20 April 2024, Saturday

ഡല്‍ഹി നിയമസഭാ മന്ദിരത്തില്‍ ചെങ്കോട്ടവരെ നിഗൂഢ തുരങ്കം

Janayugom Webdesk
ന്യൂഡല്‍ഹി
September 3, 2021 8:55 pm

ഡല്‍ഹി നിയമസഭാ മന്ദിരത്തില്‍ നിന്ന് റെഡ് ഫോര്‍ട്ട് വരെ നീണ്ടുപോകുന്ന നിഗൂഢമായ തുരങ്കം കണ്ടെത്തി. ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയലാണ് തുരങ്കം കണ്ടെത്തിയ വിവരം അറിയിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് എതിര്‍പ്പ് ഒഴിവാക്കാന്‍ സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമാണ് ഈ പാത പ്രയോജനപ്പെടുത്തിയിരുന്നതെന്ന് കരുതുന്നതായി ഗോയല്‍ അഭിപ്രായപ്പെട്ടു. 1993ല്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ തന്നെ അസംബ്ലി മന്ദിരത്തില്‍ തുരങ്കമുള്ളതായി കേട്ടിരുന്നു. 

എന്നാല്‍ ചരിത്രത്തില്‍ ഇക്കാര്യത്തെ കുറിച്ച് വലിയ വിശദീകരണങ്ങളില്ലെന്നും സ്പീക്കര്‍ ഗോയല്‍ വ്യക്തമാക്കി. തുരങ്കമുഖമാണ് കണ്ടെത്തിയത്. കാലപഴക്കം കൊണ്ട് തുരങ്കം നശിച്ചിരിക്കുകയാണ്. അതിനാല്‍ കൂടുതല്‍ കുഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം 1912ലാണ് കൊല്‍ക്കത്തയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുന്നത്. ശേഷം സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലി ആയാണ് ഈ മന്ദിരം ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് 1926ല്‍ ഈ മന്ദിരം കോടതിയാക്കി മാറ്റി. 

സ്വാതന്ത്ര്യസമര സേനാനികളെ ഈ കോടതിയിലേക്ക് കൊണ്ടുവരുന്നതിന് ബ്രിട്ടീഷുകാര്‍ ഈ തുരങ്കം ഉപയോഗിച്ചിരുന്നതായും ഗോയല്‍ പറഞ്ഞു. ഇവിടെ കഴുമരമുള്ള മുറിയെ കുറിച്ച്‌ നമുക്കെല്ലാം അറിവുണ്ട്. പക്ഷെ അത് ഇതുവരെ തുറന്നിട്ടില്ല. കഴുമരമുള്ള മുറി അടുത്ത സ്വാതന്ത്ര്യദിനം മുതല്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തേക്കുമെന്നും ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:Mysterious tun­nel to the Red Fort in the Del­hi Assem­bly building
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.