Web Desk

ന്യൂഡൽഹി

October 31, 2020, 3:31 pm

അതിക്രമങ്ങൾ തുടർക്കഥ: വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് മുസ്ലിം കുടുംബങ്ങൾ പലായനം ചെയ്യുന്നു

Janayugom Online
കുടുംബങ്ങള്‍ പാലായനം ചെയ്തതോടെ വിജനമായ ശിവ് വിഹാര്‍

വടക്കുകിഴക്കൻ ഡൽഹിയെ ഞെട്ടിച്ച വർഗീയ കലാപങ്ങൾ നടന്നിട്ട് ഏഴുമാസത്തിലേറെയായിട്ടും പ്രദേശ വാസികളായ മുസ്ലീങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിക്കുന്നില്ല. കൊള്ള, മുസ്ലീങ്ങളെയും അവരുടെ സ്വത്തുക്കളും ലക്ഷ്യമിട്ട് നടത്തിയ കൊലപാതകങ്ങൾ തുടങ്ങിയവയെല്ലാം അതിജീവിച്ചവർക്ക് മാസങ്ങൾക്കിപ്പുറവും കലാപ ഭൂമിയിൽ സ്വസ്ഥമായി കഴിയാനാകുന്നില്ലെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു.

മുസ്ലിം വിഭാഗക്കാർക്ക് നേരെ പ്രദേശ വാസികളായ ഹിന്ദുക്കൾ ഇപ്പോഴും അതിക്രമങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ട്. കലാപം നടന്ന ശിവ വിഹാർ പരിസരത്ത് സുരക്ഷിതമായി ജീവിക്കാൻ കഴിയാത്തതിനെ തുടർന്ന് കോവിഡ് 19 പ്രതിസന്ധി നിലനിൽക്കുന്നതിനിടയിലും സ്വത്തുക്കൾ വിറ്റ് മറ്റെവിടേക്കെങ്കിലും പോകാൻ നിർബന്ധിതരായിരിക്കുകയാണ് പ്രദേശത്തെ പല മുസ്ലിം കുടുംബങ്ങളും. ഇത്തരത്തിൽ അമ്പത് കുടുംബങ്ങളെങ്കിലും പ്രദേശം വിട്ടു പോയിട്ടുണ്ടെന്നാണ് പ്രദേശ വാസികൾ ചൂണ്ടിക്കാട്ടുന്നത്.

പകർച്ചവ്യാധി പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ലക്ഷങ്ങളുടെ നഷ്ടത്തിൽ നിസാര തുകയ്ക്കാണ് പലരും സ്വത്തുക്കൾ വിൽക്കുന്നത്. കലാപകാരികൾ കൊള്ളയടിച്ചതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനും നിരവധി പേർക്ക് സ്വത്തുക്കൾ വിൽക്കേണ്ടി വരുന്നു.

“കലാപം മുതൽ ഞങ്ങളുടെ ദൈനംദിന ജീവിതം ദുഷ്കരമാക്കിയിരിക്കുകയാണ്. ഹിന്ദുക്കളെ മറികടന്ന് നടന്നാൽ പോലും അവർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വഴിയിലൂടെ നടക്കുമ്പോൾ അവർ ഞങ്ങളെ ‘കൊറോണ വൈറസ്’ എന്നും മഹാമാരി പരത്തുന്നവരെന്നും വിളിച്ച് അപമാനിക്കുന്നു. ഞങ്ങൾ കലാപകാരികളാണെന്നും ബിരിയാണി കഴിക്കുന്നതിനാൽ ഞങ്ങൾക്ക് വിശ്വാസമില്ലെന്നും അവർ ഞങ്ങളെ പരിഹസിക്കുകയാണ്. ബാങ്ക് വിളിക്കുമ്പോൾ ജയ് ശ്രീറാം വിളിച്ച് അപമാനിക്കുന്നു” നിരന്തരമായി വർഗീയ സംഘർഷങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന പ്രദേശത്തെ മുസ്ലീങ്ങൾ പറയുന്നു.

കലാപമുണ്ടായ പ്രദേശങ്ങളിലെ മുസ്ലീം കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കലാപത്തിന് മുൻപ് വരെ അയൽവാസികൾ തമ്മിൽ ജാതിമത വ്യത്യാസമില്ലാതെ ഈദും ഹോളിയും എല്ലാം ആഘോഷിച്ചിരുന്ന സ്ഥലത്തെ സന്തോഷകരമായ കാലവസ്ഥ ഇന്നില്ല. കുട്ടികൾ പരസ്പരം ഒന്നിച്ച് കളിക്കുകയോ പഠിക്കുകയോ ചെയ്യാൻ പോലും വർഗിയ പ്രചാരകർ അനുവദിക്കുന്നുല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇതിനുപുറമെ, ശിവ് വിഹാറിലെ വഴികളിൽ മുസ്ലീങ്ങളെ നടക്കാൻ അനുവദിക്കാത്ത സംഭവങ്ങളും ഉണ്ട്. ഹിന്ദു ഭൂരിപക്ഷം ഉള്ള പല സ്ഥലങ്ങളിലെ വഴികളിൽ ഹിന്ദുക്കൾ ഗേറ്റ് സ്ഥാപിച്ച് പൂട്ടിയിടുകയാണ്. പ്രദേശത്ത് താമസിക്കുന്ന ഒന്നോ രണ്ടോ മുസ്ലീം കുടുംബങ്ങൾക്ക് ഗേറ്റ് കടക്കണമെങ്കിൽ മണിക്കൂറുകൾ കാത്തു നിൽക്കേണ്ടതായും ഹിന്ദുക്കളോട് അപേക്ഷിക്കേണ്ടതായും വരുന്നു.

ഉപദ്രവങ്ങൾ ഏറി വരുമ്പോഴും പ്രദേശം വിട്ടുപോകാനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന ഒരു ചെറിയ പക്ഷം മുസ്ലീങ്ങളും ഇവിടെ ഉണ്ട്. ഇതിനായി അവർ മറ്റുള്ളവരോട് അഭ്യർഥിക്കുകയും ചെയ്യുന്നു. “ഞങ്ങൾ എന്തിന് പോകണം? എന്താണ് ഞങ്ങൾ ചെയ്തത്? ഇതുപോലെ തുടരുകയാണെങ്കിൽ, ശിവ് വിഹാറിൽ നിന്ന് മുസ്ലീങ്ങൾ അപ്രത്യക്ഷമാകില്ലേ” എന്നാണ് അവർ ചോദിക്കുന്നത്.

Eng­lish sum­ma­ry; Mus­lims in North­east del­hi sell their homes to escape from con­tin­u­ing Harassment

You may also like this video: