”എന്റെ മതം കൊല്ലാനുള്ളതാണ്”

Web Desk
Posted on June 17, 2018, 9:55 pm

”മതത്തെ രക്ഷിക്കാന്‍ ഒരാളെ കൊല്ലണമെന്ന് അവര്‍ എന്നോടാവശ്യപ്പെട്ടു”- പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസില്‍ പിടിയിലായ മുഖ്യപ്രതി പരശുറാം വാഗ്‌മോറിന്റെ മൊഴിയാണിത്. മതങ്ങള്‍ക്ക് വേണ്ടി കൊല നടത്താനുള്ള ആഹ്വാനം നല്‍കുന്നവര്‍ മതഭീകരവാദികളാണ്. മതമൗലികവാദികളം യാഥാസ്ഥിതിക മതചിന്തകരും അവരുടെ ഇംഗിതം നടപ്പിലാക്കുന്ന പൗരോഹിത്യവും ലോകത്തെവിടെയും നടപ്പിലാക്കുന്ന കൊലകള്‍ക്ക് കയ്യും കണക്കുമില്ല. ലോകമഹായുദ്ധങ്ങളെക്കാള്‍ എത്രയോ ഇരട്ടി ജനങ്ങളെയാണ് മതങ്ങളുടെ പേരില്‍ കൊല ചെയ്തിട്ടുള്ളത്. ഇസ്ലാം മതതീവ്രവാദികളും ഭീകരവാദികളും ഐഎസിന്റെയും അല്‍ഖ്വയ്ദ പോലുള്ള പല സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തുന്ന അരുംകൊലകള്‍ ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇസ്രയേല്‍ പലസ്തീന്‍ ജനതയോട് കാട്ടുന്നതും ഇതേ തീവ്രവാദ ഉന്മൂലന നടപടിയാണ്.

എന്നാല്‍ നമ്മുടെ രാജ്യത്ത് മതത്തെ സംരക്ഷിക്കാന്‍ കൊല നടത്തുക എന്നത് ഈ അടുത്തകാലത്ത് മാത്രം ശക്തിപ്രാപിച്ച ഒന്നാണ്. ഒരിക്കലും ഒരു ഏകമത രാഷ്ട്രമല്ലാത്ത, ബഹുസ്വരതയും നാനാത്വങ്ങളും സജീവത കൈവരിച്ച നമ്മുടെ രാജ്യത്തെ കൊലവെറിയന്മാരുടെ ഭീകരഭൂമിയാക്കി മാറ്റാന്‍ ബിജെപി തുടങ്ങിവച്ച രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പരിണതഫലമാണിത്. ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കുക എന്ന അജന്‍ഡ തെരഞ്ഞെടുപ്പു വേളകളില്‍ ഉയര്‍ത്തിപ്പിടിച്ച് ഭൂരിപക്ഷ സമൂഹത്തെ ഭിന്നിപ്പിക്കാനും അതുവഴി ഭരണം പിടിച്ചെടുക്കാനും ബിജെപി നടത്തിയ ഹീനശ്രമങ്ങളുടെ ഫലമായാണ് ഇതൊക്കെ ഇവിടെ സംഭവിച്ചിരിക്കുന്നത്.

ഗൗരി ലങ്കേഷിന്റെതടക്കം ഇത്തരത്തില്‍ നടന്ന അരുംകൊലകളില്‍ ബിജെപി സ്വീകരിച്ച ബോധപൂര്‍വമായ മൗനവും നിസംഗതയും കൊലകളില്‍ അവര്‍ക്കുള്ള പങ്ക് വെളിവാക്കുന്നതാണ്. ശ്രീരാമസേന, ഹിന്ദുജാഗ്രതി സമിതി, സനാതന്‍ സന്‍സ്ഥ തുടങ്ങിയ ഹിന്ദുതീവ്രവാദ സംഘടനകള്‍ കൊലകള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ ഇവരുടെയെല്ലാം വേരുകള്‍ ബിജെപിയുടെ സമുന്നതരിലാണെന്നതാണ് വസ്തുത. ബിജെപി എംപിമാരും എംഎല്‍എമാരും എന്തിനധികം ദേശീയ അധ്യക്ഷന്‍ അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്രമോഡിയും തന്നെ ഇക്കാര്യത്തില്‍ പ്രതികൂട്ടിലാണിന്ന്. ആര്‍എസ്എസ്, ബജ്‌രംഗദള്‍, വിശ്വഹിന്ദുപരിഷത് തുടങ്ങിയ സംഘടനകള്‍ കേന്ദ്രഭരണം നിയന്ത്രിക്കുന്ന സാഹചര്യത്തില്‍ ഹിന്ദുതീവ്രവാദം പ്രചരിപ്പിക്കുന്ന മറ്റ് സംഘടനകള്‍ക്ക് കൊല നടത്താനും അക്രമം നടത്താനും നിഷ്പ്രയാസം കഴിയും. അവര്‍ ബിജെപിയുടെ ബിനാമിമാരാണ്. അതുകൊണ്ടാണ് കൊലകള്‍ക്കെതിരെ കേന്ദ്രഭരണം കയ്യാളുന്ന ബിജെപിയോ പ്രധാനമന്ത്രി മോഡി തന്നെയോ ഒരു പ്രതികരണവും നടത്താത്തത്. സിപിഐ നേതാവായ ഗോവിന്ദ് പന്‍സാരയുടെയും, നരേന്ദ്ര ധബോല്‍ക്കറുടെയും, കല്‍ബുര്‍ഗിയുടെയും ക്രൂര കൊലപാതകങ്ങളില്‍ ഒരു നടപടിയും ഇല്ലാതായതും അതുകൊണ്ട് തന്നെയാണ്. പ്രതികള്‍ക്ക് ബിജെപിയുമായുള്ള ഗാഢബന്ധം കൊലകള്‍ തടസം കൂടാതെ നടത്താനുള്ള ലൈസന്‍സ് നല്‍കുന്നു. രാജ്യത്തെ ഏറ്റവും പ്രഗത്ഭരും സാത്വികരും പണ്ഡിതന്മാരുമായ മനുഷ്യസ്‌നേഹികള്‍ അരുംകൊല ചെയ്യപ്പെട്ടിട്ടും ഒരു ഖേദം പ്രകടിപ്പിക്കാന്‍ പോലും പ്രധാനമന്ത്രി തയാറാവാതിരുന്നതിനുള്ള വ്യക്തമായ മറുപടി ഗൗരി ലങ്കേഷിന്റെ കൊലയാളിയുടെ മൊഴിയിലുണ്ട്- മതത്തെ സംരക്ഷിക്കാന്‍ കൊല നടത്തി എന്ന കുറ്റസമ്മതത്തില്‍.

മതമെന്നതുകൊണ്ട് ആര്‍എസ്എസ് ഗോദയില്‍ പരിശീലനം നേടിയ ശ്രീരാമസേന പ്രവര്‍ത്തകന്‍ അര്‍ത്ഥമാക്കുന്ന് ഹിന്ദുമതമെന്നാണ്. ഭൂരിപക്ഷ ഹിന്ദുമത വിശ്വാസികള്‍ക്ക് വേണ്ടി കൊല നടത്താന്‍ ആരാണ് ഇവരെ ചുമതലപ്പെടുത്തിയിരിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ രാജ്യത്തെ ആദ്യത്തെ രക്തസാക്ഷിയുടെ ദാരുണാന്ത്യം ഓര്‍മിപ്പിക്കാതിരിക്കാനാകില്ല. രാഷ്ട്രപിതാവ് ഗാന്ധിജിയെ ആര്‍എസ്എസുകാരനായ നാഥുറാം ഗോഡ്‌സെ വെടിവച്ചുകൊന്നതും ഹിന്ദുമതത്തിന് വേണ്ടിയായിരുന്നു. ആ രക്തക്കറയുമായി രാജ്യത്തെ മതേതരജനാധിപത്യ ബോധത്തിന്റെ വിരിമാറിലൂടെ അവര്‍ ദശാബ്ദങ്ങള്‍ക്കുശേഷം ഭരണ സിരാകേന്ദ്രത്തിലേക്ക് നടന്നുകയറി എന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അവര്‍ അതിന് സ്വീകരിച്ച മതവര്‍ഗീയവാദ പ്രചരണത്തിന് ഇന്ത്യന്‍ രാഷ്ട്രീയമണ്ഡലത്തില്‍ വേരോട്ടമുണ്ടാക്കാന്‍ പല പ്രതികൂല സാഹചര്യങ്ങളുംകൊണ്ട് കഴിഞ്ഞു എന്നത് ദൗര്‍ഭാഗ്യകരമായ ഒന്നായിപോയി. അതിനുള്ള വലിയ വിലയാണ് രാജ്യം കൊടുത്തുകൊണ്ടിരിക്കുന്നത്. രക്തസാക്ഷികളാക്കപ്പെട്ട പ്രമുഖരുടെ ധീരമായ നിലപാടുകള്‍ നെഞ്ചേറ്റിക്കൊണ്ട് ഹിന്ദുവര്‍ഗീയ ഫാസിസത്തെ ശക്തമായി ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ട്. കൊലയാളികള്‍ക്ക് കേന്ദ്രഭരണകൂടം നല്‍കുന്ന സംരക്ഷണം അധികാരത്തിന്റെ ഹുങ്കിലാണ്. സവര്‍ണഹൈന്ദവതയുടെ വക്താക്കളായ ഈ ഫാസിസ്റ്റുകള്‍ ഭൂരിപക്ഷജനതയുടെ പേരില്‍ നടത്തുന്ന കൊടുംക്രൂരതകള്‍ അവസാനിപ്പിച്ചേ മതിയാകൂ. ദിഗ്‌വിജയ്‌സിങ് ചൂണ്ടിക്കാട്ടിയതുപോലെ ഇവര്‍ ഹിന്ദു തീവ്രവാദികളല്ല, സംഘി ഭീകരവാദികളാണ്. കാരണം ഹൈന്ദവദര്‍ശനം കൊലയ്ക്കും ഹിംസയ്ക്കും എതിരായി ജന്മംകൊണ്ടതാണ്. അഹിംസയും സഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണ് ഹൈന്ദവതയുടെ മുഖമുദ്ര.

ഓംകാരമന്ത്രം ഉരുവിടുന്ന, വിഭിന്ന ദര്‍ശനങ്ങള്‍ക്ക് വിളഭൂമിയായ ഹൈന്ദവസംസ്‌കാരത്തെ കൊലയാളികളുടെ കൂടാരമാക്കി മാറ്റാന്‍ ബിജെപി എത്ര ശ്രമിച്ചാലും വിജയിക്കാന്‍ പോകുന്നില്ല. ഭൂരിപക്ഷ ഹൈന്ദവമത കൊലയാളികളെ പരിപോഷിപ്പിക്കുന്ന ബിജെപിയെ തകര്‍ത്തെറിയുക തന്നെ ചെയ്യും.