Web Desk

December 08, 2020, 2:28 am

ഓർമകളിലുണ്ടാവണം,ബദൽ വികസനപാതയും മതേതര പാരമ്പര്യവും

Janayugom Online

രാജ്യത്തെ കർഷകർ നിലനില്പിനായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഭാരതബന്ദ് നടക്കുന്ന ഇന്ന് കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ അഞ്ചുജില്ലകളിലെ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കുകയാണ്. 10, 14 തീയതികളിലാണ് രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പാചകവാതകം, പെട്രോൾ, ഡീസൽ എന്നീ അവശ്യ ഇന്ധനങ്ങളുടെ വില കൂട്ടിക്കൊണ്ടിരിക്കുകയും കേരള സർക്കാരിന്റെ മുൻകയ്യിൽ സ്ഥാപിതമാവുകയും പിന്നീട് കേന്ദ്രസർക്കാരിന് കൈമാറുകയും ചെയ്ത രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർജിസിബി)യുടെ രണ്ടാം ക്യാമ്പസിന് ആർഎസ്എസ് നേതാവ് ഗോൾവാൾക്കറുടെ പേര് നല്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്യുന്ന ദിനങ്ങളിലാണ് ഈ തെരഞ്ഞെടുപ്പെന്നത് ഓരോ കേരളീയരുടെയും ഉത്തരവാദിത്തം വർധിപ്പിക്കുന്നുണ്ട്. പ്രതിസന്ധിയിലായ കാർഷിക മേഖലയെയും കർഷക ജനവിഭാഗങ്ങളെയും പൂർണമായും തെരുവാധാരമാക്കുന്ന നിയമങ്ങൾ പിൻവലിക്കുംവരെ വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർഷക പ്രക്ഷോഭം ഡൽഹിയുടെ പ്രാന്തങ്ങളിൽ മുന്നേറുന്നത്. നവംബർ 26 ന് ഇന്ത്യയിലെ തൊഴിലാളിസംഘടനകൾ ഒറ്റക്കെട്ടായി ആഹ്വാനം ചെയ്ത പണിമുടക്കിൽ 25 കോടിയിലധികം വരുന്ന തൊഴിലാളികളാണ് അണിനിരന്നത്. ഉടമകൾക്കും കോർപ്പറേറ്റ് ചൂഷണത്തിനും അനുകൂലമായി തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്തതിനെതിരെ പണിമുടക്ക് നടന്ന അതേദിവസം ആരംഭിച്ച കർഷക പ്രക്ഷോഭം ഓരോ ദിവസം പിന്നിടുമ്പോഴും ശക്തിപ്പെടുകയും രാജ്യവ്യാപകമായി പടരുകയുമാണ്. തൊഴിലാളികൾ, വിദ്യാർത്ഥി — യുവജനങ്ങൾ, അധ്യാപകർ, ബുദ്ധിജീവികൾ എന്നിങ്ങനെ മത — ജാതി — ലിംഗ ഭേദമില്ലാതെ ഒത്തുചേരുന്ന പ്രക്ഷോഭമായി അത് വളർന്നിരിക്കുന്നു. കർഷകരെ ദുരിതത്തിലാക്കുകയും കോർപ്പറേറ്റുകൾക്ക് കൃഷിഭൂമികൾ പണയപ്പെടുത്തുകയും ചെയ്യുന്ന നിയമങ്ങളും നയങ്ങളും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന അതേഘട്ടത്തിലാണ് ബദൽ നയങ്ങളുമായി കേരളത്തിലെ എൽഡിഎഫ് സർക്കാർ കർഷകർക്ക് കൈത്താങ്ങായി നിലകൊള്ളുന്നത്. കൃഷിഭൂമിക്ക് റോയൽറ്റി, പച്ചക്കറി വിളകൾക്ക് താങ്ങുവില, നെല്ലു സംഭരണം, കർഷകർക്ക് ക്ഷേമനിധിയും പെൻഷനും എന്നിങ്ങനെ കർഷക ജീവിതത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന നിരവധി പദ്ധതികൾ ഇതിനകം സംസ്ഥാനത്ത് നടപ്പിലാക്കിക്കഴിഞ്ഞിട്ടുണ്ട്.

