ഇഷ്ടങ്ങൾ,വികാരങ്ങൾ,സന്ദേശങ്ങൾ ഇവയെല്ലാം നാം പലതരത്തിലാണ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നത്. അത്തരത്തിൽ ആഗ്രഹങ്ങളെ തൃപ്ത്തിപ്പെടുത്താൻ ആളുകൾ പലമാർഗങ്ങളും തിരഞ്ഞെടുക്കുന്നു. ശരീരത്തിൽ പച്ചകുത്തുന്നതും നാം ഓരോരുത്തരിലെയും പലതരം വികാര പ്രകടനങ്ങളാണ് എന്നതാണ് വാസ്തവം. ഇന്ന് ടാറ്റൂയിംങ് ഒരു ട്രെന്റ് ആയി മാറിക്കഴിഞ്ഞു.
യുവതലയുറയ്ക്ക് മാത്രമെന്ന് പറയുന്നത് ഒരുപക്ഷേ തെറ്റാകും പലപ്രായത്തിൽ പെട്ടവരും ശരീരത്തിൽ പച്ച കുത്താൻ അഥവാ ടാറ്റൂയിംങ് ചെയ്യാൻ അതധിയായ ആഗ്രഹമുള്ളവരായിരിക്കും. എന്നാൽ പതിനെട്ട് വയസ് തികഞ്ഞവർമാത്രമേ പച്ചകുത്താൻ പാടുള്ളൂ. ചിലർ ഇത് വളരെ ഗൗരവമായി കണ്ട് ശരീരത്തിൽ മരണം വരെ നിലനിൽക്കുന്ന തരത്തിൽ പെർമെനന്റ് ടാറ്റൂ ആണ് ചെയ്യുന്നത്. എന്നാൽ മറ്റു ചിലർ ഒരാഗ്രഹത്തിന് കുറച്ചു നാളത്തെ തൃപ്തിക്കായി ടെമ്പററി ടാറ്റൂയിംങും നടത്തുന്നുണ്ട്. എന്നാൽ നിങ്ങൾ ശരീരത്തിൽ പെർമെനന്റ് ടാറ്റൂ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ഇലക്ട്രിക് യന്ത്രത്തിന്റെ സഹായത്തോടെ തൊലിക്കകത്തേക്ക് മഷിനിറയ്ക്കുന്നതാണ് യഥാർത്ഥത്തിൽ ടാറ്റൂയിങ്. ഇതിനായി പ്രത്യേകം പരിശീലനം നേടിയവരിൽ നിന്ന് ലൈസൻസുള്ള ടാറ്റൂ ആർട്ടിസ്റ്റുകളുടെ അടുത്തു പോയി ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. നമ്മുടെ തൊലിപ്പുറത്തെ രണ്ടാംപാളിയിലേക്കാണ് ഈ മഷി ഇറങ്ങിച്ചെല്ലുന്നത്. ടാറ്റൂ ചെയ്തതിനുശേഷം ടാറ്റൂ വിദഗ്ധര്‍ പരിചരണത്തിനായി ചില നിര്‍ദേശങ്ങള്‍ നല്‍കും. ശരീരത്തില്‍ സൂചികൊണ്ട് ഉരച്ചാണ് മഷി പടര്‍ത്തുന്നത്. അത്തരത്തിലുണ്ടായ മുറിവായി കണ്ട് പച്ചകുത്തിയഭാഗം അല്പനാള് പരിചരിക്കണം. ഒരാഴ്ചയ്ക്കകം ടാറ്റൂ ചെയ്തയിടത്ത് പുതിയ ചര്‍മം വന്നു മൂടും.
എല്ലാവരുടേയും ചർമ്മം ഒരുപോലെ അല്ല. കട്ടികൂടുതലുള്ള ചർമ്മവും കട്ടി കുറവുള്ള ചർമ്മവും ഉണ്ട്. ലോലചർമ്മക്കാർക്ക് അലർജി സാധ്യത കൂടുതലാണ്. ടാറ്റൂ പതിക്കുമ്പോൾ ചർമ്മത്തിലുണ്ടാകുന്ന നേർത്ത മുറിവ് ഇത്തരം ചർമ്മക്കാർക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ചൊറിച്ചിൽ, തൊലിപ്പുറത്ത് തടിപ്പ് എന്നിവ ഉണ്ടാകാൻ സാധ്യത ഏറെയാണ്. ബാക്ടീരിയല്‍ ഇന്ഫെക്ഷന്, വൈറല്‍ ഇന്ഫെക്ഷന് അങ്ങനെ വിവിധതരം അണുബാധകള്‍ ടാറ്റൂ ചെയ്യുന്നതിലൂടെ ഉണ്ടായേക്കാം. വൈറല്‍ ഇന്ഫെക്ഷന് ബാധിക്കുന്നത് ടാറ്റൂ ചെയ്യുമ്പോള്‍ തൊലിപ്പുറത്ത് ഉണ്ടാകുന്ന ചെറിയ മുറിവ് വഴിയാണ്. അണുവിമുക്തമല്ലാത്ത ടാറ്റൂ സൂചി തന്നെയാണ് ഇതിനും കാരണം. ഹെപ്പറ്റിറ്റിസ് ബി, സി, എച്ച്.ഐ.വി എന്നിവയ്ക്കും ഇത് കാരണമായേക്കാം.
