മുസാഫര്‍പുര്‍ അഭയ കേന്ദ്രത്തിലെ പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവത്തിൽ പ്രധാന പ്രതി ബ്രജേഷ് ഠാക്കൂറടക്കം 19 പേര് കുറ്റക്കാരെന്ന് കോടതി. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സൗരഭ് കുല്‍ശ്രേഷ്ഠയാണ് വിധിച്ചത്.
കൂട്ട ബലാത്സംഗവും പോക്സോ കേസുകളുമാണ് പ്രതികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 19 പ്രതികളുടേയും ശിക്ഷ ഈ മാസം 28ന് രാവിലെ 10 മണിക്ക് പ്രഖ്യാപിക്കും. എട്ട് സ്ത്രീകളും 12 പുരുഷന്മാരുമാണ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഒരാളെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിൽ മുഹമ്മദ് സാഹിൽ എന്നയാളെയാണ് കോടതി വെറുതെ വിട്ടത്.
അതേസമയം പരമാവധി ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികളുടെ പേരിലുള്ളത്. അഭയ കേന്ദ്രം നടത്തിപ്പുകാരനായ ബിഹാര്‍ പീപ്പിള്‍സ് പാര്‍ട്ടി മുന്‍ എംഎല്‍എയായ ബ്രജേഷ് ഠാക്കൂറാണ് കേസിലെ മുഖ്യപ്രതി. കേസിൽ സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്ന ബ്രജേഷ് താക്കൂറിന്റെ വാദം ജഡ്ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.