കേന്ദ്രത്തിന്റെ കർഷക വിരുദ്ധ നയങ്ങളെ എതിർക്കുന്നതിനുള്ള പ്രധാനപ്പെട്ട മറ്റൊരു കാരണം അത് ഭക്ഷ്യ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയാണ്. അവശ്യവസ്തുക്കൾ കോർപ്പറേറ്റുകൾക്ക് സംഭരിച്ചുവയ്ക്കുന്നതിന് നിയമപരമായ അധികാരം നല്കുക വഴി പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കും ഇടയാക്കുമെന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ പ്രസ്തുതനിയമം കേരളം പോലെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളെ വളരെ ദോഷകരമായി ബാധിക്കും. ഇത്തരം നയമാണ് കേന്ദ്രം പിന്തുടരുന്നതെങ്കിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും എല്ലാവർക്കും അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനും പ്രതിജ്ഞാബദ്ധതയോടെ മുന്നോട്ടുപോകുകയാണ് കേരളം. ലോക്ഡൗണിന്റെ കാലത്ത് കേരളസർക്കാരിന്റെ ആ കരുതലാണ് കേരളീയർക്ക് താങ്ങായത് എന്നകാര്യം നിഷേധിക്കാനാവാത്തതാണ്. ഇപ്പോഴും സൗജന്യ ഭക്ഷ്യക്കിറ്റുകൾ എല്ലാവരുടെയും വീടുകളിലെത്തിക്കൊണ്ടിരിക്കുന്നു. 2016ൽ അധികാരത്തിലെത്തുന്ന ഘട്ടത്തിൽ ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സപ്ലൈകോയിലൂടെ വില്പന നടത്തുന്ന സബ്സിഡി ഇനങ്ങളുടെ വില ഉയർത്തില്ലെന്നത്. വൻ സാമ്പത്തിക ബാധ്യത ഏറ്റെത്തുകൊണ്ടാണെങ്കിലും ഇക്കാലമത്രയും ആ വാഗ്ദാനം നടപ്പിലാക്കുന്നതിന് കേരളത്തിന് സാധിച്ചിട്ടുണ്ട്.

അടിസ്ഥാനമേഖലകളിലെ വികസനത്തിനായി സംസ്ഥാനസർക്കാരിന്റെ മുൻകയ്യിലും പ്രാദേശിക ഭരണ സംവിധാനത്തിന്റെ നേതൃത്വത്തിലും നടപ്പിലാക്കിയ പദ്ധതികളിലൂടെ കേരളം ദേശീയ സൂചികകളിൽ ഒന്നാമതെത്തുകയും ഒട്ടേറെ ലോകോത്തര അംഗീകാരങ്ങൾക്ക് അർഹമാകുകയും ചെയ്തിട്ടുണ്ട്. റവന്യുവരുമാനത്തിന്റെ കുറവും കേന്ദ്രത്തിന്റെ അവഗണനയും കാരണം നിലച്ചുപോകുമായിരുന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികൾ കിഫ്ബി വഴി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നത് ഓരോ പ്രദേശത്തിന്റെയും നാഡിമിടിപ്പായി മാറിയിരിക്കുന്നു. റോഡുകൾ, പാലങ്ങൾ എന്നിവയ്ക്ക് പുറമേ 33,000 സർക്കാർ ഓഫീസുകളെയും രണ്ടുലക്ഷം വീടുകളെയും ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് പദ്ധതിയായ കെ ഫോൺ, 45,000 സ്മാർട്ട് ക്ലാസ് മുറികൾ, 1800 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശ — മലയോര ദേശീയപാത, 600 ഏക്കറിൽ കൊച്ചിയിൽ പെട്രോ കെമിക്കൽപാർക്ക്, 125 ഏക്കറിൽ തിരുവനന്തപുരത്ത് ലൈഫ് സയൻസ് പാർക്ക് എന്നിങ്ങനെയുള്ള വൻകിട വികസന പദ്ധതികളും ഇതിലൂടെ യാഥാർത്ഥ്യമാകുകയാണ്.

