മുസഫര്‍നഗര്‍ കലാപ ഇരകള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ആംനസ്റ്റി

Web Desk
Posted on September 09, 2018, 8:48 pm

ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ കലാപ ഇരകള്‍ക്ക് അഞ്ച് വര്‍ഷമായിട്ടും നീതി ലഭിച്ചില്ലെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. 2013ല്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലും ഷംലിയിലും ഉണ്ടായ കലാപങ്ങളുടെ ഇരകള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പുനരധിവാസ പദ്ധതികള്‍ എങ്ങുമെത്തിയില്ലെന്നും അവര്‍ നീതിക്കായി യാചിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

സ്വന്തം ഭവനങ്ങളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവര്‍ ഇപ്പോഴും ഒറ്റപ്പെട്ട കോളനികളില്‍ ഭീതിയോടെ കഴിയുകയാണ്. സുരക്ഷ നഷ്ടപ്പെട്ട കോളനികളില്‍ സ്ത്രീകളും കുട്ടികളും കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നതായും ആംനസ്റ്റി വെളിപ്പെടുത്തി. -‘ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇരകളെ മറന്ന അവസ്ഥയാണ്. ഇത് തീര്‍ത്തും നിരാശയുണ്ടാക്കുന്നതും അസ്വീകാര്യവുമാണ്’ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ പ്രോഗ്രാം ഡയറക്ടര്‍ അസ്മിത ബസു പറഞ്ഞു. ഇരകളെ പുനരധിവസിപ്പിക്കുകയും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്യുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല. കൂട്ടബലാത്സംഗത്തിന് ഇരയായ പല സ്ത്രീകളും ഭീതി കാരണം പരാതിപ്പെടാന്‍പോലും തയാറാകുന്നില്ല. എന്നാല്‍ ഏഴ് ധീരരായ സ്ത്രീകള്‍ പരാതിപ്പെട്ടെങ്കിലും നീതി ലഭിച്ചിട്ടില്ല. ഇവര്‍ ഇപ്പോഴും ഭീഷണിയുടെ നിഴലിലാണെന്നും ബസു വ്യക്തമാക്കി.
‘എനിക്ക് നീതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. വര്‍ഷങ്ങളായിട്ടും ആരും കുടുംബത്തെ സഹായിക്കാന്‍ എത്തിയിട്ടില്ല. ഇപ്പോള്‍ ഞാന്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സുരക്ഷയാണ് ശ്രദ്ധിക്കുന്നത്’-ഇരയായ സ്ത്രീ ആംനസ്റ്റിയോട് പറഞ്ഞു. കലാപത്തിന്റെ ഇരകള്‍ സാമൂഹിക സമ്മര്‍ദങ്ങള്‍ക്കൊപ്പം രാഷ്ട്രീയ സമ്മര്‍ദങ്ങളും നേരിടുകയാണെന്ന് മുസഫര്‍നഗറിലെ സാമൂഹിക പ്രവര്‍ത്തക രഹാന അദീബ് പറഞ്ഞു. ബലാത്സംഗം ചെയ്തവര്‍ ഇപ്പോഴും മാന്യന്മാരായി വിലസുകയാണ്. ഇരകളില്‍ പലര്‍ക്കും പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്യുകയും ചിലര്‍ സ്വീകരിക്കുകയും ചെയ്തതായി അവര്‍ കൂട്ടിച്ചേര്‍ത്തു.