September 30, 2022 Friday

ജെൻഡർ ന്യൂട്രൽ ആശയങ്ങൾ അടിച്ചേൽപിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം സംഘടനകൾ

Janayugom Webdesk
കോഴിക്കോട്
August 9, 2022 10:59 am

കലാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ ആശയങ്ങൾ അടിച്ചേൽപിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം സംഘടനാ നേതാക്കൾ. ഇടത് സർക്കാർ നിർബന്ധപൂർവം ലിബറൽ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും ഈ ശ്രമത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും കോഴിക്കോട്ട് ചേർന്ന മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം നൽകും. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനും യോഗത്തിൽ തീരുമാനമായതായി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

വ്യത്യസ്ത ആശയങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകലാണ് ജനാധിപത്യം. മതവിശ്വാസികൾക്ക് അവരുടേതായ ജീവിത മര്യാദകളും വിശ്വാസങ്ങളുമുണ്ട്. അതിനെയെല്ലാം റദ്ദ് ചെയ്ത് ഏകപക്ഷീയമായി കേരളത്തിലെ കലാലയങ്ങളിൽ ലിബറൽ ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണ്. ലിംഗവിവേചനം അവസാനിപ്പിക്കാൻ ജെൻഡർ ന്യൂട്രാലിറ്റിയാണ് വേണ്ടത് എന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുക. പാഠ്യപദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ജെൻഡർ ന്യൂട്രൽ ആശയങ്ങളെയാണ് ഞങ്ങൾ ചോദ്യം ചെയ്യുന്നത്. ഇത് കേവല വസ്ത്രത്തിന്റെ മാത്രം വിഷയമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. 

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ച യോഗത്തിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. മുസ്ലിം ലീഗ് നേതാക്കളായ പി എം.എ സലാം, ഡോ. എം കെ മുനീർ എംഎൽഎ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ് വി കൂരിയാട്, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി എൻ അബ്ദുൽ ലത്തീഫ് മൗലവി, ടി കെ അഷ്റഫ്, അഡ്വ. പി എം ഹനീഫ്, സി മരക്കാരുട്ടി, അബ്ദുൽ സലാം വളപ്പിൽ, ഇ പി അഷ്റഫ് ബാഖവി, ശിഹാബ് പൂക്കോട്ടൂർ, പ്രൊഫ. കടവനാട് മുഹമ്മദ്, എഞ്ചിനീയർ പി മമ്മദ് കോയ പങ്കെടുത്തു.

Eng­lish Summary:Muslim orga­ni­za­tions say that the move to impose gen­der neu­tral ideas is unacceptable
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.