10 September 2024, Tuesday
KSFE Galaxy Chits Banner 2

മുട്ടിമരംമുറിക്കേസ്: റോജി അഗസ്റ്റിന് ഉള്പ്പെടെ 35 പേര്ക്ക് ഏഴുകോടി പിഴയടക്കാന് നോട്ടീസ്

Janayugom Webdesk
കൽപ്പറ്റ
September 27, 2023 10:44 pm

മുട്ടില്മരംമുറിക്കേസില് മുഖ്യസൂത്രധാരനായ റോജി അഗസ്റ്റിന് ഉള്പ്പെടെ 35പേര്ക്ക് കേരള ലാന്ഡ് കണ്സര്വന്സി ആക്ട്(കെ.എല്.സി) പ്രകാരം പിഴയടക്കാന് റവന്യൂവകുപ്പ് നോട്ടീസ് നല്കി. 35കേസുകളിലായി ഏഴുകോടിയാണ് കണക്കാക്കിയിരിക്കുന്നത്. മുറിച്ചുകടത്തിയ മരത്തിന്റെ മൂന്നിരട്ടിയാണ് പിഴയ നിശ്ചയിച്ചിരിക്കുന്നത്. ഒരുമാസത്തിനകം തുക അടച്ചില്ലെങ്കില് സ്വത്തുക്കള് കണ്ടുകെട്ടുന്ന നടപടികളിലേക്ക് നീങ്ങും.റോജി അഗസ്റ്റിന് കബളിപ്പിച്ച ആദിവാസി വിഭാഗത്തില് പെട്ടവരുള്പ്പെടെയുള്ള കര്ഷകര്ക്കും നോട്ടീസ് നല്കിയിട്ടുണ്ട്. ആന്റോ അഗസ്റ്റിനും,ജോസ്കുട്ടി അഗസ്റ്റിനുമുള്പ്പെട്ട 27 എണ്ണത്തില് വനംവകുപ്പ് വില അന്തിമ നിശ്ചയിച്ച് നല്കാനുണ്ട്.അത് ലഭിക്കുന്നമുറക്ക് അവര്ക്കും നോട്ടീസ് നല്കും. ചിലകേസുകളിൽ വനംവകുപ്പ് ഒരുമിച്ചാണ് വിലനിശ്ചയിച്ച് നൽകിയത്. വീഴ്ചകളുള്ള റിപ്പോര്ട്ടുകൾ വനംവകുപ്പിന് തിരിച്ചയച്ചിട്ടുണ്ട്. തങ്ങളുടെ പേരില് വ്യാജ അപേക്ഷ തയാറാക്കിയാണ് റോജി അഗസ്റ്റിന് പട്ടയഭൂമിയിലെ മരംമുറിച്ചുകൊണ്ടുപോയതെന്ന് ആദിവാസികളുള്പ്പെടെ ഏഴുപേര് പോലീസിന് മൊഴിനല്കിയിരുന്നു.പക്ഷേ അവരെ കെ.എല്.സി.നടപടികളില് നിന്ന് ഒഴിവാക്കണമെങ്കില് സര്ക്കാറിന്റെ പ്രത്യേക ഉത്തരവിറങ്ങേണ്ടിവരും.

അതുവരെ നടപടി നേരിടേണ്ടിവരും. മീനങ്ങാടി പോലീസ് രജിസ്റ്റര് ചെയ്ത കേസ് പ്രകാരമാണ് റവന്യൂവകുപ്പ് നടപടി തുടങ്ങിയത്. ഭൂവുടമകള്ക്കും മരംവാങ്ങിയവര്ക്കുമെതിരെയെല്ലാം കെ.എല്.സി. ആക്ട് പ്രകാരം നടപടിയെടുത്തിട്ടുണ്ട്. 104മരങ്ങളാണ് മുട്ടില് സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളില് നിന്നായി അഗസ്റ്റിന് സഹോദരങ്ങള് ചേര്ന്ന് മുറിച്ചുകടത്തിയത്.574വര്ഷംവരെ പഴക്കമുള്ള മരങ്ങളാണ് പ്രതികള് മുറിച്ചത്.ഇതില് വനംവകുപ്പ് പിടിച്ചെടുത്തവ കുപ്പാടിയിലെ വനംവകുപ്പിന്റെ ഡിപ്പോയില് സൂക്ഷിച്ചിരിക്കുകയാണ്.കേസില് താനൂര് ഡി.വൈ.എസ്.പി. വി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രവും അടുത്തമാസം ആദ്യം കോടതിയില് സമര്പ്പിക്കും.അതിനൊപ്പം റവന്യൂ നടപടികള് കൂടെ ശക്തമാവുന്നതോടെ പ്രതികള്ക്ക് കുരുക്ക് മുറുകും. വ്യാജരേഖ ചമയ്ക്കല്,വഞ്ചനാകുറ്റം,പൊതുമുതല് നശിപ്പിക്കല് ഉള്പ്പെടെയുള്ള വകുപ്പുകളും കേസിലെ മുഖ്യപ്രതികളായ അഗസ്റ്റിന് സഹോദരങ്ങള്ക്കെതിരെ ചുമത്തിയിട്ടുണ്ട്.

മരംമുറി നടന്ന് രണ്ടുവർഷത്തിനു ശേഷമാണ് റവന്യൂവകുപ്പ് നടപടികൾ ആരംഭിക്കുന്നത്.കാലതാമസമുണ്ടാവുന്നുവെന്ന പരാതിയെതുടർന്ന് റവന്യൂമന്ത്രി കെ.രാജൻ ഇടപെടുകയായിരുന്നു. തുടർന്ന് ഒരു മാസത്തിനുള്ളിൽ നോട്ടീസ് നൽകാനുള്ള നപടികൾ പൂർത്തിയാക്കാൻ വയനാട് കളക്ടർ ഡോ.രേണുരാജ് റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Eng­lish sum­ma­ry; Mut­ti­maram­muri­ka case: Notice to 35 peo­ple includ­ing Roji August to pay Rs 7 crore fine

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.