17 June 2024, Monday

മൈസുരു കൂട്ടബലാത്സംഗം: 6.30ക്ക് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന വിചിത്ര സര്‍ക്കുലറുമായി മൈസൂര്‍ സര്‍വ്വകലാശാല

Janayugom Webdesk
August 28, 2021 1:52 pm

മൈസുരുവില്‍ കോളേജ് വിദ്യാര്‍ത്ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥിനികള്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് മൈസൂര്‍ സര്‍വ്വകലാശാല. വൈകീട്ട് 6.30 ന് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന നിബന്ധനയാണ് സര്‍വ്വകലാശാല പുറപ്പെടുവിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കാണെന്നതാണ് ഇതിനായി നിരത്തുന്ന കാരണം. അതേസമയം ആണ്‍കുട്ടികള്‍ക്കായി യാതൊരുവിധ നിര്‍ദ്ദേശങ്ങളോ നിബന്ധനകളോ പുറപ്പെടുവിച്ചിട്ടില്ല. 6.30 ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെണ്കുട്ടികള്‍ പോകുന്നത് വിലക്കിയാണ് യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഓര്‍ഡര്‍ ഇറക്കിയിരിക്കുന്നത്. 

സെക്യൂരിറ്റീ ജീവനക്കാര്‍ വൈകിട്ട് ആറ് മുതല്‍ രാത്രി 9 വരെ പ്രദേശം നിരീക്ഷിക്കണമെന്നും പട്രോള്‍ നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. വിജനമായ സ്ഥലങ്ങളുള്ള ഈ ക്യാംപസിലെ പെണ്‍കുട്ടികളെക്കുറിച്ചുള്ള ആകുലത പൊലീസ് വകുപ്പ് ഉന്നയിച്ചതോടെയാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് ഐ എ എന്‍ എസിന് നല്‍കിയ അഭിമുഖത്തില്‍ ഓര്‍ഡറിനെ കുറിച്ച് കോളേജ് വൈസ് ചാന്‍സലര്‍ പറയുന്നത്. വിജനമായ സ്ഥലത്തേക്ക് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പോകരുതെന്നതാണ് സര്‍ക്കുലറുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 24ന് രാത്രി ഏഴരയോടെയാണ് സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.സംഭവത്തില്‍ തിരുപ്പതി സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റിലായി. മൈസൂരിലെ പഴക്കച്ചവടക്കാരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കേസില്‍ മലയാളി വിദ്യാർത്ഥികൾ അടക്കം 35 പേരെ ചോദ്യം ചെയ്തിരുന്നു. ബൈക്കിലെത്തിയ പെണ്‍കുട്ടിയുടെ സുഹൃത്തിനെയും കല്ലുകൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെട്ടത് സുഹൃത്ത് എതിര്‍ത്തതോടെ ആക്രമിക്കുകയായിരുന്നു. പുലര്‍ച്ചെ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.തീവ്രപരിചരണ വിഭാഗത്തിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്.
eng­lish summary;Mysore gang rape updates
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.