ഭവനരഹിതരില്ലാത്ത കേരളത്തിനുവേണ്ടി ആരംഭിച്ച ലക്ഷംവീട് ഉൾപ്പെടെയുള്ള പദ്ധതികളുടെ തുടർച്ചയായി ആവിഷ്കരിച്ച ലൈഫ് മിഷനിലൂടെ 2,38,568 പേരുടെ ഭവനസങ്കല്പമാണ് ഇതിനകം യാഥാർത്ഥ്യമാക്കിയത്. 1,55,000 പേർക്ക് പട്ടയം നൽകി ഭൂമിയുടെ അവകാശികളാക്കി. 35,000 പട്ടയം കൂടി വിതരണം ചെയ്യാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ക്ഷേമപെൻഷനുകൾ ഘട്ടം ഘട്ടമായി ഉയർത്തി 1,400 രൂപയാക്കി. മുൻസർക്കാരിന്റെ കാലത്ത് കുടിശികയാക്കിയതുൾപ്പെടെ കൊടുത്തുതീർത്ത്, ക്ഷേമപെൻഷനുകളെ കടലാസുകളിൽ നിന്ന് നേരിട്ട് കൈകളിലെത്തിക്കുന്നതായി മാറ്റി. ദളിതർ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ എന്നിങ്ങനെയുള്ള ജനവിഭാഗങ്ങൾ അവശരല്ലെന്നും കേരളത്തിന്റെ സൈന്യവും കാവൽക്കാരും ആണെന്നും എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ കേരളം അംഗീകരിച്ചു. കോവിഡ്, നിപ, രണ്ടു പ്രളയങ്ങൾ, ഓഖി എന്നിങ്ങനെയുള്ള ആരോഗ്യ, പ്രകൃതി ദുരന്തങ്ങളിൽ പകച്ചുപോകാതെ നമുക്ക് പിടിച്ചുനില്ക്കാനായത് കേരളം എൽഡിഎഫ് ഭരിച്ചതുകൊണ്ടാണെന്നതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാവുന്നതാണ്. പ്രധാന ഉദാഹരണമായി എലിപ്പനിയും ഡെങ്കിപ്പനിയും പടർന്ന് നൂറുകണക്കിന് പേർ മരിച്ച സമീപ ഭൂതകാലം ഓർത്താൽ മതിയാകും. യുഡിഎഫ് ഭരിച്ചതായിരുന്നു ആ കാലയളവ്.

ആർഎസ്എസും ബിജെപിയും വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വർഗീയതയുടെയും പരീക്ഷണശാലയായി ഇതരസംസ്ഥാനങ്ങളെ മാറ്റിയപ്പോൾ അതിനെ ചെറുത്തുനില്ക്കാനും മതേതര — ജനാധിപത്യ പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും കൊച്ചുകേരളത്തിന് സാധിക്കുന്നത് ഇടതുപക്ഷ മനസുള്ളതുകൊണ്ടും എൽഡിഎഫ് എന്ന ജനകീയ മുന്നണി പ്രതിരോധമുയർത്തുന്നതും കൊണ്ടുതന്നെയാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം പലപ്പോഴും സംഘപരിവാറിന്റെയും മറ്റ് വർഗീയ സംഘടനകളുടെയും സഹചാരികളാകുമ്പോൾ നവോത്ഥാനത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് കേരള ജനതയെ മുന്നോട്ടു നയിക്കാൻ എൽഡിഎഫ് സന്നദ്ധമായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പല വിധത്തിലുള്ള കുതന്ത്രങ്ങൾ പ്രയോഗിക്കുന്നുണ്ടെങ്കിലും കേരളത്തിൽ വർഗീയതയ്ക്ക് നിലയുറപ്പിക്കാനും വിഭാഗീയതയ്ക്ക് വേരാഴ്ത്താനും കഴിയാതെ പോകുന്നത്.

വികസനത്തിന്റെയും പുരോഗതിയുടെയും ബദൽപാതയും ജനാധിപത്യ — മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനുള്ള ജനകീയമായ മുന്നേറ്റങ്ങളുമാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. പ്രാദേശിക ഭരണ സംവിധാനങ്ങളെ ജനകീയാസൂത്രണ പദ്ധതിയിലൂടെ ജനകീയ വികസനത്തിന്റെ വിജയകരമായ പരീക്ഷണശാലയും അമ്പത് ശതമാനം സ്ത്രീസംവരണം ഏർപ്പെടുത്തി സ്ത്രീശാക്തീകരണത്തിന്റെയും ഭരണ പങ്കാളിത്തത്തിന്റെയും ഇടവുമാക്കി മാറ്റിയത് മുൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകളായിരുന്നു. അതുകൊണ്ടുതന്നെ പ്രാദേശിക ഭരണ സംവിധാനങ്ങളിൽ പുതിയ ഭരണസമിതികൾ രൂപപ്പെടുത്തുന്നതിനുള്ള ഈ തെരഞ്ഞെടുപ്പിൽ ഇക്കാര്യങ്ങളെല്ലാം ഓരോ മലയാളിയുടെയും മനസിലുണ്ടാവുകയും മുഴുവൻ വോട്ടർമാരും ഈ അവസരം ഇടതുപക്ഷജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുന്നതിനുവേണ്ടി വിനിയോഗിക്കുകയും വേണം.

 

കാനം രാജേന്ദ്രൻ

ചീഫ് എഡിറ്റർ