ഇന്ന് റോഡുസൈഡിൽ പോലും സുലഭമായി പച്ചകുത്തുന്നവരെ കണ്ടു വരുന്നു. കുറഞ്ഞചിലവിൽ ഇത്തരത്തിൽ പച്ച കുത്തികിട്ടുമെന്നതിനാൽ പലരും ഇതിനെ ആശ്രയിക്കാറുമുണ്ട്. എന്നാൽ ഒരേ സൂചി ഉപയോഗിച്ച് പലപലആളുകളുടെ ശരീരത്തിൽ കുത്തുന്നത് വളരെ അപകടകരമായ കാര്യമാണ്. പലപല അസുഖങ്ങൾ ഉള്ള ആളുകൾ ഉണ്ടാകും. അണുവിമുക്തമാക്കാതെ ഒരാൾക്ക് ഉപയോഗിച്ച അതേ സൂചി ഉപയോഗിച്ച് മറ്റുള്ളവർക്കും കുത്തുന്നത് നിരവധി അസുഖങ്ങൾ പിടിപെടുന്നതി കാരണമാവുന്നു. സ്കിന്‍ അലര്‍ജി, വിറയലോടെയുള്ള പനി, ടാറ്റു ചെയ്ത സ്ഥലത്ത് കഠിനമായ വേദന, ചുവന്നു തടിക്കുന്നത്, നീരൊലിപ്പ്, അമിത ദാഹം, ശരീരഭാഗങ്ങളില്‍ വേദന തുടങ്ങിയവ ടാറ്റു ചെയ്യുന്നതിലൂടെ ഉണ്ടാവുന്ന അണുബാധയുടെ ലക്ഷണമായി കണ്ടേക്കാം.
പലർക്കും ടാറ്റൂ പതിക്കുന്നത് ഒരു ഹോബി കൂടിയാണ്. ശരീരമാസകലം പച്ചകുട്ടിയവരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുമെന്നാണ് പറയുന്നത്. അസുഖങ്ങൾ എളുപ്പം വരികയും പോകാൻ പ്രയാസമനുഭവിക്കുകയും ചെയ്യുന്നു.
പല രാജ്യങ്ങളിലും മതവിശ്വാസങ്ങളിലും പച്ച കുത്തുന്നതിനെ ശക്തമായി എതിർക്കുന്നുണ്ട്. ശരീരത്തെ പരിശുദ്ധമല്ലാതാക്കുന്നു എന്നാണ് പറയുന്നത്. ചില രാജ്യങ്ങളിൽ പച്ചകുത്തുന്നതിന് പലവിധ പരിമികളുമുണ്ട്. ടർക്കി,ഇറാൻ,ശ്രീലങ്ക,യുഎഇ,ജപ്പാൻ,നോർത്ത് കൊറിയ,സൗത്ത് കൊറിയ എന്നിവിടങ്ങളെല്ലാം പച്ചകുത്തിനെ അംഗീകരിക്കുന്നില്ല.
പല സർക്കാർ ജോലികൾക്കും ശരീരത്തിൽ പച്ച കുത്തുന്നത് ഒരു തടസമല്ല. എന്നാൽ ഐഎസ്,ഐപിഎസ്,ഐആർഎസ്,ഐഎഫ്എസ്,ഇന്ത്യൻ ഡിഫൻസ് സർവീസ്,ആർമി,നേവി,എയർ ഫോഴ്സ് തുടങ്ങിയ ജോലികൾക്ക് പച്ച കുത്തുന്നത് തടസമായേക്കും.
പച്ച കുത്തിക്കഴിഞ്ഞാലും നല്ലപോലെ പരിചരണം ആവശ്യമാണ്. പച്ച കുത്തിക്കഴിഞ്ഞ് രണ്ട് മുതൽ മൂന്ന് ദിവസം വരെ തൊലിപ്പുറത്തുണ്ടായിട്ടുള്ള നേരിയ മുറിവ് ഉണങ്ങാൻ ടാറ്റൂ വിദഗ്ദന്റെ നിർദേശപ്രകാരമുള്ള ഓയിൻമെന്റ് പുരട്ടണം. പിന്നീട് ഒരാഴ്ചക്കാലം ബേബി ഓയിൽ പോലെ എന്തെങ്കിലും ഒരു ഓയിൽ പുരട്ടികൊടുക്കണം. പുതിയ ചർമ്മം വരുന്നതു വരെ പച്ച കുട്ടിയ ഭാഗത്ത് തേച്ചുരച്ച് കഴുകുന്നത് ഒഴിവാക്കണം. വെള്ളവും സോപ്പുമൊക്കെ ആകുന്നത് സൂക്ഷിച്ച് ചെയ്യണം. ടാറ്റൂ ചെയ്ത ഭാഗത്തുള്ള തടിപ്പും നിറവ്യത്യാസവുമെല്ലാം മൂന്ന് നാല് ദിവസത്തിൽ കൂടുതൽ നിൽക്കുകയാമെങ്കിൽ സ്കിൻ ഡോക്ടറെ കാണിക്കണം. ഒപ്പം ടാറ്റൂ ആർട്ടിന്റെ നിർദേശവും തേടാവുന്നതാണ്. ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെന്നതിൽ കൃത്യമായ തീരുമാനമുണ്ടാകണം.
English Summary: Must know these things about permanent tattoo
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.