
വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാനെന്ന പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നാല് മാസം ബിഹാറില്‍ നടത്തിയ, പ്രത്യേക തീവ്ര പുനരവലോകനത്തിന്റെ ഫലമായി ഏറ്റവും കൂടുതല്‍ നീക്കം ചെയ്തത് മുസ്ലിം വോട്ടര്‍മാരെയെന്ന് കണ്ടെത്തല്‍. മണ്ഡലം തിരിച്ചുള്ള ഡാറ്റ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൂക്ഷ്മപരിശോധന നടത്താന്‍ തീരുമാനിച്ചിരുന്ന 65,75,222 ലക്ഷം വോട്ടര്‍മാരില്‍ 24.7% മുസ്ലിങ്ങളായിരുന്നു. എന്നാല്‍ ഒഴിവാക്കിയതായി സ്ഥിരീകരിച്ച 3,23,000 വോട്ടര്‍മാരില്‍ 32.1% മുസ്ലിങ്ങളാണ്. മുസ്ലിം ഭൂരിപക്ഷമുള്ള സീമാഞ്ചലില്‍ ഒഴിവാക്കല്‍ മറ്റ് മേഖലയെ അപേക്ഷിച്ച് കൂടുതലാണ്. അമുസ്ലീങ്ങളായ 4,875,738 പേരെയും 1,626,990 മുസ്ലിങ്ങളെയും ആണ് കരട് പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. അന്തിമ പട്ടിക എത്തിയപ്പോള്‍ അമുസ്ലിങ്ങള്‍ 2,03,651, മുസ്ലിങ്ങള്‍ 1,03,724 എന്നിങ്ങനെയായി. ന്യൂനപക്ഷങ്ങളുടെ ഒഴിവാക്കല്‍ 32.1%.
കിഷന്‍ഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ 3.7% മുസ്ലിങ്ങളെ നീക്കം ചെയ്തപ്പോള്‍ മറ്റുള്ളവരുടെ നിരക്ക് 1.9% ആണ്. അരാരിയ (4,182), സിക്ത (4,040), കതിഹാര്‍ (3,644), ജോകിഹത്ത് (2,836) എന്നീ നിയോജകമണ്ഡലങ്ങളില്‍ നിന്ന് മാത്രം 14,000ത്തിലധികം മുസ്ലിം വോട്ടര്‍മാരെ ഒഴിവാക്കി.
പേരുകള്‍ നീക്കം ചെയ്തതിനും അതിന്റെ അനുപാതം ഉയര്‍ന്നതിന്റെയും കാരണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിക്കുന്നില്ല. കമ്മിഷന്‍ നടപടി പക്ഷപാതപരമാണെന്ന് വ്യക്തം. ‘യോഗ്യനായ ഒരു വോട്ടറെയും ഒഴിവാക്കരുത്’ എന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുദ്രാവാക്യം. എന്നാല്‍ അതിന് വിപരീതമായ നടപടിയാണ് എസ്ഐആറിലൂടെ ഉണ്ടായിരിക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ട ഉത്തരവാദിത്തം കമ്മിഷന്റേത് മാത്രമാണെന്നും വിവിധ അവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.