12 June 2024, Wednesday

കാറ്റിലും കോളിലും ഭയപ്പെടേണ്ട; തീരത്തിന് മുസിരീസിന്റെ സുരക്ഷയുണ്ട്

Janayugom Webdesk
കൊച്ചി
August 18, 2021 8:20 pm

മുസിരിസിന്റെ തീരദേശത്തിന് ഇനി മുസിരിസ് പൈതൃക പദ്ധതിയുടെ ‘സുരക്ഷ’. കാറ്റിലും കോളിലും പ്രതിസന്ധികളെ മറികടന്ന് രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന അത്യാധുനിക സുരക്ഷാ ബോട്ടുകൾ നീറ്റിലിറക്കുകയാണ് മുസിരിസ് പൈതൃക പദ്ധതി. ആദ്യഘട്ടമെന്ന നിലയിൽ നാല് പേർക്ക് വീതമിരിക്കാവുന്ന സ്പീഡ് ബോട്ടുകളിലൊന്ന് കോട്ടപ്പുറം കായലിൽ ഇറക്കിക്കഴിഞ്ഞു. 90 എച്ച് പി എഞ്ചിനും 25 നോട്ട് വേഗതയോട് കൂടിയതുമായ ബോട്ടാണ് നീറ്റിലിറങ്ങിയത്. കേരള ഷിപ്പിങ് ഇന്‍ലാൻ്റ് നാവിഗേഷന്‍ കേര്‍പറേഷന്‍ കമേഴ്‌സ്യൽ മാനേജർ സിറിൽ എബ്രഹാമിൽ നിന്ന് സുരക്ഷാ ബോട്ട് അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഏറ്റുവാങ്ങി.

രണ്ട് ഘട്ടങ്ങളിലായി എട്ട് ബോട്ടുകളാണ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങുന്നത്. ആദ്യഘട്ടത്തിൽ 3.13 കോടി ചെലവഴിച്ച് നാല് ബോട്ടുകളാണ് നീറ്റിലിറക്കുക. സുരക്ഷാപ്രവർത്തനങ്ങൾക്കൊപ്പം സഞ്ചാരികൾക്കും യാത്രചെയ്യാൻ സൗകര്യപ്രദമായ രീതിയിലാണ് ഇതിന്റെ നിർമാണം. കേരള ഷിപ്പിങ് ഇന്‍ലാൻറ് നാവിഗേഷന്‍ കേര്‍പറേഷനാണ് നിർമാണച്ചുമതല.

2018ലെ പ്രളയം മുസിരിസിന്റെ പ്രാന്തപ്രദേശങ്ങളെ ഗണ്യമായി ബാധിച്ചിരുന്നു. വാട്ടർ ടാക്സികളടക്കം 11 ബോട്ടുകളാണ് മുസിരിസ് പൈതൃക പദ്ധതിയുടെ ജലപാതയിലുള്ളത്. മേഖലയിൽ അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളും സമീപത്തെവിടെയും ഇല്ല. അഴീക്കോട് മുതൽ ചേറ്റുവ വരെയുള്ള കടലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഫിഷറീസ് വകുപ്പ് വാടകയ്ക്കെടുത്ത മീൻപിടിത്ത ബോട്ടും അഴീക്കോട് തീരദേശ പൊലീസിന്റെ രണ്ട് നിരീക്ഷണ ബോട്ടുകളും മാത്രമാണുള്ളത്. ഈ സന്ദർഭത്തിലാണ് സുരക്ഷാ ബോട്ടുകൾ എന്ന ആശയത്തിന് അധികൃതർ രൂപം നൽകുന്നത്. മുസിരിസിന്റെ പുതിയ സുരക്ഷാ ബോട്ട് കടലിലെ അപകടങ്ങളിലും ഉപയോഗപ്പെടുത്തുവാൻ കഴിയും. വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ മുസിരിസ് ജലപാതയിലെ മുഴുവൻ ബോട്ടുകളും അറ്റകുറ്റപ്പണികളും പെയിൻ്റിങും നടത്തി ആകർഷകമാക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ് അറിയിച്ചു.

കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൺ എം യു ഷിനിജ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, കൗൺസിലർ എൽസി പോൾ, പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ്, മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുത്തു.

Eng­lish sum­ma­ry; Muziris ‘secu­ri­ty’ on the coast

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.