്തിനുകൂടി വഴിവച്ചിരിക്കയാണ് ഇപ്പോഴത്തെ സംഭവവികാസള്‍. ചേരി തിരിഞ്ഞുള്ള അടക്കം പറച്ചിലുകള്‍ വലിയ പൊട്ടിത്തെറിയിലേക്ക് എത്തുമോ എന്ന് നേതൃത്വം ഭയപ്പെടുന്നു. ദേശീയ പ്രധാന്യമുള്ള സുപ്രധാന വിഷയങ്ങളില്‍ നിരുത്തരവാദപരമായി പെരുമാറുന്ന കുഞ്ഞാലിക്കുട്ടിയെ വരാനിരിക്കുന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന ആവശ്യവും ശക്തമായി കഴിഞ്ഞു.