മുസ്ലീങ്ങള്‍ക്ക് ബിജെപിയെ വിശ്വാസമില്ലാത്തതിനാലാണ് സീറ്റ് നല്‍കാത്തത്

Web Desk
Posted on April 02, 2019, 12:23 pm

ബംഗളൂരു:  മുസ്ലീങ്ങള്‍ക്ക് ബിജെപിയെ വിശ്വാസമില്ലാത്തതിനാലാണ്   സീറ്റ് നല്‍കാത്തതെന്ന് വ്യക്തമാക്കി ബിജെപിയുടെ മുതിര്‍ന്ന നേതാവ് കെഎസ് ഈശ്വരപ്പയാണ് പുതിയ വിവാദത്തിന് തിരികൊളുത്തി.

മുസ്ലീങ്ങള്‍ക്ക് ബിജെപിയെ വിശ്വാസമില്ലാത്തതിനാലാണ് കര്‍ണാടകയില്‍ അവര്‍ക്ക് സീറ്റ് നല്‍കാത്തതെന്നാണ്  കെഎസ് ഈശ്വരപ്പ പറയുന്നത് . ഞങ്ങളെ വിശ്വസിക്കാന്‍ തുടങ്ങിയാല്‍ സീറ്റുകളും മറ്റുകാര്യങ്ങളും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അവരെ വോട്ട് ബാങ്കായി ഉപയോഗപ്പെടുത്തുകയാണ്. അവര്‍ മുസ്ലീങ്ങള്‍ക്ക് സീറ്റ് നല്‍കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും മുസ്ലീംവിരുദ്ധ പരാമര്‍ശവുമായി വിവാദമുണ്ടാക്കിയ ആളാണ്  ഈശ്വരപ്പ . ബിജെപിക്കൊപ്പം നില്‍ക്കുന്നവരാണ് നല്ല മുസ്ലീങ്ങളെന്നും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന മുസ്ലീങ്ങള്‍ കൊലപാതകികളാണെന്നുമായിരുന്നു പരാമര്‍ശം. 22 ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ മുസ്ലിങ്ങള്‍ കോണ്‍ഗ്രസിനൊപ്പമുള്ളവരാണ്. എന്നാല്‍ നല്ല മുസ്ലിങ്ങളെല്ലാം ബിജെപിക്കാരാണെന്നും ഈശ്വരപ്പ അഭിപ്രായപ്പെട്ടിരുന്നു.

തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ ജെഡിഎസ് നേതാവ് ദേവഗൗഡയ്‌ക്കെതിരെയും ഈശ്വരപ്പ രംഗത്തെത്തിയിരുന്നു. ദേവഗൗഡയ്ക്ക് 28 മക്കള്‍ ഉണ്ടായിരുന്നെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മൊത്തം ലോക്‌സഭാ സീറ്റുകളായ 28 സീറ്റിലും അവസരം നല്‍കുമായിരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം