Web Desk

ഐസ്വാൾ:

March 18, 2021, 8:22 am

മ്യാന്‍മര്‍ അഭയാര്‍ത്ഥികളെ ഉടൻ തിരിച്ചയക്കില്ല: മിസോറാം എംപി

Janayugom Online

സൈനിക അട്ടിമറിയെ തുടർന്ന് മ്യാൻമറിൽ നിന്നെത്തിയ 400ഓളം അഭയാർത്ഥികളെ ഉടൻ തിരിച്ചയക്കാൻ സാധിക്കില്ലെന്ന് മിസോറാം എംപി. മ്യാൻമറിൽ നിന്നെത്തിയ അഭയാർത്ഥികളെ ഉടൻ തിരിച്ചയക്കണമെന്നുള്ള കേന്ദ്രത്തിന്റെ നിർദ്ദേശത്തോട് യോജിക്കാൻ സാധിക്കില്ലെന്ന് എംപി വാൻലാൽവേന രാജ്യസഭയിലെ ശൂന്യവേളയിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ജനാധിപത്യ അവകാശങ്ങളും തത്വങ്ങളും സംരക്ഷിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനുമുള്ള ഏതൊരു പോരാട്ടത്തെയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. 

സംസ്ഥാന മുഖ്യമന്ത്രിയായ സോറാംതംങ്ങും കഴിഞ്ഞ ദിവസം സമാനമായ വാദം ഉന്നയിച്ചിരുന്നു. മ്യാൻമറിൽ നിന്നെത്തിയ 400പേരിൽ ഗർഭിണികളും കുട്ടികളും ഉൾപ്പെടുന്നു. മിസോറാം സർക്കാർ ദേശീയ മനുഷ്യാവകാശ കമ്മിഷന് നിവേദനം അയച്ചിട്ടുണ്ടെന്നും മ്യാൻമറിലെ സ്ഥിതി ശാന്തമാകുമ്പോൾ ഇവരെ തിരിച്ചയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമവിരുദ്ധമായ വരവ് തടയാൻ സംസ്ഥാന സർക്കാരും അസം റൈഫിൾസും പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും മാനുഷിക പരിഗണനയില്‍ മ്യാൻമർ പൗരന്മാരുടെ വരവ് തടയാൻ കഴിയില്ലെന്നും സംസ്ഥാന ആഭ്യന്തര ഉദ്യോഗസ്ഥർ പറഞ്ഞു.

ENGLISH SUMMARY:Myanmar refugees will not be deport­ed soon: Mizo­ram MP
You may also like this video