Web Desk

കണ്ണൂൂർ

January 25, 2021, 4:05 pm

എം വി ജയരാജൻ തീവ്രപരിചരണവിഭാഗത്തിൽ: ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല

Janayugom Online

പരിയാരം: കോവിഡ് ന്യുമോണിയ കാരണം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ തുടരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം എൽ എ യും സ്ഥാപനം സഹകരണ മേഖലയിൽ ആയിരുന്ന ഘട്ടത്തിൽ ചെയർമാനുമായിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. കോവിഡ് ബാധിച്ച ജയരാജനു ന്യൂമോണിയ പിടിപെട്ടു. പ്രമേഹവും വർധിച്ചിട്ടുണ്ട്. ശ്വസിക്കുന്ന ഓക്സിജന്റെ അളവ് കുറവായതിനാൽ പ്രത്യേക സി-പാപ്പ് ഓക്സിജൻ മെഷീൻ ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസ നൽകുന്നത്. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നിർദ്ദേശപ്രകാരം, കോഴിക്കോട് നിന്നുള്ള ക്രിറ്റിക്കൽ കെയർ വിദഗ്ദരായ ഡോ എ എസ് അനൂപ് കുമാർ, ഡോ പി. ജി രാജു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം രാവിലെ അദ്ദേഹത്തെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗ തിയുണ്ടെങ്കിലും കോവിഡ് ന്യുമോണിയ ആയതിനാൽ ഗുരുതരസ്ഥിതി കണക്കാക്കിത്തന്നെ ചികിത്സ തുടരണമെന്ന് മെഡിക്കൽ സംഘം റിപ്പോർട്ട് ചെയ്തു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോൾ നൽകിവരുന്ന ചികിത്സ തുടരുന്നതിന് മെഡിക്കൽസംഘം നിർദ്ദേശം നൽകി. ഇന്ന് വൈകീട്ടോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ വിദഗ്ദരായ ഡോ സന്തോഷ് കുമാർ എസ്എസ് ഡോ അനിൽ സത്യദാസ് എന്നിവരുടെ നേതൃത്വത്തി ലുള്ള മെഡിക്കൽ സംഘവും ജയരാജനെ പരിശോധിക്കും. ആരോഗ്യമന്ത്രി ആശുപത്രി നേരിട്ടെത്തി ഇന്നലെ രാത്രി 11.30 മണിയോടെ വിളിച്ചുചേർത്ത പ്രത്യേക മെഡിക്കൽ ബോർഡ് യോഗം സ്ഥിതി വിലയിരുത്തുകയും ചെയ്തു. പ്രിൻസിപ്പാൾ ഡോ കെ എം കുര്യാക്കോസ് ചെയർമാനും മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ് കൺവീനറും വിവിധ വിഭാഗങ്ങളിലെ പ്രധാന ഡോക്ടർമാരും അടങ്ങിയ പ്രത്യേക മെഡിക്കൽ സംഘമാണ് പരിയാരത്ത് അദ്ദേഹത്തെ ചികിത്സിക്കുന്നത്.